റാഫി മെക്കാര്‍ട്ടിന്‍ ജോഡിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത സിനിമയാണ് മായാവി. 2007ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മൂട്ടി ആയിരുന്നു നായകനായത്. അദ്ദേഹത്തിന് പുറമെ സായ് കുമാര്‍, ഗോപിക, മനോജ് കെ. ജയന്‍, സലിം കുമാര്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും മായാവിക്കായി ഒന്നിച്ചു.
ഈ സിനിമ ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രമായി മാറിയിരുന്നു. ഒപ്പം 2010ല്‍ വള്ളക്കോട്ടൈ എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ മായാവിയിലെ ഒരു സീനിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഷാഫി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മായാവി സിനിമയില്‍ രസകരമായ ഒരു സീനുണ്ട്. ഹോസ്പിറ്റലില്‍ കിടക്കുന്ന മണിക്കുട്ടനെ മമ്മൂക്ക കാണാന്‍ വരുന്നതാണ് അത്. അതില്‍ അദ്ദേഹം മണിക്കുട്ടനോട് എന്താണ് അസുഖമെന്ന് ചോദിക്കും. തലച്ചോറിനാണ് അസുഖമെന്ന് അവന്‍ മറുപടി പറയും.
നീ എന്താണ് പഠിക്കുന്നതെന്ന് മമ്മൂക്കയുടെ കഥാപാത്രം ചോദിക്കുമ്പോള്‍ എം.ബി.എ. എന്നായിരുന്നു മണിക്കുട്ടന്‍ പറയുന്നത്. അത് കേട്ടതും അദ്ദേഹം ചൂടാകും. ഒന്നെങ്കില്‍ ബി.എ. പഠിക്കണം അല്ലെങ്കില്‍ എം.എ. പഠിക്കണമെന്ന് പറഞ്ഞാണ് ദേഷ്യപ്പെടുന്നത്.
രണ്ടുംകൂടെ എം.ബി.എയെന്ന് പറഞ്ഞ് കുത്തികയറ്റിയിട്ടല്ലേ എന്ന് അദ്ദേഹം ചോദിക്കും. ആ സീനിന്റെ തുടര്‍ച്ചയായി മറ്റൊരു സീനുണ്ടായിരുന്നു. മമ്മൂക്ക കാമുകിമാരെ കുറിച്ച് മണിക്കുട്ടനോട് പറയുന്ന സീനായിരുന്നു അത്. ആ സീന്‍ എടുക്കാന്‍ നേരത്ത് അത് വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു.
അത് ഒഴിവാക്കാം, ചെയ്യാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരുപാട് നിര്‍ബന്ധിച്ചു. അവസാനം റിക്വസ്റ്റ് ചെയ്തിട്ടാണ് മമ്മൂക്ക ആ സീനില്‍ അഭിനയിച്ചത്. പക്ഷെ ആ സീന്‍ തിയേറ്ററില്‍ വന്നപ്പോള്‍ ആളുകള്‍ നന്നായി ചിരിച്ചു. അതിന് നല്ല ചിരി കിട്ടി,’ ഷാഫി പറഞ്ഞു.
Content Highlight: Director Shafi Talks About Mayavi Movie And Mammootty