| Friday, 15th October 2021, 2:26 pm

പ്രത്യേകിച്ച് അഭിനയിക്കുകയൊന്നും വേണ്ട, 'നിങ്ങളങ്ങോട്ട് പെരുമാറിയാല്‍ മതി' എന്നായിരുന്നു മമ്മൂട്ടിയോട് പറഞ്ഞത്: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ എക്കാലത്തേയും സൂപ്പര്‍സ്റ്റാറാണ് നടന്‍ മമ്മൂട്ടി. 40 വര്‍ഷമായുള്ള കരിയറില്‍ നൂറ് കണക്കിന് കഥാപാത്രങ്ങളെയാണ് അഭ്രപാളിയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയത്.

മമ്മൂട്ടിയുടെ കരിയറിലെ തനിക്ക് ഇഷ്ടപ്പെട്ട അഞ്ച് കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഫ്‌ളാഷ് മൂവീസില്‍ എഴുതിയ കുറിപ്പിലാണ് തന്റെ ഇഷ്ടകഥാപാത്രത്തെ കുറിച്ച് സത്യന്‍ അന്തിക്കാട് സംസാരിച്ചത്.

വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍, പ്രാഞ്ചിയേട്ടനിലെ ചെറമ്മല്‍ ഫ്രാന്‍സിസ്, രാജമാണിക്യത്തിലെ മാണിക്യം, ഗോളാന്തര വാര്‍ത്തയിലെ രമേശന്‍ നായര്‍ എന്നിവയാണ് തനിക്കിഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി കഥാപാത്രങ്ങളെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. അതിനുള്ള കാരണങ്ങളും സത്യന്‍ അന്തിക്കാട് വിശദീകരിക്കുന്നുണ്ട്.

നമ്മുടെ വീട്ടിലെ ഒരു വല്യേട്ടനാണെന്ന് തോന്നിക്കുന്ന രീതിയില്‍ മമ്മൂട്ടി ബിഹേവ് ചെയ്ത കഥാപാത്രമാണ് വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍. വാത്സല്യത്തിന്റെ ഷൂട്ടിംഗ് തുടങ്ങും മുന്‍പേ ലോഹിതദാസ് ആ കഥ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് ലോഹി പറയുമ്പോള്‍ എന്റെ മനസില്‍ തെളിഞ്ഞ അതേ രൂപമാണ് വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍ക്ക് പെട്ടെന്ന് ആ കഥാപാത്രത്തിലേക്ക് മാറാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്.

അതുപോലെ പ്രാഞ്ചിയേട്ടന്‍, തൃശൂര്‍ ഭാഷ തൃശൂര്‍ക്കാരല്ലാതെ ആര് ചെയ്താലും നന്നാവാറില്ല. അത് പലപ്പോഴും കൃത്രിമമായി മാറാറാണ് പതിവ്. എന്നാല്‍ മമ്മൂട്ടി അത്രയ്ക്ക് മനോഹരമായാണ് പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രത്തെയും കഥാപാത്രത്തിന്റെ ഭാഷാ ശൈലിയും അവതരിപ്പിച്ചത്. പ്രാഞ്ചിയേട്ടനെ നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു കഥാപാത്രമാക്കി മാറ്റിയത് മമ്മൂട്ടിയുടെ ബ്രില്യന്‍സാണ്.

ഒരു വടക്കന്‍ വീരഗാഥയുടെ ഷൂട്ടിങ് തുടങ്ങുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് എം.ടിയെ കൊണ്ട് അതിലെ ഡയലോഗുകള്‍ പറയിച്ച് റെക്കോര്‍ഡ് ചെയ്ത് കാര്‍ യാത്രകളിലൊക്കെ മമ്മൂട്ടി അത് ഉരുവിട്ട് പഠിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മമ്മൂട്ടിക്കല്ലാതെ മറ്റൊരു നടന് വേണ്ടിയും എം.ടി അങ്ങനെ ചെയ്യില്ല. മമ്മൂട്ടിയല്ലാതെ മറ്റൊരു നടനും കഥാപാത്രത്തിന് വേണ്ടി അങ്ങനെയൊരു പഠനം നടത്തുമെന്ന് തോന്നുന്നില്ല.

ഇങ്ങനെയും ഇളകിയാടാന്‍ തനിക്ക് സാധിക്കുമെന്ന് മമ്മൂട്ടി തെളിയിച്ച സിനിമയായിരുന്നു രാജമാണിക്യം. മമ്മൂട്ടിയുടെ പതിവ് രീതികളില്‍ നിന്ന് പാടേ മാറിയുള്ള ഭാഷയും ശരീര ഭാഷയും. ശരീരത്തിനേയും മനസിനേയും കയറൂരി വിട്ടാണ് മമ്മൂട്ടി രാജമാണിക്യത്തില്‍ അഭിനയിച്ചതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

അതുപോലെ ഗോളാന്തര വാര്‍ത്തയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ പ്രത്യേകിച്ച് അഭിനയിക്കുകയൊന്നും വേണ്ട, നിങ്ങളങ്ങോട്ട് പെരുമാറിയാല്‍ മതി’ എന്നായിരുന്നു മമ്മൂട്ടിയോട് താന്‍ പറഞ്ഞതെന്നും മുരിങ്ങാച്ചോട്ടില്‍ രമേശന്‍ നായര്‍ എന്ന കഥാപാത്രത്തെ വളരെ നാച്വറലായാണ് മമ്മൂട്ടി അവതരിച്ചതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Sathyan Anthikad About His Favourite Characters on Mammootty

We use cookies to give you the best possible experience. Learn more