Movie Day
നസ്‌ലിന്‍ ഒരു ജനുവിന്‍ നടനാണ്; അഭിനയം കണ്ട് ജയറാമൊക്കെ അന്തം വിട്ടിട്ടുണ്ട്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 07, 09:55 am
Saturday, 7th May 2022, 3:25 pm

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങിയ മകള്‍ എന്ന ചിത്രത്തില്‍ രോഹിത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയിരിക്കുകയാണ് നടന്‍ നസ്‌ലിന്‍.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ സിനിമയിലെത്തിയ നസ്‌ലിന്‍ വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ ഇതിനകം തന്നെ പ്രേക്ഷകരുടെ മനസില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. വളരെ സ്വാഭാവികമായ അഭിനയം തന്നെയാണ് നസ്‌ലിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

നസ്‌ലിനെ മനസില്‍ കണ്ട് തന്നെയാണ് മകള്‍ എന്ന കഥാപാത്രം ഒരുക്കിയതെന്ന് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുതല്‍ താന്‍ നസ്‌ലിനെ ശ്രദ്ധിച്ചിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘മകള്‍ എന്ന സിനിമയില്‍ നസ്‌ലിന് വേണ്ടി ഉണ്ടാക്കിയ കഥാപാത്രമാണ് അത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുതല്‍ ഞാന്‍ നസ്‌ലിനെ ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ മാത്രമല്ല ഇക്ബാലും എന്റെ മക്കളുമൊക്കെ ഇവനെ ശ്രദ്ധിച്ചിട്ടുണ്ട്. അവന്‍ അഭിനയിക്കുന്ന പല സീനിലും ക്യാമറ മുന്നിലുണ്ടെന്ന് തോന്നിപ്പിക്കാതെ ബിഹേവ് ചെയ്യുന്നുണ്ട്.

അത് വലിയൊരു ക്വാളിറ്റിയാണ്. ആക്ടിങ് വേറെ ബിഹേവിങ് വേറെ. അവന്‍ ആക്ട് ചെയ്യുന്നില്ല. അവന്‍ അവന് തോന്നുന്ന രീതിയില്‍ അവന്റെ ഭാഷയില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുകയാണ്. അത്തരമൊരു ക്യാരക്ടര്‍ ഈ സിനിമയില്‍ പ്രധാനമാണ്. അപര്‍ണ എന്ന് പറയുന്ന ദേവിക സഞ്ജയ് ചെയ്യുന്ന കഥാപാത്രത്തിന് ഇഷ്ടം തോന്നുന്ന ഒരു പയ്യന്‍. അവന്‍ അവന് തോന്നുന്ന അവന്റെ ബുദ്ധിയില്‍ തോന്നുന്ന കുറേ സൂത്രങ്ങളൊക്കെയാണ് പ്രയോഗിക്കുന്നത്. അതുകൊണ്ടാണ് അവന്‍ ഹിന്ദി പറയുന്നതൊക്കെ.

ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ ഭയങ്കര പൊട്ടിച്ചിരിയുണ്ടാക്കിയ കുറേ സീനുകള്‍ ഉണ്ട്. ജയറാമൊക്കെ അന്തംവിട്ട് നോക്കിനിന്നിട്ടുണ്ട് ഇവന്റെ അഭിനയം. എന്ത് രസമായിട്ടാണ് നസ്‌ലിന്‍ പെര്‍ഫോം ചെയ്യുന്നതെന്ന് ജയറാം എന്റെ അടുത്ത് വന്ന് പറഞ്ഞിട്ടുണ്ട്.

അതുപോലെ സിനിമയില്‍ സിദ്ദിഖ് തുമ്മുന്ന ഒരു സീനുണ്ട്. ഇവന്‍ വന്നിട്ട് സിദ്ദിഖിന്റെ അടുത്ത് ചോദിക്കും, അല്ല ഇക്ക എങ്ങനെയാണ് ഇത്ര സ്വാഭാവികമായിട്ട് തുമ്മുന്നത് എന്ന്. എന്നിട്ട് അവന്‍ തുമ്മി പഠിക്കുകയാണ്. അങ്ങനെ ഞാന്‍ അവന്റെ തുമ്മല്‍ പടത്തില്‍ വേറൊരു ഭാഗത്ത് ആഡ് ചെയ്തിട്ടുണ്ട്.

ഒരു സിനിമയുടെ ഭാഗമാകുമ്പോള്‍ അതൊരു ജോലിയല്ലാത്ത വിധത്തില്‍ മാറാന്‍ പറ്റുമ്പോഴാണ് ഒരു നടന്‍ ജനുവിനായി മാറുന്നത്. അത്തരത്തില്‍ ഒരു ജനുവിന്‍ നടനാണ് നസ്‌ലിന്‍,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Director  Sathyan Anthikkad about Naslen