മലയാളത്തിലെ ഹിറ്റ് സിനിമകളിലൊന്നാണ് 2005ല്‍ പുറത്തിറങ്ങിയ തൊമ്മനും മക്കളും. ഷാഫി സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു. മമ്മൂട്ടി, ലാല്‍, രാജന്‍ പി. ദേവ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. കോമഡിയും മാസും ചേര്‍ന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളുടെ പട്ടികയിലുണ്ട്.
മമ്മൂട്ടിയുടെയും ലാലിന്റെയും അച്ഛനായിട്ടാണ് ചിത്രത്തില്‍ രാജന്‍ പി. ദേവ് എത്തിയത്. അതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് രാജന്‍ പി. ദേവ് തന്റെ ട്രാക്ക് മാറ്റിയ സിനിമയായിരുന്നു തൊമ്മനും മക്കളും. ബെന്നി പി.നായരമ്പലമായിരുന്നു സിനിമയുടെ സ്ക്രിപ്റ്റ് ഒരുക്കിയത്.
വിവിധ ഭാഷകളിൽ അഞ്ഞൂറോളം സിനിമകൾ ചെയ്തിട്ടുള്ള രാജൻ.പി.ദേവിന്റെ മികച്ച വേഷങ്ങളിൽ ഒന്നാണ് തൊമ്മൻ എന്ന കഥാപാത്രമെന്ന് പറയുകയാണ് സംവിധായകൻ ഷാഫി. അദ്ദേഹത്തിന് മനസുകൊണ്ട് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രമാണ് ചിത്രത്തിലേതെന്നും ഒരു ടൈറ്റിൽ കഥാപാത്രം കിട്ടിയ സന്തോഷം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഷാഫി കൂട്ടിച്ചേർത്തു. അമൃത ടി.വിയോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
‘തമിഴിലും തെലുങ്കിലുമൊക്കെ അത്രയും സിനിമകൾ പുള്ളി ചെയ്തിട്ടുണ്ട്. അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടും പുള്ളിക്ക് എടുത്ത് പറയാനുള്ള സിനിമകൾ വളരെ കുറവാണ്. ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ട് എടുത്ത് പറയാൻ മൂന്ന് കഥാപാത്രങ്ങൾ മാത്രമേ തനിക്കുള്ളൂവെന്ന് രാജേട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
അതിലൊന്ന് ചേട്ടൻ ബാവ അനിയൻ ബാവ എന്ന സിനിമയാണ്, മറ്റൊന്ന് കാർലോസ് എന്ന കഥാപാത്രം. പിന്നെ തൊമ്മനും മക്കളും. എനിക്ക് തോന്നുന്നത് പുള്ളിക്ക് മനസുകൊണ്ട് ഏറ്റവും ഇഷ്ടപ്പെട്ടത് തൊമ്മനും മക്കളുമാണെന്ന് തോന്നുന്നു. അത് പുള്ളി ഏതോ അഭിമുഖത്തിൽ പറയുകയും ചെയ്തിട്ടുണ്ട്.
ശരിക്കും ആ കഥാപാത്രത്തിന് വേണ്ടി ആദ്യം തീരുമാനിച്ചത് മറ്റൊരു ഗെറ്റപ്പായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ മുടി വെട്ടി വെട്ടി വേറൊരു രൂപമായി. അവസാനം അദ്ദേഹം മൊട്ടയടിക്കാൻ പറഞ്ഞു. അപ്പോഴേക്കും പുള്ളിക്കൊരു ഓമനത്ത്വം വന്നു. തൊമ്മൻ എന്ന കഥാപാത്രത്തിന് മൊത്തത്തിൽ ഒരു കുസൃതി ഉണ്ടല്ലോ. ടൈറ്റിൽ റോളാണല്ലോ. തൊമ്മനും മക്കളിലെ തൊമ്മനാണ്. അതിൽ പുള്ളി നല്ല ഹാപ്പി ആയിരുന്നു,’ഷാഫി പറയുന്നു.
Content Highlight: Director Shafi About Rajan p dev