സിനിമ ഷൂട്ടില്‍ ചിലരെല്ലാം രാജേട്ടനെ ഇറിറ്റേറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്, അപ്പോള്‍ അദ്ദേഹം ചെയ്യുന്ന കാര്യം രസമാണ്: ഷാഫി
Entertainment
സിനിമ ഷൂട്ടില്‍ ചിലരെല്ലാം രാജേട്ടനെ ഇറിറ്റേറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്, അപ്പോള്‍ അദ്ദേഹം ചെയ്യുന്ന കാര്യം രസമാണ്: ഷാഫി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th December 2024, 9:47 am

മലയാള സിനിമയിലെ നര്‍മബോധമുള്ള വില്ലനായി അറിയപ്പെടുന്ന സ്വഭാവ നടനായിരുന്നു രാജന്‍ പി.ദേവ്. പ്രൊഫഷണല്‍ നാടക നടനായും പിന്നീട് തെന്നിന്ത്യന്‍ ചലച്ചിത്ര അഭിനേതാവായും ഒരേപോലെ തിളങ്ങിയ കലാകാരനായിരുന്നു അദ്ദേഹം. കാട്ടുകുതിര എന്ന നാടകത്തിലെ ഏറെ പ്രശസ്തനായ കൊച്ചുബാവ എന്ന കഥാപാത്രമായി അഭിനയിച്ചാണ് അദ്ദേഹം മലയാള സിനിമയിലെത്തിയത്.

1990ല്‍ റിലീസായ ഇന്ദ്രജാലം സിനിമയിലെ കാര്‍ലോസ് എന്ന വില്ലന്‍ വേഷത്തോടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങളില്‍ രാജന്‍ പി. ദേവ് സജീവ സാന്നിധ്യമായി മാറി. രാജന്‍ പി. ദേവിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഷാഫി.

സിനിമ സെറ്റിലെല്ലാം മദ്യപിച്ച് വരുന്ന ആളുകള്‍ അദ്ദേഹത്തെ ശല്യപ്പെടുത്താറുണ്ടെന്നും അപ്പോഴെല്ലാം അദ്ദേഹം അത് തമാശ രീതിയില്‍ എടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഷാഫി.

‘രാജേട്ടന്‍ ഭയങ്കര സോഫ്റ്റായിട്ടുള്ള മനുഷ്യനാണ്. പലപ്പോഴും ആളുകള്‍ ലൊക്കേഷനില്‍ എല്ലാം വന്ന് അദ്ദേഹത്തെ ഇറിറ്റേറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കള്ളൊക്കെ കുടിച്ച് വന്ന് എന്തൊക്കയോ പറയുകയുമെല്ലാം ചെയ്യാം.

അദ്ദേഹം അപ്പോള്‍ ചെയ്യുന്ന കാര്യം വളരെ രസമാണ്. ‘ഡയറക്ടര്‍ സാര്‍ ഇയാള്‍ എന്നെ ശല്യപ്പെടുത്തുന്നു’ എന്ന് മാത്രമായിരിക്കും പറയുക. വളരെ നിഷ്‌കളങ്കമായിരിക്കും അദ്ദേഹത്തിന്റെ മറുപടി. ആരോടും അദ്ദേഹം ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല,’ ഷാഫി പറഞ്ഞു.

വളരെ നര്‍മബോധമുള്ള നടനായിരുന്നു രാജന്‍ പി. ദേവെന്ന് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും പറഞ്ഞു. കാണുമ്പോള്‍ പരുക്കനും വില്ലന്‍ ലുക്കെല്ലാം ഉണ്ടെങ്കിലും കുട്ടികളുടെ പ്രകൃതവും നര്‍മം ഇഷ്ടപ്പെടുന്ന ആളുമായിരുന്നു അദ്ദേഹമെന്ന് ബെന്നി കൂട്ടിച്ചേര്‍ത്തു.

‘രാജേട്ടന് വളരെ നര്‍മബോധമായിരുന്നു. ജീവിതത്തിലും ഭയങ്കര നര്‍മം പറയുമായിരുന്നു. അദ്ദേഹത്തെ കാണുമ്പോള്‍ നമ്മള്‍ ചിരിച്ചു പോകും. പുറമെനിന്ന് കാണുമ്പോള്‍ വളരെ വില്ലന്‍ പരിവേഷവും സീരിയസ് ലുക്കൊക്കെ ഉള്ള ആളല്ലേ, എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം കുട്ടികളുടേതുപോലുള്ള പ്രകൃതവും ശുദ്ധമനസും നല്ല നര്‍മ ബോധവും ഉള്ള ആളാണ്,’ ബെന്നി പി. നായരമ്പലം പറയുന്നു.

Content Highlight: Director Shafi And Benny P Nayarambalam Talks About Rajan P Dev