| Wednesday, 1st March 2023, 8:38 pm

സച്ചിയുടെ ആദ്യ സിനിമ അയ്യപ്പനും കോശിയുമാണ്; ആ കഥകള്‍ അയാള്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ: സേതു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളിക്ക് എന്നും പ്രിയങ്കരനായ സംവിധായകരിലൊരാളാണ് സച്ചി. മികച്ച ഒരുപിടി സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചാണ് അദ്ദേഹം കടന്നുപോയത്. സച്ചിയുടെ സംവിധാനത്തെ കുറിച്ച് പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സേതു. ഇരുവരും ഒരുമിച്ചാണ് സിനിമാ ജീവിതം ആരംഭിച്ചത്.

സച്ചിയുടെ കഥകള്‍ സിനിമയാക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയുകയുള്ളു എന്നും അയ്യപ്പനും കോശിയുമാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയെന്നും സേതു പറഞ്ഞു. കാരണം ഇരുവരും ചെയ്ത മറ്റ് സിനിമകള്‍ പോലെയല്ല അയ്യപ്പനും കോശിയിലും വ്യക്തമായൊരു രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹേഷും മാരുതിയും എന്ന പുതിയ സിനിമയുടെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സച്ചിയുടെ കഥകള്‍ സച്ചിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു പ്രക്രിയ ആണ്. അത് മറ്റൊരാള്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതൊരു സച്ചി സിനിമയാവില്ല. ഇപ്പോള്‍ ഞാന്‍ ആയാലും സച്ചിയുടെ കഥ എടുത്തിട്ട് അതിന് തിരക്കഥ എഴുതി, ഇത് സച്ചിയുടെ സിനിമയാണ് എന്ന് പറയാന്‍ പോലും പാടില്ല എന്നാണ് എന്റെ ഒരു പക്ഷം.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രമാണ് സച്ചിയുടെ ആദ്യ സിനിമ എന്ന് ഞാന്‍ പറയും. കാരണം, അതിന് മുമ്പൊക്കെ ഞങ്ങള്‍ ചെയ്തിരുന്നത് രണ്ടുപേരുടെയും താല്പര്യങ്ങള്‍ ഒന്നായി തോന്നുന്ന സമയത്ത് മാത്രം ചെയ്ത സിനിമകളാണ്.

അയ്യപ്പനും കോശിയിലേക്ക് വരുമ്പോള്‍ അതിലൊരു രാഷ്ട്രീയമുണ്ട്. വേറൊരു തലത്തിലാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഞാനോ മറ്റൊരാളോ സച്ചിയുടെ കഥയെടുത്ത് സിനിമ ചെയ്താല്‍ അതൊരിക്കലും സച്ചിയുടെ സിനിമയാകില്ല,’ സേതു പറഞ്ഞു.

അദ്ദേഹം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളും അഭിമുഖത്തില്‍ പങ്കുവെച്ചു.

‘എല്ലാവര്‍ക്കും തിയേറ്ററില്‍ വന്ന് ആസ്വദിച്ച് കാണാന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കും ‘മഹേഷും മാരുതിയും’. ഫാമിലിക്കും ചെറുപ്പക്കാര്‍ക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന ചിത്രമണ്. അതുപോലെ സംസാരിക്കുന്ന വിഷയത്തോട് നീതിപുലര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 10ന് എല്ലാവരും സിനിമ പോയി കണ്ട് അഭിപ്രായങ്ങള്‍ അറിയിക്കുക,’ സേതു പറഞ്ഞു.

CONTENT HIGHLIGHT: DIRECTOR SETHU ABOUT SACHY

We use cookies to give you the best possible experience. Learn more