| Monday, 6th February 2023, 11:06 am

പ്രിയന്‍ ചെയ്ത ഒരേയൊരു തെറ്റാണ് 'മരക്കാര്‍', സിനിമയിലില്ലാത്ത ഡയലോഗ് വരെ ട്രോളായി വന്നു: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സ്വന്തം പ്രാവീണ്യം തെളിയിക്കാന്‍ ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കുന്നുണ്ടെന്നും ഒരാളെ ഒരുപാട് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പണ്ട് തിയേറ്ററില്‍ ആളെ കയറ്റി കൂവിക്കുകയായിരുന്നു എന്നും ഇന്ന് അതൊക്കെ ചെയ്യുന്നത് സോഷ്യല്‍ മീഡിയ വഴിയാണെന്നും സംവിധായകന്‍ പറഞ്ഞു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ എന്ന സിനിമക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രിയദര്‍ശന്‍ ചെയ്ത ഒരേ ഒരു തെറ്റ് മരക്കാര്‍ സംവിധാനം ചെയ്തതാണെന്നും സിനിമയിലില്ലാത്ത ഡയലോഗുകള്‍ ഉപയോഗിച്ചുള്ള ട്രോളുകള്‍ വന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘സോഷ്യല്‍ മീഡിയയെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല. സ്വന്തം പ്രവീണ്യം കാണിക്കാന്‍ ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കാറുണ്ട്. ഒരാളെ കുറെ പേര്‍ ചേര്‍ന്ന് ആക്രമിക്കുന്നു. പണ്ട് തിയേറ്ററില്‍ ആളെ കയറ്റി കൂവിക്കുന്നു. ഇന്ന് സോഷ്യല്‍ മീഡിയ വഴിയാണ് ഇത് ചെയ്യുന്നത്. പ്രിയന്‍ ഒരു അപരാതമേ ചെയ്തിട്ടുള്ളു, മരക്കാര്‍ ചെയ്തു.

സിനിമയില്‍ ഇല്ലാത്ത ഡയലോഗ് ഉപയോഗിച്ച് പോലും ട്രോളുകള്‍ വന്നു. തല്ലുമാല ഇറങ്ങിയപ്പോള്‍ യൂത്ത് കയറിയാലേ സിനിമ വിജയിക്കൂ എന്ന് ആളുകള്‍ പറഞ്ഞു. അപ്പോഴാണ് മാളികപ്പുറം വരുന്നത്. അതിന് അമ്മമാരൊക്കെയാണ് കയറുന്നത്. സിനിമയെ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

സന്ദേശം സിനിമയെ കുറിച്ചും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സന്ദേശത്തിന്റെ കഥ ഇന്നും പ്രസക്തമാണെന്നും അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘പ്രിയദര്‍ശനും ഞാനും തമ്മില്‍ ഒന്നോ രണ്ടോ വര്‍ഷത്തെ വ്യത്യാസമേ ഉള്ളൂ, ഞങ്ങള്‍ സമകാലികരാണ്. ഞാനും ശ്രീനിവാസനും ചെയ്ത അര്‍പ്പണത്തിന്റെ ഫലമാണ് ‘സന്ദേശം. എപ്പോഴും പൊള്ളുന്ന ഒന്നാണ് ഈ ചിത്രം. ഇപ്പോഴും ഈ സിനിമ ചര്‍ച്ചയാകുന്നതില്‍ സന്തോഷം,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

ജയറാം നായകനായെത്തിയ ‘മകള്‍’ ആണ് സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മീരാജാസ്മിനായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെയൊരു വിജയം നേടാന്‍ സിനിമക്ക് കഴിഞ്ഞില്ല.

content highlight: director sathyan anthikkad against social media film critics

We use cookies to give you the best possible experience. Learn more