| Wednesday, 30th December 2020, 3:10 pm

'എന്റെ അഭിനയത്തില്‍ അദ്ദേഹം തൃപ്തനല്ലെന്ന് തോന്നുന്നു'; ആ ഷൂട്ടിങ്ങിനിടെ നയന്‍താര വിളിച്ചതിനെ കുറിച്ച് സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നയന്‍താരയെന്ന നടിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മനസിനക്കരെ എന്ന ചിത്രത്തിലെ നായികയായ ഗൗരിയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ ഒരുക്കിയ വിസ്മയത്തുമ്പത്തായിരുന്നു നയന്‍താരയുടെ രണ്ടാമത്തെ ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിനിടെ നയന്‍താര തന്നെ വിളിച്ച ഒരു കാര്യം ഓര്‍ത്തെടുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട്.

താന്‍ അഭിനയിക്കുന്ന രീതി ഫാസിലിന് ഇഷ്ടമാകുന്നില്ലേ എന്ന ആശങ്കയായിരുന്നു ആ കോളിലൂടെ നയന്‍താര പങ്കുവെച്ചതെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

‘നാലഞ്ചു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ഒരു ദിവസം നയന്‍താര എന്നെ വിളിച്ചു. ഷൂട്ടിങ് സ്ഥലത്ത് പൊതുവെ നല്ല അന്തരീക്ഷമാണ്. എല്ലാവരും വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. എങ്കിലും എന്റെ അഭിനയത്തില്‍ ഫാസില്‍ സര്‍ തൃപ്തനല്ല എന്നൊരു തോന്നല്‍’.

ഫാസില്‍ അങ്ങനെ പറഞ്ഞോ, എന്ന് ഞാന്‍ ചോദിച്ചു. പറഞ്ഞില്ല, മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം. ഞാനപ്പോള്‍ ചിന്തിച്ചത് ഫാസിലിനെപ്പറ്റിയാണ്. ചില കഥാപാത്രങ്ങള്‍ ചിലര്‍ അഭിനയിച്ചുതുടങ്ങുമ്പോള്‍ ഇങ്ങനെയല്ല വേണ്ടത് എന്ന് തോന്നാറുണ്ട്. ഒന്നുരണ്ട് സിനിമകളില്‍ ഈ കാരണം കൊണ്ട് ഞാന്‍ പോലും നായികമാരെ മാറ്റിയിട്ടുണ്ട്.

ഗോളാന്തരവാര്‍ത്തയില്‍ ശോഭനയ്ക്ക് പകരം മറ്റൊരു നടിയായിരുന്നു. വിനോദയാത്രയിലും വേറൊരു നടിയെ പരീക്ഷിച്ചുനോക്കിയതാണ്. മീരാജാസ്മിന്‍ വന്നില്ലായിരുന്നെങ്കില്‍ അന്ന് തന്നെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വരുമായിരുന്നു.

അത്തരമൊരു സാഹചര്യമാണെങ്കില്‍ അത് പറയാനുള്ള മനപ്രയാസത്തിലാകും ഫാസില്‍. വാസ്തവത്തില്‍ മറ്റൊരു സിനിമ വേണ്ടെന്നുവെച്ചിട്ടാണ് നയന്‍താര വിസ്മയത്തുമ്പത്തിലെത്തുന്നത്. എങ്കിലും ഞാന്‍ ചോദിച്ചു, ‘ ഈ സിനിമയില്‍ നിന്ന് പിന്‍മാറേണ്ടി വരികയാണെങ്കില്‍ വിഷമമാകുമോ?

ഒരു വിഷമവുമില്ല. എന്നെയോര്‍ത്ത് മറ്റുള്ളവര്‍ വിഷമിക്കരുതെന്നേയുള്ളൂ. തെളിഞ്ഞ മനസോടെയുള്ള മറുപടി. എങ്കില്‍ അക്കാര്യം ഫാസിലിനോട് നേരിട്ട് പറയൂവെന്ന് ഞാന്‍ പറഞ്ഞു. ഒരുമടിയുമില്ലാതെ അന്ന് തന്നെ അവരത് പറയുകയും ചെയ്തു.

പിന്നെ നയന്‍താരയുടെ ഫോണില്‍ നിന്ന് എന്നെ വിളിക്കുന്നത് ഫാസില്‍ തന്നെയാണ്. ചിരിച്ചുകൊണ്ട് ഫാസില്‍ പറഞ്ഞു. ‘ ഞാന്‍ പ്രതീക്ഷിച്ചതിലും നന്നായിട്ടാണ് ഈ കുട്ടി അഭിനയിക്കുന്നത്. എന്ത് നിഷ്‌ക്കളങ്കമായ നോട്ടമാണ്. കഥാപാത്രത്തിന്റെ പേടിയും വിഹ്വലതകളുമൊക്കെ എത്ര അനായാസമായാണ് മുഖത്ത് പ്രതിഫലിക്കുന്നത്. ഞാനത് പറഞ്ഞിരുന്നില്ല എന്നേയുള്ളൂ. നയന്‍താര ഹാപ്പിയായി.

ഞാന്‍ പറഞ്ഞു, ഓരോ സംവിധായകര്‍ക്കും ഓരോ രീതിയുണ്ട്. മനസിനക്കരയില്‍ ഓരോ ഷോട്ട് കഴിയുമ്പോഴും ഞാനും ജയറാമുമൊക്കെ കൈയടിച്ച് പ്രോത്സാഹിപ്പിക്കും. അത് ആദ്യസിനിമ ആയതുകൊണ്ടാണ്. ഫാസിലിന്റെ സെറ്റില്‍ നയന്‍താര എത്തുന്നത് ഒരു പുതുമുഖമായിട്ടല്ല. ചെറിയ കാര്യമാണെങ്കിലും മനസില്‍ അങ്ങനെയൊരു സംശയം തോന്നിയപ്പോള്‍ പക്വതയോടെ അതിനെ നേരിട്ട രീതി എനിക്കിഷ്ടമായി.

നയന്‍താരയുടെ ജീവിതത്തിലുടനീളം ഈ സത്യസന്ധമായ സമീപനമുണ്ട് അതു തന്നെയാണ് അവരെ ഉയരങ്ങളിലേക്ക് നയിക്കുന്നതും. തന്റെ മനസിന് ശരി എന്ന് തോന്നുന്നത് മാത്രമേ ചെയ്യൂ. സ്വന്തം മനസാക്ഷിയ്ക്ക് അനുസരിച്ച് ജീവിക്കുക എന്നതൊരു ഭാഗ്യമാണ്. അസാമാന്യ ധൈര്യവും ആത്മാര്‍ത്ഥതയും ഉള്ളവര്‍ക്കേ അത് സാധിക്കൂ, സത്യന്‍ അന്തിക്കാട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Fazil About Actress Nayanthara

We use cookies to give you the best possible experience. Learn more