മംമ്തയുടെ നായകനാകേണ്ടത് ദുല്‍ഖര്‍, ഞാന്‍ കാരണമാണ് അത് നടക്കാതെ പോയത്: സേതു
Entertainment news
മംമ്തയുടെ നായകനാകേണ്ടത് ദുല്‍ഖര്‍, ഞാന്‍ കാരണമാണ് അത് നടക്കാതെ പോയത്: സേതു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th March 2023, 8:24 pm

സേതുവിന്റെ സംവിധാനത്തില്‍ ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന കഥാപാത്ത്രിലെത്തിയ സിനിമയാണ് മഹേഷും മാരുതിയും. ചിത്രത്തിലേക്ക് നായകനായി താന്‍ ആദ്യം വിളിച്ചത് ദുല്‍ഖറിനെയായിരുന്നുവെന്ന് പറയുകയാണ് സേതു. എന്നാല്‍ ചില സാഹചര്യങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷത്തിന് മുമ്പാണ് സിനിമയുടെ കഥ ദുല്‍ഖറിനോട് പറഞ്ഞതെന്നും അന്ന് തിരക്കഥ കൃത്യമായി പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും സേതു പറഞ്ഞു. പിന്നീട് സിനിമയുടെ തിരക്കഥ ഇന്നുകാണുന്ന രൂപത്തിലേക്ക് വന്നപ്പോള്‍ നായക കഥാപാത്രമായി തന്റെ മനസിലേക്ക് വന്ന ആദ്യ മുഖം ആസിഫിന്റേതായിരുന്നു എന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സേതു പറഞ്ഞു.

‘മഹേഷിന്റെയും മാരുതിയുടെയും കഥ ഞാന്‍ ആദ്യം പറയുന്നത് ദുല്‍ഖറിന്റെ അടുത്തായിരുന്നു. ചേട്ടാ നമുക്കൊരു സിനിമ ഒരുമിച്ച് വര്‍ക്ക് ചെയ്യാമെന്ന് ദുല്‍ഖര്‍ എന്നോട് നേരത്തെ പറഞ്ഞിരുന്നു. ഈ സിനിമയുടെ കാര്യം ഞാന്‍ ദുല്‍ഖറിനോട് വാട്‌സാപ്പിലൂടെ മെസേജ് അയച്ചാണ് പറയുന്നത്.

‘നായകനും കാറും തമ്മിലുള്ള ഇമോഷണല്‍ അറ്റാച്ച്‌മെന്റ്’ എന്നാണ് ഞാന്‍ ദുല്‍ഖറിന് മെസേജ് അയക്കുന്നത്. അത് കണ്ടപ്പോള്‍ തന്നെ എനിക്ക് കഥ കേള്‍ക്കണമെന്ന് പുള്ളി എന്നോട് പറഞ്ഞു. അങ്ങനെ ഒരു അവസരം കിട്ടിയപ്പോള്‍ ഞാന്‍ പുള്ളിയോട് കഥ പറഞ്ഞു. അന്ന് മാരുതിയെ ബേസ് ചെയ്ത് ഒരു ചിന്ത മാത്രമാണ് എന്റെ മനസിലുണ്ടായിരുന്നത്.

ഒരു കഥയൊന്നും രൂപപ്പെടുത്തിയിരുന്നില്ല. സേതുവേട്ടന്‍ ഈ സിനിമ വര്‍ക്ക് ചെയ്യ് നമുക്ക് ചെയ്യാമെന്ന് ദുല്‍ഖര്‍ പറഞ്ഞു. പിന്നീട് നിര്‍ഭാഗ്യവശാല്‍ അല്ലെങ്കില്‍ ഭാഗ്യവശാല്‍ ആ സിനിമ നടന്നില്ല. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദുല്‍ഖറിനോട് ഞാന്‍ ഈ കഥ പറയുന്നത്. അത് നടക്കാതെ പോയതിന്റെ കാരണം ഞാന്‍ തന്നെയാണ്.

ഞാന്‍ എഴുതിയ കഥയ്ക്ക് ഒരു ഡൊക്യുമെന്ററിയുടെ ഫീല്‍ വന്നോ എന്നൊക്കയുള്ള തോന്നലായിരുന്നു അന്നുണ്ടായിരുന്നത്. പിന്നെയാണ് മമ്മൂക്കയെവെച്ച് കുട്ടനാടന്‍ ബ്ലോഗ് എന്നുപറയുന്ന സിനിമ സംവിധാനം ചെയ്യുന്നത്. എന്നാല്‍ ഇപ്പോഴുള്ള തിരക്കഥയുടെ രൂപത്തിലേക്ക് സിനിമ വന്ന് കഴിഞ്ഞപ്പോള്‍, മഹേഷായിട്ട് എന്റെ മനസിലേക്ക് ആദ്യം വന്ന മുഖം ആസിഫിന്റേതാണ്,’ സേതു പറഞ്ഞു.

content highlight: director sethu about dulquer salman and asif ali