| Tuesday, 13th April 2021, 4:20 pm

ജയറാമിന്റെ നായികയായി മീരാ ജാസ്മിന്‍ തിരിച്ചെത്തുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിനാണ് നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

‘ഞാന്‍ പ്രകാശനില്‍’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നസെന്റ്, ശ്രീനിവാസന്‍, സിദ്ദിഖ് തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍.

‘ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്.

സത്യന്‍ അന്തിക്കാട് തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാന്‍ തൃശ്ശൂര്‍ റീജ്യണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന്‍ പറഞ്ഞു – ‘ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.’

എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല.

ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു – ‘ഈ കഥ, നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഞാന്‍ മോഷ്ടിച്ചതാണ്.’ അമ്പരപ്പു മാറി സദസ്സില്‍ നീണ്ട കരഘോഷം ഉയര്‍ന്നു.

ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓര്‍മ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകള്‍ക്ക് വേണ്ടിയാണ്.

ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു.

ജയറാമാണ് നായകന്‍. മീര ജാസ്മിന്‍ നായികയാകുന്നു. ഒപ്പം ‘ഞാന്‍ പ്രകാശനില്‍’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.

‘ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്.

പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിര്‍വ്വഹിക്കും. ‘ഞാന്‍ പ്രകാശനിലേത്’ പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോര്‍ഡ് ചെയ്യുന്നത്. അനില്‍ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മോമി, പാണ്ഡ്യന്‍,സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും.

സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാല്‍ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Sathyan Anthikkad New Movie With Meera Jasmine and Jayaram

Latest Stories

We use cookies to give you the best possible experience. Learn more