ഒരേ റൂട്ടിലോടുന്ന ബസ്സെന്ന ആരോപണം എനിക്ക് നേരെയുണ്ട്: വെറുതെ ചീത്ത പറയുന്നവരെ വെറുതെ വിടുകയാണ് ചെയ്യാറ്: സത്യന്‍ അന്തിക്കാട്
Movie Day
ഒരേ റൂട്ടിലോടുന്ന ബസ്സെന്ന ആരോപണം എനിക്ക് നേരെയുണ്ട്: വെറുതെ ചീത്ത പറയുന്നവരെ വെറുതെ വിടുകയാണ് ചെയ്യാറ്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th May 2022, 3:19 pm

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ജയറാമിനേയും മീര ജാസ്മിനേയും പ്രധാനകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകള്‍. കുടുംബപശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

താനും ഒരു പ്രേക്ഷകനാണെന്നും താന്‍ കൂടി ആഗ്രഹിക്കുന്ന സിനിമകളാണ് ചെയ്യുന്നതെന്നും പറയുകയാണ് സത്യന്‍ അന്തിക്കാട്. ഒരു സിനിമയെടുത്തിട്ട് നിങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയെന്ന് ചിന്തിക്കാന്‍ പാടില്ലെന്നും പ്രേക്ഷകര്‍ കാണാന്‍ വേണ്ടിയാണ് സിനിമ എടുക്കുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓടിയിട്ടില്ലെങ്കിലും ആ സിനിമ തനിക്ക് പ്രിയപ്പെട്ടതാണെന്ന് പറയുന്നവരുണ്ട്. അതില്‍ തെറ്റൊന്നും ഇല്ല. എന്നാല്‍ എന്റെ കാര്യത്തില്‍ ഓടാത്ത ഒരു സിനിമയും എനിക്ക് ഇഷ്ടമല്ല. അത് എന്റേതാണെങ്കില്‍ പോലും. നമ്മള്‍ പബ്ലിക്കിന് വേണ്ടിയാണ് സിനിമ ചെയ്യുന്നത്. അവര്‍ കാണണമെന്നത് തന്നെയാണ് ആത്യന്തികമായ ലക്ഷ്യം.

നമ്മുടെ ടേസ്റ്റിന് അനുസരിച്ചുള്ള സിനിമകളാണ് ചെയ്യുന്നത്. ഞാന്‍ കാണാനാഗ്രഹിക്കുന്ന, എനിക്ക് ഇഷ്ടപ്പെട്ട ഗ്രേറ്റ് സിനിമകളുണ്ടാകും. അതൊരിക്കലും ഞാന്‍ എടുക്കാന്‍ പോകില്ല. ഞാന്‍ അതിന് തയ്യാറാകില്ല. ഉദാഹരണം പറഞ്ഞാല്‍ ആകാശദൂത് പോലൊരു സിനിമ എനിക്ക് ഇഷ്ടമാണ്. പക്ഷേ അതൊരിക്കലും ഞാന്‍ ചെയ്യില്ല. അത്രയും ദു:ഖം കോരിയൊഴിക്കുന്ന സിനിമയൊന്നും എനിക്ക് ചെയ്യാനാവില്ല.

അതുപോലെ ആക്ഷന്‍ പടങ്ങള്‍. ജോഷിയുടെ പടങ്ങളൊക്കെ കണ്ട് അന്തം വിട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ആ വഴിക്ക് പോകാറില്ല. അത് എന്റെ മേഖല അല്ല. കാരണം ഞാന്‍ എനിക്ക് പരിചയമുള്ള നാട്ടിന്‍പുറവും കഥകളുമാണ് എടുക്കുന്നത്.

ഒരേ റൂട്ടില്‍ കൂടി ഓടുന്ന ബസ് എന്ന ആരോപണം എന്നെ പറ്റി വരുന്നുണ്ട്. സേഫായ റൂട്ടില്‍ കൂടി പോകുന്ന ബസ്സെന്ന് പറയാറുണ്ട്. എനിക്ക് സേഫായ റൂട്ടില്‍ കൂടി പോകാനാണ് ഇഷ്ടം. ആളുകളെ കൊണ്ടുപോയി അപകടത്തില്‍ ചാടിക്കാന്‍ എനിക്ക് ആഗ്രഹമില്ല, സത്യന്‍ അന്തിക്കാട് പറഞ്ഞു.

ചെയ്ത സിനിമകളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ, അത്തരം വിമര്‍ശനങ്ങള്‍ സ്വാധീനിക്കാറുണ്ടോ എന്ന ചോദ്യത്തിന് നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ സ്വാധീനിക്കാറുണ്ടെന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ മറുപടി.

വെറുതെ ചീത്ത പറയുന്നവരെ ഞാന്‍ വെറുതെ വിടുകയാണ് ചെയ്യുക. എനിക്ക് ഉറപ്പുള്ള ഒരു കാര്യത്തെപ്പറ്റി വേറെ ഒരാള്‍ എത്ര മോശം പറഞ്ഞാലും എന്നെ അത് ബാധിക്കില്ല. വിമര്‍ശനങ്ങള്‍ ഒരു പരിധി വരെ കേള്‍ക്കും. പിന്നെ ചെയ്തുകഴിഞ്ഞ ഒരു കാര്യത്തില്‍ പിന്നെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ. അത് അങ്ങനെ വിട്ടേക്കുക,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Director Sathyan Anthikkad about The criticism he faced