| Tuesday, 1st October 2024, 8:19 am

കസബ ഇറങ്ങി വിവാദമായി നില്‍ക്കുന്ന സമയമായതു കൊണ്ട് മമ്മൂക്കയെ വെച്ച് അങ്ങനെയൊരു ചിത്രം വേണ്ടെന്നുവെച്ചു: സേതു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സച്ചി-സേതു. ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് പ്രവേശിച്ച ഈ കൂട്ടുകെട്ട് റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. 2011ല്‍ ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞ ശേഷം ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി.

സേതു പിന്നീട് മല്ലു സിങ്, സലാം കാശ്മീര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കുകയും കുട്ടനാടന്‍ ബ്ലോഗിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവരികയും ചെയ്തു. 2018ല്‍ മമ്മൂട്ടിയെ നായകനാക്കിയാണ് സേതു കുട്ടനാടന്‍ ബ്ലോഗ് അണിയിച്ചൊരുക്കിയത്. ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ മമ്മൂട്ടിയ വെച്ച് താന്‍ ആദ്യം പ്ലാന്‍ ചെയ്തത് മറ്റൊരു സബ്ജക്ടായിരുന്നെന്നും ആ സിനിമ സംവിധാനം ചെയ്യാനിരുന്നത് ജീത്തു ജോസഫായിരുന്നെന്നും സേതു പറഞ്ഞു.

എന്നാല്‍ ജീത്തുവിന് മറ്റ് പ്രൊജക്ടുകള്‍ ഉള്ളതിനാല്‍ അദ്ദേഹം മാറിയെന്നും സേതു കൂട്ടിച്ചേര്‍ത്തു. പിന്നീട് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യാനിരുന്നെന്നും അതും നടക്കാതെ പോയെന്നും സേതു പറഞ്ഞു. പിന്നീട് താന്‍ ആ പ്രൊജക്ട് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചെന്നും മമ്മൂട്ടിയോട് കഥ പറയാന്‍ തീരുമാനിച്ചെന്നും അദ്ദേഹത്തെപ്പോയി കണ്ടെന്നും സേതു പറഞ്ഞു.

അന്നത്തെ ദിവസം മമ്മൂട്ടിക്ക് ഒരുപാട് തിരക്കായിരുന്നെന്നും താന്‍ വണ്‍ലൈന്‍ മാത്രം പറഞ്ഞെന്നും സേതു കൂട്ടിച്ചേര്‍ത്തു. കോഴിത്തങ്കച്ചന്‍ എന്നായിരുന്നു പ്രൊജക്ടിന്റെ പേരെന്നും അദ്ദേഹത്തിന് ആ കഥ ഇഷ്ടമായെന്നും സേതു പറഞ്ഞു. എന്നാല്‍ കസബയുടെ വിവാദം കത്തിനില്‍ക്കുന്ന സമയത്ത് അതുപോലൊരു സബ്ജക്ട് വേണ്ടെന്ന് തീരുമാനിച്ചെന്നും സേതു കൂട്ടിച്ചേര്‍ത്തു. പിന്നീടാണ് കുട്ടനാടന്‍ ബ്ലോഗിലേക്കെത്തിയതെന്നും സേതു പറഞ്ഞു. മാസ്റ്റര്‍ ബിന്നിനോട് സംസാരിക്കുകയായിരുന്നു സേതു.

‘ഞാന്‍ മമ്മൂക്കക്ക് വേണ്ടി ആറ് മാസത്തോളം ഇരുന്ന് ഒരു സ്‌ക്രിപ്റ്റ് തയാറാക്കി. അത് ജീത്തു ജോസഫ് സംവിധാനം ചെയ്യാമെന്നും പറഞ്ഞിരുന്നു. പക്ഷേ ജീത്തു മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകള്‍ കാരണം അയാള്‍ ഒഴിവായി. പിന്നീട് ദിലീഷ് പോത്തന്‍ അതിലേക്കെത്തി, അതും നടക്കാതെ പോയി. പിന്നീട് ഞാന്‍ തന്നെ അത് ചെയ്യാമെന്ന് തീരുമാനിച്ചു. കോഴിത്തങ്കച്ചന്‍ എന്നായിരുന്നു ആ പ്രൊജക്ടിന്റെ പേര്. മമ്മൂക്കയോട് കഥ പറയാന്‍ ഒരുദിവസം പോയി.

അന്ന് മമ്മൂക്കക്ക് ഭയങ്കര തിരക്കായിരുന്നു. കഥ മുഴുവന്‍ പറയാന്‍ പറ്റില്ലെന്നറിഞ്ഞപ്പോള്‍ വണ്‍ലൈന്‍ മാത്രം പറഞ്ഞു. പുള്ളിക്ക് അത് ഇഷ്ടപ്പെട്ടു. അങ്ങനെയൊരു കോഴി കഥാപാത്രം മുമ്പ് ചെയ്തിട്ടില്ലെന്നാണ് മമ്മൂക്ക പറഞ്ഞത്. പക്ഷേ, ആ സമയത്ത് കസബയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാരണം ആ കഥ വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കുട്ടനാടന്‍ ബ്ലോഗ് ഉണ്ടാകുന്നത്.’ സേതു പറഞ്ഞു.

Content Highlight: Director Sethu about Mammootty and Oru Kuttanadan Blog movie

Latest Stories

We use cookies to give you the best possible experience. Learn more