സെറ്റില്‍ കയ്യടി കിട്ടിയ മമ്മൂക്കയുടെ ആ പെര്‍ഫോമന്‍സ്; തിയേറ്ററില്‍ എല്ലാ ഷോയിലും കയ്യടിയായിരുന്നു: ഷാഫി
Entertainment
സെറ്റില്‍ കയ്യടി കിട്ടിയ മമ്മൂക്കയുടെ ആ പെര്‍ഫോമന്‍സ്; തിയേറ്ററില്‍ എല്ലാ ഷോയിലും കയ്യടിയായിരുന്നു: ഷാഫി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th September 2024, 10:36 pm

മമ്മൂട്ടി ചിത്രങ്ങളില്‍ ഇന്നും മിക്കവര്‍ക്കും ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് ഹിറ്റ്‌ലര്‍. സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിച്ച് 1996ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇത്. ഈ സിനിമയില്‍ മമ്മൂട്ടി ‘ഹിറ്റ്ലര്‍’ എന്നറിയപ്പെടുന്ന മാധവന്‍കുട്ടിയായിട്ടാണ് എത്തിയത്.

ശോഭന നായികയായി എത്തിയ ഹിറ്റ്‌ലറില്‍ വാണി വിശ്വനാഥ്, മുകേഷ്, സായ് കുമാര്‍, ജഗദീഷ് തുടങ്ങിയ മികച്ച താരനിര ഒന്നിച്ചിരുന്നു. ഇപ്പോള്‍ ഹിറ്റ്ലര്‍ സിനിമയെ കുറിച്ചും അതിലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും പറയുകയാണ് സംവിധായകന്‍ ഷാഫി. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ നാല് സിനിമകളിലാണ് മമ്മൂക്ക അഭിനയിച്ചിട്ടുള്ളത്. തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി എന്നീ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഈ സിനിമകളില്‍ നിന്ന് എനിക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലുമൊരു സീനിനെ കുറിച്ച് സംസാരിക്കാന്‍ പറഞ്ഞാലും അങ്ങനെയൊരു സീന്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാലും എനിക്കത് ബുദ്ധിമുട്ടാകും.

അതിന് കാരണമുണ്ട്. ഈ നാല് സിനിമകളിലെ മമ്മൂക്കയുടെ കഥാപാത്രങ്ങളും അതിലെ സീനുകളും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇന്നും മമ്മൂക്കയെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്ന മറ്റൊരു കാര്യമുണ്ട്. സെറ്റിലെ ആളുകള്‍ മമ്മൂക്കയുടെ പെര്‍ഫോമന്‍സ് കണ്ടിട്ട് കയ്യടിച്ച ഒരു സീനുണ്ടായിരുന്നു.

അത് എന്റെ സിനിമയില്‍ ആയിരുന്നില്ല. പകരം ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന സമയത്ത് സിദ്ദിഖ് അണ്ണന്‍ സംവിധാനം ചെയ്ത ഹിറ്റ്ലര്‍ എന്ന സിനിമയിലായിരുന്നു. ആ സിനിമയുടെ ഷൂട്ട് നടന്നതും അതിന്റെ ഓര്‍മകളും ഇന്നും എന്റെ ഉള്ളിലുണ്ട്.

അതില്‍ മമ്മൂക്കയുടെ ഒരു സീനുണ്ടായിരുന്നു. അതായത് മമ്മൂക്കയുടെ സഹോദരിമാര്‍ തൊട്ടടുത്ത് തന്നെ താമസിക്കുന്ന മുകേഷേട്ടന്റെയും വാണി വിശ്വനാഥിന്റെയും വീട്ടിലേക്ക് പോകുന്ന ഒരു സിറ്റുവേഷന്‍ വരും. ആ സമയത്ത് മമ്മൂക്ക അവരെ തിരിച്ചു വിളിക്കാനായി ആ വീട്ടിലേക്ക് പോകുന്നുണ്ട്.

അങ്ങനെ പോകുമ്പോള്‍ മുകേഷേട്ടന്റെ കഥാപാത്രവുമായി അദ്ദേഹം വഴക്കും ബഹളവും ഉണ്ടാക്കുന്നുണ്ട്. അതില്‍ മമ്മൂക്കയുടെ ഒരു പെര്‍ഫോമന്‍സുണ്ട്. അതായത് അതില്‍ അവസാന ഷോട്ടില്‍ മമ്മൂക്ക മുകേഷേട്ടനെ ഭീഷണിപ്പെടുത്തുന്ന ഭാഗത്തെ പെര്‍ഫോമന്‍സ്.

അന്ന് മമ്മൂക്ക അതിന് റിഹേഴ്സലൊന്നും ചെയ്യാതെ തന്നെ നേരെ ടേക്കിലേക്ക് പോകുകയായിരുന്നു. ആ സീന്‍ കഴിഞ്ഞതും ചുറ്റുമായി കണ്ട് നിന്ന സെറ്റിലെ എല്ലാ ആളുകളും ഉറക്കെ കയ്യടിച്ചു. പിന്നീട് തിയേറ്ററില്‍ വന്നപ്പോഴും ആ രംഗത്തിന് എല്ലാ ഷോയ്ക്കും കയ്യടികള്‍ കിട്ടി,’ ഷാഫി പറയുന്നു.


Content Highlight: Director Shafi Talks About Mammootty’s Performance in Siddique’s Hitler Movie