| Sunday, 8th September 2024, 7:42 pm

ഹിറ്റ്‌ലറിലെ ആ സീന്‍ മമ്മൂക്ക ചെയ്തത് റിഹേഴ്‌സലില്ലാതെ; അന്ന് സെറ്റ് മുഴുവന്‍ കയ്യടിച്ചു: ഷാഫി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിച്ച് 1996ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹിറ്റ്ലര്‍. ഈ സിനിമയില്‍ ‘ഹിറ്റ്‌ലര്‍’ എന്നറിയപ്പെടുന്ന മാധവന്‍കുട്ടിയായി എത്തിയത് മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തിന് പുറമെ ശോഭന, വാണി വിശ്വനാഥ്, മുകേഷ്, സായ് കുമാര്‍, ജഗദീഷ് എന്നിവരും മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു.

1996ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറാന്‍ ഹിറ്റ്‌ലറിന് സാധിച്ചിരുന്നു. കൂടാതെ 300 ദിവസത്തിലധികം തിയേറ്റര്‍ റണ്‍ പൂര്‍ത്തിയാക്കാനും ഈ സിനിമക്ക് സാധിച്ചു. ഇപ്പോള്‍ ഹിറ്റ്‌ലര്‍ സിനിമയിലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഷാഫി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്ക എന്റെ നാല് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി എന്നിവയാണ് ആ സിനിമകള്‍. ഇതില്‍ നിന്ന് എനിക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലുമൊരു സീന്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും.

കാരണം ഈ നാല് പടങ്ങളിലെ മമ്മൂക്കയുടെ കഥാപാത്രങ്ങളും അതിലെ സീനുകളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പിന്നെ ഞാന്‍ മമ്മൂക്കയെ കുറിച്ച് ഓര്‍ക്കുന്ന മറ്റൊരു കാര്യമുണ്ട്. മമ്മൂക്കയുടെ പെര്‍ഫോമന്‍സ് കണ്ടിട്ട് ആളുകള്‍ സെറ്റില്‍ കയ്യടിച്ച ഒരു സീനുണ്ട്.

ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന സമയത്ത് സിദ്ദിഖ് അണ്ണന്റെ ഹിറ്റ്‌ലര്‍ എന്ന സിനിമയിലായിരുന്നു അത്. ആ സിനിമയുടെ ഷൂട്ട് നടന്നത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. അതിലൊരു സീനുണ്ട്. മമ്മൂക്കയുടെ സഹോദരിമാര്‍ തൊട്ടടുത്ത് താമസിക്കുന്ന മുകേഷേട്ടന്റെയും വാണി വിശ്വനാഥിന്റെയും വീട്ടിലേക്ക് പോകും.

അവരെ തിരിച്ചു വിളിക്കാനായി മമ്മൂക്ക ആ വീട്ടിലേക്ക് പോകുന്നുണ്ട്. ആ സമയത്ത് മുകേഷേട്ടന്റെ കഥാപാത്രവുമായി ഒരു വഴക്കും ബഹളവും ഉണ്ടാകുന്നുണ്ട്. അതില്‍ മമ്മൂക്കയുടെ ഒരു പെര്‍ഫോമന്‍സുണ്ടായിരുന്നു. അതിന്റെ അവസാന ഷോട്ടില്‍ മമ്മൂക്ക മുകേഷേട്ടനെ ഭീഷണിപ്പെടുത്തുന്നുണ്ട്.

അതിന് റിഹേഴ്‌സലൊന്നും ഇല്ലാതെ നേരെ ടേക്കിലേക്ക് പോകുകയായിരുന്നു. അന്നത് കണ്ട് നിന്ന സെറ്റിലെ എല്ലാ ആളുകളും ആ സീന്‍ കഴിഞ്ഞതും കയ്യടിച്ചു. തിയേറ്ററില്‍ വന്നപ്പോഴും ആ രംഗത്തിന് എല്ലാ ഷോയ്ക്കും കയ്യടികള്‍ ഉണ്ടായിരുന്നു,’ ഷാഫി പറഞ്ഞു.


Content Highlight: Director Shafi Talks About Mammootty And Hitler Movie

We use cookies to give you the best possible experience. Learn more