| Wednesday, 31st March 2021, 12:28 pm

അയ്മനം സിദ്ധാര്‍ഥന്‍മാരെ നമുക്ക് ആവശ്യമില്ല; മരിച്ചാലേ മാറൂ എന്ന് വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപം: സത്യന്‍ അന്തിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഖസാക്കിന്റെ വേറെ എന്തൊക്കെയോ വായിച്ചിട്ടുണ്ട് ഇതിഹാസം വായിക്കാന്‍ സമയം കിട്ടിയിട്ടില്ല എന്ന് പറയുന്ന അയ്മനം സിദ്ധാര്‍ഥന്‍മാരെ രാഷ്ട്രീയത്തില്‍ നമുക്ക് ആവശ്യമില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

തികഞ്ഞ സൗഹൃദത്തോടെ നമ്മളില്‍ ഒരാളായി നടക്കുന്ന മന്ത്രിമാര്‍ ഒരു സ്വപ്നമാണെന്നും എതിരാളികളെ ഒതുക്കാന്‍ പൊലീസിനെ കരുവാക്കുന്ന സമ്പ്രദായവും പാടില്ലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. സാഹിത്യത്തിലും കലയിലും സ്‌പോര്‍ട്‌സിലുമൊക്കെ ഒരു ചെറിയ അറിവെങ്കിലും ഭരണാധികാരികള്‍ക്ക് ഉണ്ടായിരിക്കണമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

വര്‍ഷങ്ങളോളം എം.പിയും എം.എല്‍.എയും മന്ത്രിയുമൊക്കെയായി കഴിഞ്ഞിട്ട് ഒരു വട്ടം അവരോട് ഒന്ന് മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ ‘പറ്റില്ല, എനിക്ക് ജനങ്ങളെ സേവിച്ചേ തീരൂ’ എന്ന് വാശിപിടിച്ച് അതിനവസരം കിട്ടിയില്ലെങ്കില്‍ മറുകണ്ടം ചാടി ഇന്നലെവരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയെ തെറി വിളിക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തമാശ.

അത്തരക്കാര്‍ ഇല്ലാത്തൊരു കാലം എന്റെ സ്വപ്നത്തിലുണ്ട്. ജനങ്ങളുടെ മനസ്സില്‍ ഇടം നേടാന്‍ വളരെ എളുപ്പമാണ്. നേര് പറയുകയും നേര്‍വഴി നടക്കുകയും ചെയ്താല്‍ മതി. സത്യം പറഞ്ഞു ജീവിക്കാനാണ് ഏറ്റവും എളുപ്പമെന്ന് നമ്മുടെ പല നേതാക്കള്‍ക്കും അറിയില്ല, സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം’ എന്ന് എന്റെ ഒരു സിനിമയിലെ കഥാപാത്രം പറയുന്നുണ്ട്. തെരഞ്ഞെടുപ്പിനെ പറ്റി ഓര്‍ക്കുമ്പോഴും അതുതന്നെയാണ് മനസ്സില്‍ വരിക. കള്ളവും ചതിയും ഒന്നുമില്ലാതെ മനുഷ്യരെല്ലാവരും ഒന്നുപോലെ വാഴുന്ന കാലമൊന്നും ഇനി സ്വപ്നം കണ്ടിട്ട് കാര്യമില്ല. എങ്കിലും മിനിമം ചില മോഹങ്ങള്‍ ഉണ്ടാവുമല്ലോ നമുക്കൊക്കെ.

പ്രധാനമായും അഴിമതിയില്ലാത്ത ഭരണം വേണം. അധികാരമെന്നത് തനിക്കും, തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും പണം ഉണ്ടാക്കാന്‍ കിട്ടുന്ന അവസരമാണ് എന്ന് കരുതാത്ത നേതാക്കള്‍ വേണം. മരിച്ചാലേ മാറൂ എന്ന് വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപം, സത്യന്‍ അന്തിക്കാട് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director sathyan Anthikkad About Kerala Politics

We use cookies to give you the best possible experience. Learn more