| Tuesday, 27th December 2022, 8:00 am

മായാവി ടു വേണ്ടെന്ന് വെച്ചതാണ്, മിന്നല്‍ മുരളി വന്നതോടെ അതിന് സാധ്യതയുമില്ലാതായി: ഷാഫി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുലിവാല്‍ കല്യാണം, കല്യാണരാമന്‍, ടു കണ്‍ട്രീസ് പോലെയുള്ള റിപ്പീറ്റ് വാല്യുവുള്ള നിരവധി സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഷാഫി. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ചെയ്ത മായാവി ഇക്കൂട്ടത്തില്‍ ശ്രദ്ധ നേടിയ ചിത്രമാണ്. പ്രേക്ഷകര്‍ ഏറ്റെടുത്ത ഈ ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

മായാവി രണ്ടാം ഭാഗത്തെ പറ്റിയുള്ള ആലോചനകള്‍ നടന്നിരുന്നു എന്നും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു എന്നും പറയുകയാണ് ഷാഫി. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മായാവി രണ്ടാം ഭാഗത്തെ പറ്റി ഷാഫി പറഞ്ഞത്.

‘ഒരുപാട് പ്രാവശ്യം ആലോചിച്ചിട്ടുണ്ട്. അത്തരത്തിലുള്ള കഥകള്‍ വരാത്തതുകൊണ്ടാണ് ചെയ്യാത്തത്. സൂപ്പര്‍ ഹീറോ ചിത്രം കേരളത്തില്‍ ആദ്യമായി വിജയിച്ചത് മിന്നല്‍ മുരളിയാണ്. അതുപോലെ ഒരു കഥ തന്നെ ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു. മായാവി ടുവില്‍ രണ്ട് മായാവിയായിരുന്നു. ഒരു ഒറിജിനല്‍ മായാവിയും ഡൂപ്ലിക്കേറ്റ് മായാവിയും. ആ പടം നടന്നില്ല.

മായാവി ടു പിന്നീട് വേണ്ടെന്ന് വെച്ചതാണ്. ഇനി ആ സിനിമക്ക് സാധ്യതയില്ല. കാരണം അതിന്റെ ഒരു എലമെന്റ് മിന്നല്‍ മുരളിയില്‍ വന്നു. അത് യാദൃശ്ചികമായി വന്നതായിരിക്കാം. ഓരോരുത്തരും ചിന്തിക്കുന്നത് ഓരോ ആങ്കിളിലായിരിക്കുമല്ലോ,’ ഷാഫി പറഞ്ഞു.

‘ഞാനൊരു സാധാരണക്കാരനാണ്. ഇപ്പോഴും സാധാരണക്കാരോട് അടുപ്പമുണ്ട്. കൂടുതലും തെരഞ്ഞെടുക്കുന്നത് സാധാരണക്കാരായ ആളുകളുടെ കഥയാണ്. അതുകൊണ്ടാണ് അത്തരം തമാശകളും കഥകളും കൂടുതല്‍ ഉണ്ടാകുന്നത്. അതുകൊണ്ടാണ് മണവാളന്‍, ദശമൂലം ദാമു, പോഞ്ഞിക്കര പോലെയുള്ള കഥാപാത്രങ്ങള്‍ എന്റെ സിനിമയില്‍ വരുന്നത്. കഥ ആവശ്യപ്പെടുന്നത് അനുസരിച്ച് വന്ന് ഭവിക്കുന്നതാണ്. പിന്നെ പെര്‍ഫോം ചെയ്ത ആര്‍ട്ടിസ്റ്റുകളുടെ മിടുക്ക്, അത് എഴുതിയ എഴുത്തുകാരന്റെ മിടുക്ക് അങ്ങനെ എല്ലാം കൂടി ചേരുമ്പോഴാണ് ആ കഥാപാത്രങ്ങള്‍ നിലനില്‍ക്കുന്നത്,’ ഷാഫി കൂട്ടിച്ചേര്‍ത്തു.

ആനന്ദം പരമാനന്ദമാണ് ഒടുവില്‍ പുറത്തിറങ്ങിയ ഷാഫിയുടെ ചിത്രം. ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ഡിസംബര്‍ 23നാണ് റിലീസ് ചെയ്തത്.

Content Highlight: director shafi talks about mayavi 2 and minnal murali

We use cookies to give you the best possible experience. Learn more