തികഞ്ഞ ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയാണ് നയന്‍താരയെന്നും മനസിനക്കരയിലെ ഗൗരിയാകാനുള്ള ആദ്യ വരവില്‍ തന്നെ താന്‍ അക്കാര്യം ശ്രദ്ധിച്ചിരുന്നെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
എങ്ങനെയെങ്കിലും സിനിമയില്‍ എത്തിയേ തീരൂ എന്ന വാശിയൊന്നും നയന്‍താരയില്‍ കണ്ടിരുന്നില്ലെന്നും ആ കഥാപാത്രത്തിന് ഇണങ്ങുന്നതാണെങ്കില്‍ അഭിനയിച്ചുനോക്കാം, ഇല്ലെങ്കില്‍ ഒരു മനപ്രയാസവുമില്ലാതെ തിരിച്ചുപോകാം എന്നൊരു ഭാവമായിരുന്നു അവരുടേതെന്നും സത്യന്‍ അന്തിക്കാട് ഗൃഹലക്ഷ്മിയില്‍ എഴുതിയ പംക്തിയില്‍ പറയുന്നു.
നയന്‍താര ജനിച്ചതും വളര്‍ന്നതുമൊക്കെ കേരളത്തിന് പുറത്താണ്. സ്വന്തം നാടായ തിരുവല്ലയില്‍ വളരെ കുറച്ച് വര്‍ഷങ്ങളേ ജീവിച്ചിട്ടുള്ളൂ. എന്നിട്ടും നമ്മളോട് സംസാരിക്കുമ്പോഴും ചാനല്‍ അഭിമുഖങ്ങളിലുമൊക്കെ പച്ചമലയാളത്തിലേ സംസാരിക്കാറുള്ളൂ. തമിഴ് ചാനലിലാണെങ്കില്‍ ശുദ്ധമായ തമിഴ് ഭാഷയില്‍ മാത്രം. മറ്റാരെക്കാളും മനോഹരമായി ഇംഗ്ലീഷില്‍ സംസാരിക്കാനറിയുന്ന ആളാണ്. പക്ഷേ ഇംഗ്ലീഷാണ് അറിവിന്റേയും അന്തസ്സിന്റേയും അളവുകോലെന്ന് നയന്‍താര കരുതിയിട്ടേയില്ല. നിറംകുടം തുളമ്പാറില്ലല്ലോ’, സത്യന്‍ അന്തിക്കാട് പറയുന്നു.
എന്നും എപ്പോഴും എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് നയന്‍താര എത്തിയ ഒരു അനുഭവവും സത്യന്‍ അന്തിക്കാട് പങ്കുവെക്കുന്നുണ്ട്. ‘ എന്നും എപ്പോഴും എന്ന സിനിമയുടെ ഷൂട്ടിങ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ നടക്കുകയാണ്. മഞ്ജു വാര്യരും ലെനയുമുണ്ട്. മഞ്ജുവിന് ഏതോ അവാര്‍ഡ് കിട്ടിയ ദിവസമാണ്. കുറേ ചാനലുകാരും പത്രക്കാരും എത്തിയിട്ടുണ്ട്. പെട്ടെന്നൊരു കാറില്‍ നയന്‍താര വന്നിറങ്ങി.
‘ ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍’ എന്ന സിനിമയുടെ ഷൂട്ടിങ് അതിനടുത്തെവിടെയോ നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് കിട്ടിയ ഒഴിവുസമയത്ത് ഞങ്ങളുടെ സെറ്റിലേക്ക് വന്നതാണ്. ചാനലുകാരും ഷൂട്ടിങ് സെറ്റിലുള്ളവരുമൊക്കെ നയന്‍സിന് ചുറ്റും കൂടി. എല്ലാവരോടും ചിരിച്ച് ചെറിയ തോതില്‍ കുശലം പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ സ്ഥലം വിട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ എന്റെ ഫോണിലേക്ക് നയന്‍താരയുടെ ദീര്‍ഘമായ ഒരു മെസ്സേജ് വന്നു.
ഷൂട്ടിങ് അടുത്ത് നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്നെ കാണാന്‍ മാത്രമായി ഓടിയെത്തിയതാണെന്നും വിചാരിച്ചതിലും കൂടുതല്‍ ആളുകളും പത്രക്കാരുമൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ തിരിച്ചുപോന്നതെന്നും അതിലെഴുതിയിരുന്നു. ഒപ്പം ഹൃദയത്തില്‍ തൊടുന്ന ചില വാക്കുകളും.
‘ സിനിമ എന്ന അത്ഭുതലോകത്തിന്റെ വാതിലുകള്‍ എനിക്കുമുന്നില്‍ തുറന്നുതന്നത് താങ്കളാണ്. താങ്കള്‍ പ്രതീക്ഷിച്ചതുപോലെയുള്ള അഭിനയ മികവ് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ഞാനതിന് ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതെന്റെ ഗുരുവിന് നല്‍കുന്ന വാക്കാണ്’, അതിമനോഹരമായ ഇംഗ്ലീഷിലാണ് എഴുത്ത്.
സത്യമായും എനിക്ക് സന്തോഷം തോന്നി. നയന്‍താര സിനിമയിലെത്താന്‍ ഞാനൊരു നിമിത്തമായി എന്നല്ലാതെ അവരുടെ വളര്‍ച്ചയില്‍ മറ്റൊരു പങ്കും എനിക്കില്ല. സ്വന്തം കഴിവും ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ടാണ് അവര്‍ ഇന്നത്തെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയത്’, സത്യന്‍ അന്തിക്കാട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Director Sathyan Anthikkad Share Experiance With Actress Nayanthara