ഷാഫിയുടെ സംവിധാനത്തില്‍ 2003ല്‍ റിലീസായ ചിത്രമാണ് പുലിവാല്‍ കല്യാണം. ജയസൂര്യയും കാവ്യ മാധവനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ മികച്ച കോമഡി സിനിമകളില്‍ ഒന്നാണ്. ചിത്രത്തിലെ നായകന്‍ ജയസൂര്യയാണെങ്കിലും ഇന്നും പലരും റിപ്പീറ്റടിച്ച് കാണുന്നത് മണവാളന്‍- ധര്‍മേന്ദ്ര എന്നിവരുടെ കോമഡി സീനുകളാണ്. മണവാളനായി സലിംകുമാറും ധര്‍മേന്ദ്രയായി കൊച്ചിന്‍ ഹനീഫയുമാണ് വേഷമിട്ടത്.
ചിത്രത്തിലെ മണവാളന്റെയും ധര്‍മേന്ദ്രയുടെയും ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഷാഫി. കാവ്യ മാധവന്റെ വീട്ടില്‍ പോയി ജയസൂര്യയെ കുറിച്ച് കാവ്യയുടെ അച്ഛനോട് സലിംകുമാറും കൊച്ചിന്‍ ഹനീഫയും മോശം പറയുന്ന സീന്‍ എടുക്കുന്നത് രാത്രി രണ്ട് മണിക്കാണെന്ന് ഷാഫി പറയുന്നു.
ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് താന്‍ മറ്റൊരു ഷോട്ട് എടുക്കാന്‍ പോയെന്നും അതിന് മുമ്പ് സലിംകുമാറിനോട് രണ്ട് മൂന്ന് വാക്കുകള്‍ കണ്ടുപിടിക്കാന്‍ പറഞ്ഞെന്നും ഷാഫി പറഞ്ഞു. തിരിച്ച് വന്ന് ഷോട്ടെടുത്തപ്പോള്‍ അവന്‍ ഒരു ആഗോള ആഭാസനും സാമൂഹിക പ്രക്ഷുപ്തനും വിന്റര്‍ ഫ്രിതനുമാണെന്ന് സലിംകുമാര്‍ പറഞ്ഞെന്നും അതിന്റെ അര്‍ഥം തനിക്കറിയില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
‘രാത്രി രണ്ട് മണിക്ക് പുലിവാല്‍ കല്യാണം ഷൂട്ട് ചെയ്യുകയായിരുന്നു. ഈ ജയസൂര്യയെ കുറിച്ച് ജയസൂര്യയുടെ കാമുകിയുടെ അച്ഛന്റെ അടുത്ത് പോയിട്ട് ഹനീഫക്കയും സലിംകുമാറും എന്തെങ്കിലും കുറ്റം പറയണം. രാത്രി ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് ഞാന്‍ സലിംകുമാറിനോട് പറഞ്ഞു എന്തെങ്കിലും രണ്ട് മൂന്ന് പുതിയ വാക്ക് കണ്ടുപിടിക്ക്. ഞാന്‍ ഈ ഷോട്ട് എടുത്തിട്ട് വരാം. ഇതും പറഞ്ഞ് ഞാന്‍ ഒരു ഷോട്ട് എടുക്കാന്‍ വേണ്ടി പോയി.
ഞാന്‍ പോയി ആ ഷോട്ട് എടുത്തിട്ട് വന്ന് അടുത്ത ഷോട്ടെടുത്തപ്പോള്‍ സലിംകുമാര്‍ പറഞ്ഞതാണ്, അവന്‍ ഒരു ആഗോള ആഭാസനും സാമൂഹിക പ്രക്ഷുപ്തനും വിന്റര്‍ ഫ്രിതനുമാണെന്ന്. എനിക്ക് തന്നെ അത് കേട്ടിട്ട് മനസിലായില്ല. പക്ഷെ ആ സന്ദര്‍ഭത്തിന് യോജിക്കുന്നതും തിയേറ്ററില്‍ വലിയ ചിരി പടര്‍ത്തിയ ഡയലോഗുമായിരുന്നു അത്,’ ഷാഫി പറയുന്നു.
Content Highlight: Director Shafi Talks About Dialogue In Pulival Kalyanam