മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമാണ് കല്യാണരാമന്‍. ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ്, നവ്യ നായര്‍, ഇന്നസെന്റ്, സലിം കുമാര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ചിത്രത്തിലെ പല രംഗങ്ങളും ഇന്നും ചിരി ഉണര്‍ത്തുന്നവയാണ്. കല്യാണരാമനിലെ ഇന്നസെന്റ് അവതരിപ്പിച്ച മിസ്റ്റര്‍ പോഞ്ഞിക്കര എന്ന കഥാപാത്രത്തിന് മാത്രം സെപ്പറേറ്റ് ഫാന്‍ ബേസ് തന്നെയുണ്ട്. എന്നാല്‍ സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ തനിക്കിതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലലോ എന്നാണ് ഇന്നസെന്റ് ചേട്ടന് ചോദിച്ചതെന്ന് സംവിധായകന്‍ ഷാഫി പറയുന്നു.
എന്നാല്‍ പോഞ്ഞിക്കരയുടെ ഓരോ സീനും ഇന്നസെന്റ് മികച്ചതാക്കുകയായിരുന്നെനും ഷാഫി പറയുന്നു. സിനിമയിലെ ഉരുളി പൊക്കുന്ന സീനില്‍ വെറുതെയല്ല ഈ പണ്ടാരം ഇതിനകത്ത് കിടന്നിട്ടല്ലേ എന്ന് പറഞ്ഞ് ഒരു താലം എടുത്ത് എറിയുന്ന രംഗമെല്ലാം അദ്ദേഹം കൈയ്യില്‍ നിന്നിട്ടതാണെന്നും ഷാഫി പറയുന്നു. സിനി പ്ലസ് എന്റര്‍ടൈന്‍മെന്റ്‌സില്‍ സംസാരിക്കുകയായിരുന്നു ഷാഫി.
‘ഇന്നസെന്റ് ചേട്ടന്‍ പടത്തില്‍ വന്ന് ജോയിന്റ് ചെയ്ത ദിവസം കഥയൊക്കെ കേട്ടു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ഇന്നസെന്റ് ചേട്ടന് ഒരു ചെറിയ വിഷമമുള്ളതായി എനിക്ക് തോന്നി. അപ്പോള്‍ ഞാന്‍ എന്താ ചേട്ടാ ഒരു വിഷമം എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, എനിക്ക് കഥയില്‍ വലുതായിട്ട് കോണ്‍ട്രിബ്യുട്ട് ചെയ്യാനില്ലാത്ത കഥാപാത്രമാണല്ലോ എന്ന്.
പക്ഷെ ചേട്ടന്‍ അത് അവതരിപ്പിച്ച വിധമുണ്ടല്ലോ അതാണ് എടുത്ത് പറയേണ്ടത്. ആദ്യ ദിവസം അദ്ദേഹം പോഞ്ഞിക്കരയുടെ മേക്കപ്പ് എല്ലാം കഴിഞ്ഞു വന്നപ്പോള്‍ തന്നെ മിസ്റ്റര്‍ പോഞ്ഞിക്കരയുടെ ഒരു രൂപം നമുക്ക് കിട്ടി. പിന്നെ ആ കഥാപാത്രത്തിന്റെ ഓരോ സീന്‍ വരുമ്പോഴും അതെല്ലാം അദ്ദേഹം വളരെ മികച്ചതാക്കി.
ഉദാഹരണത്തിന് ആ സിനിമയില്‍ ഒരു ഉരുളി പൊക്കുന്ന സീനുണ്ട്. അത് പൊക്കാന്‍ ശ്രമിച്ചിട്ട്, വെറുതെയല്ല ഈ പണ്ടാരം ഇതിനകത്ത് കിടന്നിട്ടല്ലേ എന്ന് പറഞ്ഞ് ഒരു താലം എടുത്ത് എറിയുന്നുണ്ട്. ഇത് നമ്മള്‍ ആ ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം കൈയ്യില്‍ നിന്നിട്ടതാണ്. അതിനകത്ത് അങ്ങനൊരു താലം കിടക്കുന്നത് ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. ആ സ്‌പോട്ടില്‍ അദ്ദേഹം ചെയ്തതാണ് അത്,’ ഷാഫി പറയുന്നു.
Content Highlight: Director Shafi Talks About Innocent In Kalyanaraman