മലയാള സിനിമയുടെ തീരാനഷ്ടമാണ് കൊച്ചിന്‍ ഹനീഫ. വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ഹാസ്യതാരമായും സ്വഭാവനടനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഓര്‍മകള്‍ പലരും പങ്കുവെക്കാറുണ്ട്.
കൊച്ചിൻ ഹനീഫയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഷാഫി. ഷാഫിയുടെ പുലിവാൽ കല്യാണം, മായാവി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ കൊച്ചിൻ ഹനീഫക്ക് കഴിഞ്ഞിരുന്നു.
തന്റെ ചട്ടമ്പിനാട് എന്ന സിനിമയിലേക്ക് കൊച്ചിൻ ഹനീഫയെ വിളിച്ചിരുന്നുവെന്നും എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും ഷാഫി പറയുന്നു. ഷൂട്ടിനിടയിൽ മമ്മൂട്ടിക്ക് ഒരു ഫോൺ വന്നിരിന്നുവെന്നും അന്ന് കൊച്ചിൻ ഹനീഫയുടെ ആരോഗ്യ വിവരമറിഞ്ഞ് മമ്മൂട്ടി ആകെ തകർന്നെന്നും ഷാഫി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഷാഫി.
‘ചട്ടമ്പി നാടിന്റെ ഷൂട്ട് നടക്കുമ്പോൾ ഞാൻ ഹനീഫിക്കയെ വിളിച്ചിരുന്നു. പക്ഷെ ഹനീഫിക്കക്ക് സുഖമില്ലാത്തത് കൊണ്ട് ഞങ്ങൾ വേറേ ഒരു ആർട്ടിസ്റ്റിനെ കാസ്റ്റ് ചെയ്തു.
ഒരു ദിവസം ഔട്ട് ഡോറിൽ വെച്ച് മമ്മൂക്കയുടെ ഫൈറ്റ് സീക്വൻസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തിനൊരു ഫോൺ വന്നു. ഷോട്ട് റെഡിയായിട്ടുണ്ട്. പക്ഷെ മമ്മൂക്ക ഫോണിൽ ആരോ ആയിട്ട് വളരെ സീരിയസായി സംസാരിക്കുകയാണ്.
മുഖമൊക്കെ ആകെ വല്ലാതെ ഇരിക്കുന്നുണ്ട്. പുള്ളി പിന്നെ ഫോൺ കട്ട് ചെയ്ത് അവിടെയുള്ള ഒരു പ്ലാസ്റ്റിക് ചെയറുണ്ട്, ആ ചെയറിൽ ഒരു അഞ്ചാറ് അടി അടിച്ചു. എന്തുപറ്റി മമ്മൂക്കായെന്ന് ചോദിച്ചിട്ടും അദ്ദേഹം കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
കുറച്ച് കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഹനീഫിക്കയുടെ അസുഖ വിവരം പറയാൻ പ്രിയൻ സാറിന്റെ വൈഫ് ലിസിയാണ് വിളിച്ചത്. ഡോക്ടർ പറഞ്ഞത് ഹനീഫിക്ക ഇനി ഒരു മാസമേ ഉണ്ടാവുള്ളൂവെന്നാണ്. പക്ഷെ അത് കഴിഞ്ഞിട്ട് ഒരു മൂന്നാല് മാസം കഴിഞ്ഞാണ് പുള്ളി വിടപറഞ്ഞത്,’ഷാഫി പറയുന്നു.
Content Highlight: Director Shafi About Kochin Haneefa