സാനി കായിദം, ബീസ്റ്റ് മുതലായ ചിത്രങ്ങളിലൂടെ താനൊരു മികച്ച അഭിനേതാവാണെന്ന് കൂടി തെളിയിച്ച സംവിധായകനാണ് സെല്‍വരാഘവന്‍. നാച്ചുറല്‍ ആക്ടിങ്ങിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അഭിനയിക്കുകയാണെന്ന് കാണുന്ന പ്രേക്ഷകര്‍ അറിയാതിരിക്കുന്നതാണ് അഭിനേതാവിന്റെ വിജയമെന്ന് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സെല്‍വരാഘവന്‍ പറഞ്ഞു. ദൃശ്യം സിനിമയില്‍ മോഹന്‍ലാലിനെ കാണാനാവില്ലെന്നും അദ്ദേഹം നാച്ചുറല്‍ ആക്ടറാണെന്നും സെല്‍വരാഘവന്‍ പറഞ്ഞു.
മോഹന്‍ലാലിനെ കാണാന്‍ വേണ്ടി മാത്രം ദൃശ്യം കണ്ടാലും ലാഭമാണെന്ന സെല്‍വരാഘവന്റെ പരാമര്‍ശങ്ങള്‍ ഓര്‍മിപ്പിച്ച് നാച്ചുറല്‍ ആക്ടിങ്ങിന്റെ നിര്‍വചനം എന്താണെന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘അഭിനയമാണെന്ന് മനസിലാവരുത്. ആ ചിന്ത പോലും കാണുന്ന ആളുകളില്‍ ഉണ്ടാവരുത്. ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാലിനെ മറന്ന് ആ കഥാപാത്രത്തെ കാണും. കഥാപാത്രത്തിന്റെ മൈന്യൂട്ട് ഡീറ്റെയ്ല്‍സ് വരെ കാണാനാവും. അദ്ദേഹം നാച്ചുറല്‍ ആക്ടറാണ്. അഭിനയമാണെന്ന് ആളുകള്‍ അറിയാതിരിക്കുന്നതാണ് ഒരു അഭിനേതാവിന്റെ വിജയം. നന്നായി അഭിനയിക്കുന്നുണ്ടല്ലോ എന്ന് ആളുകള്‍ പറയരുത്.
ആക്ടറിനെ കഥാപാത്രത്തില്‍ നിന്നും വേര്‍തിരിക്കാനാവും. കമല്‍ സാറിനേയും ധനുഷിനേയും പോലെയുള്ളവര്‍ അതാണ് ചെയ്യുന്നത്. അസുരന്‍ നോക്കൂ, കഥാപാത്രത്തെ മാത്രമേ അവിടെ കാണാനാവൂ. ആ ഒരു ലക്ഷ്യമാണ് എല്ലാ അഭിനേതാക്കള്‍ക്കും ഉള്ളതെന്നാണ് ഞാന്‍ വിചാരിക്കുന്നത്,’ സെല്‍വരാഘവന്‍ പറഞ്ഞു.
ധനുഷിനെ നായകനാക്കി ചെയ്ത നാനേ വരുവേനാണ് ഒടുവില്‍ സെല്‍വരാഘവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. നാനേ വരുവേനില്‍ കാമിയോ റോളില്‍ സെല്‍വരാഘവന്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
Content Highlight: director selvaraghavan talks about mohanlal and drishyam