| Monday, 20th June 2022, 11:11 am

മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം, നടക്കാതായപ്പോള്‍ അദ്ദേഹത്തെ പോലെ റിയലിസ്റ്റിക്കായി അഭിനയിക്കുന്ന വിജയ് സേതുപതിയിലേക്ക് എത്തി: സീനു രാമസ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാമനിതന്‍ എന്ന ചിത്രം മമ്മൂട്ടിയെ വെച്ച് ചെയ്യാമെന്നാണ് വിചാരിച്ചത് എന്നും പിന്നീട് ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ വിജയ് സേതുപതിയിലേക്ക് എത്തുകയായിരുന്നു എന്നും സംവിധായകന്‍ സീനു രാമസ്വാമി. കേരളത്തില്‍ എത്തിയ സീനു രാമസ്വാമി പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.

‘വിജയ് സേതുപതിയോട് നിങ്ങള്‍ക്കുള്ള സ്‌നേഹം കാണുമ്പോള്‍ എനിക്ക് വളരെ അഭിമാനം തോന്നുന്നു. മാമനിതന്‍ എന്ന സിനിമ എഴുതി കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാറിനെ വെച്ച് ഈ സിനിമ ചെയ്യണമെന്നാണ് വിചാരിച്ചത്. ഒരു പ്രാവശ്യം അദ്ദേഹത്തെ കാണുകയും ചെയ്തു. പിന്നെ അദ്ദേഹത്തെ കാണാന്‍ പറ്റിയില്ല. വളരെ തിരക്കിലായിരുന്നു.

അദ്ദേഹത്തെ പോലെയോ അല്ലെങ്കില്‍ മോഹന്‍ലാല്‍ സാറിനെ പോലെയോ റിയലിസ്റ്റിക്കായ ഒരു ആര്‍ടിസ്റ്റ്, റിയലിസ്റ്റിക്കായ സിനിമകളും കൊമേഷ്യല്‍ സിനിമകളും ചെയ്യുന്ന ഒരു ആര്‍ടിസ്റ്റ്, അങ്ങനെയൊരു ആക്ടറിനെ പറ്റി ചിന്തിച്ചപ്പോഴാണ് വിജയ് സേതുപതി വീണ്ടും എന്റെ ലൈനില്‍ വന്നത്. കഥ കേട്ട് ഇതില്‍ അഭിനയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഇതുവരെ കണ്ട വിജയ് സേതുപതി ആയിരിക്കില്ല, വേറെ തരത്തിലുള്ള അഭിനയത്തെ, അഭിനയമല്ല, ജീവിതം തന്നെ വിജയ് സേതുപതി ഈ സിനിമയില്‍ ചെയ്തിട്ടുണ്ട്.

നായകനും നായികക്കും പ്രധാന്യം കൊടുക്കുന്ന സിനിമകള്‍ ഇപ്പോള്‍ തമിഴില്‍ വരാറില്ല. കേരളത്തിലും മറ്റ് ഭാഷകളിലും വരാറുണ്ട്. അങ്ങനെ നായകനും നായികക്കും സ്‌ക്രീന്‍ സ്‌പേസ് ലഭിക്കുന്ന സിനിമയിലാണ് വിജയ് സേതുപതി അഭിനയിച്ചത്. മൂന്ന് ഗെറ്റപ്പിലാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. 20 വയസുകാരനായും, 40 വയസ് പിന്നെ 45 വയസിലെ ഗെറ്റപ്പിലും അദ്ദേഹം ചിത്രത്തിലെത്തുന്നുണ്ട്. ഈ സിനിമയില്‍ അഭിനയിക്കാന്‍ യുവനായികമാരെ സമീപിച്ചെങ്കിലും ആരും തയാറായില്ല. ഇതില്‍ വന്ന് അഭിനയിച്ച ഗായത്രിക്ക് നന്ദി,’ സീനു രാമസ്വാമി പറഞ്ഞു.

സീനു രാമസ്വാമിക്കൊപ്പം വിജയ് സേതുപതിയും ഗായത്രിയും കൊച്ചിയിലെത്തിയിരുന്നു.
വൈ.എസ്.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജയും ആര്‍.കെ. സുരേഷിന്റെ സ്റ്റുഡിയോ 9 ഉം ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഗ്രാമീണ പശ്ചാത്തലത്തിലെടുത്തിരിക്കുന്ന ചിത്രത്തില്‍ കെ.പി.എ.സി ലളിതയും ഗുരു സോമസുന്ദരവും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: Director Seenu Ramaswamy says that he wanted to do ‘Mamanithan’ with Mammootty and later came to Vijay Sethupathi

We use cookies to give you the best possible experience. Learn more