മലയാള സിനിമയിലെ നര്‍മബോധമുള്ള വില്ലനായി അറിയപ്പെടുന്ന സ്വഭാവ നടനായിരുന്നു രാജന്‍ പി.ദേവ്. പ്രൊഫഷണല്‍ നാടക നടനായും പിന്നീട് തെന്നിന്ത്യന്‍ ചലച്ചിത്ര അഭിനേതാവായും ഒരേപോലെ തിളങ്ങിയ കലാകാരനായിരുന്നു അദ്ദേഹം. കാട്ടുകുതിര എന്ന നാടകത്തിലെ ഏറെ പ്രശസ്തനായ കൊച്ചുബാവ എന്ന കഥാപാത്രമായി അഭിനയിച്ചാണ് അദ്ദേഹം മലയാള സിനിമയിലെത്തിയത്.
രാജന്‍ പി. ദേവിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഷാഫി. രാജന്‍ പി. ദേവ് കരിയറില്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 505 ല്‍ പരവും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അതില്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത് ആകെ മൂന്ന് കഥാപാത്രങ്ങളായിരുന്നെന്ന് ഷാഫി പറയുന്നു.
തൊമ്മനും മക്കളും എന്ന സിനിമയിലെ കഥാപാത്രവും ഇന്ദ്രജാലം സിനിമയിലെ കാര്‍ലോസ് എന്ന വേഷവും അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയിലെ കഥാപാത്രമാണ് അവ മൂന്നെണ്ണമെന്നും ഷാഫി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഷാഫി.
‘രാജേട്ടന്‍ (രാജന്‍ പി.ദേവ്) തമിഴിയിലും തെലുങ്കിലും മലയാളത്തിലുമൊക്കെയായി അത്രയും സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ പുള്ളി പറഞ്ഞത് ‘ഈ 505 സിനിമകള്‍ അഭിനയിച്ചതില്‍ എനിക്ക് എടുത്ത് പറയാനായിട്ട് ആകെ മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്’ എന്നാണ്. ഒന്ന് അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയിലെ അനിയന്‍ ബാവയുടെ വേഷം, മറ്റൊന്ന് കാര്‍ലോസ്, പിന്നെ തൊമ്മനും മക്കളിലെയും വേഷവും.
അതില്‍ എനിക്ക് തോന്നിയത് അദ്ദേഹത്തിന് മനസ് കൊണ്ട് ഏറ്റവും ഇഷ്ടപെട്ടത് തൊമ്മനും മക്കളും എന്ന സിനിമയിലെ കഥാപാത്രമാണ്. തൊമ്മന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ഞങ്ങള്‍ ആദ്യം ഉദ്ദേശിച്ച ഗെറ്റപ്പ് വേറെ ആയിരുന്നു. മുടി വെട്ടി വെട്ടി വല്ലാത്തൊരു കോലം ആയിട്ടുണ്ടായിരുന്നു.
അവസാനം രാജേട്ടന്‍ തന്നെയാണ് പറഞ്ഞത് മൊട്ടയടിക്കാമെന്ന്. അങ്ങനെ മൊട്ടയടിച്ച് ആ കട്ടി മീശ കൂടെ വെച്ചപ്പോള്‍ വല്ലാത്തൊരു ഓമനത്തം തോന്നാന്‍ തുടങ്ങി. തൊമ്മന്‍ എന്ന ക്യാരക്ടറിന് വല്ലാത്തൊരു കുസൃതി ഉണ്ടല്ലോ. പിന്നെ പെര്‍ഫോമനസിന്റെ കാര്യം എടുത്ത് പറയേണ്ട ആവശ്യം ഇല്ലാലോ,’ ഷാഫി പറഞ്ഞു.
തൊമ്മനും മക്കളും എന്ന കഥാപാത്രം ലഭിച്ചതില്‍ രാജന്‍ പി. ദേവ് വളരെ സന്തോഷവാനായിരുന്നെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. അദ്ദേഹത്തിന് താന്‍ നല്‍കിയ ഗുരുദക്ഷിണയാണ് ആ ചിത്രമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നെന്നും ബെന്നി പി. നായരമ്പലം കൂട്ടിച്ചേര്‍ത്തു.
‘ഒരു സൈഡില്‍ മമ്മൂക്കയും അടുത്ത് ലാലും. ടൈറ്റില്‍ റോളും ആയിരുന്നല്ലോ. ഞാന്‍ അദ്ദേഹത്തിന് നല്‍കിയ ഗുരുദക്ഷിണയാണ് ആ ചിത്രമെന്ന ഇടക്കിടക്ക് പറയുമായിരുന്നു,’ ബെന്നി പി. നായരമ്പലം പറഞ്ഞു.
Content Highlight: Director Shafi Talks About Rajan P Dev