|

ഒരാളെ കൊന്നാല്‍ 12 വര്‍ഷമാണ് ജീവപര്യന്തം ശിക്ഷ, ഞാന്‍ ആരെയും കൊന്നില്ലല്ലോയെന്ന് വേണു പറഞ്ഞു; 14 വര്‍ഷത്തെ പിണക്കത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ മനസുകളില്‍ ഇന്നും തങ്ങിനില്‍ക്കുന്ന താരമാണ് നെടുമുടി വേണു. നടനായും തിരക്കഥാകൃത്തുമായും അദ്ദേഹം വെള്ളിത്തിരയില്‍ തിളങ്ങി നിന്നു. അഞ്ച് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ താരം മലയാളത്തിലും തമിഴിലുമായി 500ലധികം സിനിമകളില്‍ അഭിനയിച്ചു. 1972ല്‍ പുറത്തിറങ്ങിയ ‘ഒരു സുന്ദരിയുടെ കഥ’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന നെടുമുടി വേണു, മമ്മൂട്ടി നായകനാവുന്ന ‘പുഴു’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

നെടുമുടി വേണുവുമായി താന്‍ പിണക്കത്തിലായിരുന്നുവെന്നും, എന്നാല്‍ അത് സ്നേഹത്തിന്റെ പരിഭവങ്ങളാണെന്നും പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമ ഡാഡി എന്ന ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഒരിക്കല്‍ ഞാനും വേണുവും തമ്മില്‍ ഒരു പിണക്കമുണ്ടായി. വേണു പിണങ്ങിയില്ല, പക്ഷേ ഞാന്‍ പിണങ്ങിയിരുന്നു. അതിന് കാരണവും ഉണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ എന്റെ സിനിമകളില്‍ എപ്പോഴും വേണുവും ഉണ്ടാകും. പിന്നീട് വലിയ ഒരു ഗ്യാപ്പ് വന്നു. അതായത് ഒരു 14 വര്‍ഷത്തോളം വേണു എന്റെ സിനിമകളില്‍ അഭിനയിച്ചിട്ടില്ല,” സത്യന്‍ അന്തിക്കാട് പറഞ്ഞു.

”അതിനുള്ള ഒരു കാരണം എന്നത് എന്റെ ഒരു സിനിമ വിദേശത്ത് എടുക്കുമ്പോള്‍ വേണുവിനെ വിളിച്ചപ്പോള്‍, വിസ കൊടുത്തിട്ടും വേണുവിന് വരാന്‍ സാധിച്ചില്ല. അത് എനിക്ക് വലിയ വിഷമമായി. പിന്നെ എന്റെ അടുത്ത പടത്തിനും പിന്നത്തെ പടത്തിനും വേണുവിനെ വിളിച്ചില്ല. കാരണം ഇതല്ലെങ്കിലും വേണു പിന്നീടുള്ള എന്റെ പടങ്ങളില്‍ ഇല്ലാതായി.

പിന്നീട് ഒരു സ്റ്റേറ്റ് അവാര്‍ഡ് പരിപാടിയില്‍ വെച്ച് വേണു എന്റെ അടുത്ത് വന്നു. ഒരാളെ കൊന്നാല്‍ 12 വര്‍ഷമാണ് ജീവപര്യന്തത്തിന്റെ ശിക്ഷ. ഞാന്‍ ആരെയും കൊന്നിട്ടില്ലല്ലോ, 14 കൊല്ലമായി എന്ന് വേണു എന്നോട് പറഞ്ഞു. ഞാന്‍ അത് ഓര്‍ത്തില്ല, നമ്മള്‍ അതിനെ കുറിച്ച് പലപ്പോഴും ചിന്തിക്കുന്നുമില്ല എന്ന് പറഞ്ഞു. അതെല്ലാം ഒരു സ്നേഹത്തിന്റെ പരിഭവങ്ങളാണ്. അതല്ലാതെ കാര്യമായ പരിഭവങ്ങള്‍ ഉണ്ടാകാറില്ല,” സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

മകളാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സാണ് നിര്‍മിച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് മകള്‍.

ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, ശ്രീനിവാസന്‍, നസ്ലിന്‍ കെ. ഗഫൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഏപ്രില്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

Content Highlight: Director Sathyan Anthikkad says that he was in a quarrel with Nedumudi Venu