മലയാള സിനിമയിലെ നര്‍മബോധമുള്ള വില്ലനായി അറിയപ്പെടുന്ന സ്വഭാവ നടനായിരുന്നു രാജന്‍ പി.ദേവ്. പ്രൊഫഷണല്‍ നാടക നടനായും പിന്നീട് തെന്നിന്ത്യന്‍ ചലച്ചിത്ര അഭിനേതാവായും ഒരേപോലെ തിളങ്ങിയ കലാകാരനായിരുന്നു അദ്ദേഹം. കാട്ടുകുതിര എന്ന നാടകത്തിലെ ഏറെ പ്രശസ്തനായ കൊച്ചുബാവ എന്ന കഥാപാത്രമായി അഭിനയിച്ചാണ് അദ്ദേഹം മലയാള സിനിമയിലെത്തിയത്.
രാജന്‍ പി. ദേവിന് ലോലിപോപ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ കാഴ്ചക്ക് പരിമിതി ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് ആരെയും അറിയിച്ചില്ലെന്നും സംവിധായകന്‍ ഷാഫി പറയുന്നു. സെറ്റിലുള്ളവര്‍ക്ക് മനസിലാകാത്ത വിധം രാജന്‍ പി. ദേവ് അത് മാനേജ് ചെയ്തെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. അമൃത ടീ.വിയോട് സംസാരിക്കുകയായിരുന്നു ഷാഫി.
‘ബെന്നി പി. നായരമ്പലം എഴുതി ഞാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലോലിപോപ്. ആ സിനിമയില്‍ നല്ല ഒരു വേഷമാണ് രാജേട്ടന്‍ (രാജന്‍ പി. ദേവ്) ചെയ്തിരിക്കുന്നത്. ഭയങ്കര പൈസക്കാരന്‍ ആയിട്ടുള്ളൊരു അച്ഛന്റെ വേഷം. ആ സമയത്തൊക്കെ രാജേട്ടന് അസുഖങ്ങള്‍ തുടങ്ങിയിരുന്നു. ശരിക്കും പറഞ്ഞാല്‍ കാഴ്ചയുണ്ടായിരുന്നില്ല. എന്നാല്‍ അത് സെറ്റിലുള്ള ആര്‍ക്കും മനസിലാകാത്ത വിധം അദ്ദേഹം മാനേജ് ചെയ്തിരുന്നു.
അപ്പോള്‍ ബെന്നി ചേട്ടന്‍ എന്ത് ചെയ്തെന്ന് വെച്ചാല്‍ ഭാവനയെ കൊണ്ടുവന്ന് രാജേട്ടന്റെ തൊട്ടടുത്ത് നിര്‍ത്തിയിട്ട് ഇത് ആരാണ് എന്ന് പറയാന്‍ പറഞ്ഞു. ആ സിനിമയില്‍ റോമയും അഭിനയിക്കുന്നുണ്ട്. റോമ ലൊക്കേഷനില്‍ തമിഴിലാണ് സംസാരിക്കാറുള്ളത്. ഞാന്‍ അപ്പോള്‍ നീ പെസാമ ഇരി എന്ന് ഞാന്‍ പതുക്കെ പറഞ്ഞു. അത് കേട്ട് രാജേട്ടന്‍ ഇത് റോമയല്ലേ എന്ന് പറഞ്ഞു.
പുള്ളിക്ക് തൊട്ടടുത്തുള്ള ആളെ പോലും തിരിച്ചറിയാന്‍ കഴിയില്ലെന്ന് അപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്. പക്ഷെ അങ്ങനെ ഒരു ബുദ്ധിമുട്ടുള്ള കാര്യം പുള്ളി ആരോടും പറയില്ല. അത് കഴിഞ്ഞ് പുള്ളി റാഫി ഇക്കയുടെ പടത്തില്‍ അഭിനയിച്ചപ്പോഴും അദ്ദേഹത്തിന് കാഴ്ചക്ക് പ്രശ്‌നമുണ്ടെന്ന് നമുക്ക് ഫീല്‍ ചെയ്യുകയേ ഇല്ല,’ ഷാഫി പറയുന്നു.
Content Highlight: Director Shafi Talks About Rajan P Dev