| Friday, 25th February 2022, 11:10 am

വെയിലിലേക്ക് ഷെയിനിന്റെ പേര് നിര്‍ദേശിച്ചത് ആ നടന്‍, കിസ്മത്തിന് ശേഷം ഷെയ്ന്‍ ശ്രദ്ധിക്കപ്പെട്ട സമയമായിരുന്നു അത്: സംവിധായകന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2014 ല്‍ ആരംഭിച്ച സിനിമ എട്ടുവര്‍ഷത്തിനിപ്പുറം തിയേറ്ററില്‍ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ശരത് മേനോന്‍. വെയില്‍ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ ശരത്തിന്റെ പ്രതീക്ഷയും വാനോളമാണ്.

ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം അങ്കമാലി ഡയറീസിലും ഇ.മ.യൗവിലും അസോസിയേറ്റായി പ്രവര്‍ത്തിച്ച ശേഷമാണ് ശരത് വെയിലിലേക്ക് എത്തുന്നത്. 2014 ല്‍ തന്നെ വെയിലിന്റെ തിരക്കഥ പകുതിയോളം എഴുതിയിരുന്നെന്നും പിന്നീട് അത് പൂര്‍ത്തിയാക്കി ഒരുപാട് സമയമെടുത്താണ് കാസ്റ്റിങ്ങിലേക്ക് എത്തുന്നതെന്നും ശരത് പറയുന്നു. വെയിലില്‍ നായകനായി ഷെയ്ന്‍ നിഗത്തെ നിര്‍ദേശിച്ചത് നടന്‍ വിനയ് ഫോര്‍ട്ടാണെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ശരത് മേനോന്‍ പറയുന്നുണ്ട്.

‘ 2014 ല്‍ വെയിലിന്റെ തിരക്കഥ പകുതിയോളം എഴുതിയിരുന്നു. പിന്നീടത് പൂര്‍ത്തിയാക്കി ഒരുപാട് സമയമെടുത്താണ് കാസ്റ്റിങ്ങിലേക്ക് എത്തുന്നത്. വിനയ് ഫോര്‍ട്ട് എന്റെ സുഹൃത്താണ്. അദ്ദേഹമാണ് ഷെയിന്റെ പേര് നിര്‍ദേശിച്ചത്. കിസ്മത്ത് പുറത്തിറങ്ങി ഷെയ്ന്‍ ശ്രദ്ധിക്കപ്പെട്ട സമയമായിരുന്നു. അങ്ങനെയാണ് ഷെയിനിലെത്തുന്നത്.

ഷൈന്‍ ടോം ചാക്കോ, ജെയിംസ് ഏലിയാസ് എന്നിവരെയൊഴിച്ചു നിര്‍ത്തിയാല്‍ ഈ സിനിമയിലെ മറ്റു അഭിനേതാക്കളെല്ലാം താരതമ്യേന പുതുമുഖങ്ങളാണ്. അഭിനേതാക്കളുടെ വിപണിമൂല്യം നോക്കിയല്ല അവരെ തെരഞ്ഞെടുത്തത്. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന അഭിനേതാക്കാളാണോ എന്നത് മാത്രമായിരുന്നു മാനദണ്ഡം’, ശരത് പറയുന്നു.

വെയിലിലെ കേന്ദ്രകഥാപാത്രങ്ങള്‍ അമ്മയും അവരുടെ രണ്ട് ആണ്‍മക്കളുമാണ്. ഈ രണ്ടു കൂടപ്പിറപ്പുകള്‍ തമ്മിലുള്ള ഈഗോയാണ് ചിത്രത്തിന്റെ കഥാതന്തു. സഹോദരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതും ദേഷ്യം വെച്ചുപുലര്‍ത്തുന്നതുമെല്ലാം ചില കുടുംബങ്ങളില്‍ സംഭവിക്കാറുണ്ട്. മാതാപിതാക്കള്‍ക്ക് തന്നെക്കാള്‍ ഇഷ്ടം മറ്റേയാളോടാണ് എന്ന തോന്നലില്‍ അല്ലെങ്കില്‍ പഠനത്തില്‍ തന്നേക്കാള്‍ മികവ് പുലര്‍ത്തുന്നത് കാണുമ്പോഴെല്ലാം പലരിലും ഈഗോ ഉണ്ടാകും.

തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പരം സംസാരിക്കാന്‍ ഈഗോയില്‍ വീര്‍പ്പുമുട്ടി അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കും. വെയിലില്‍ ഒരു മകന്‍ വൈകിയാണെങ്കിലും അത് തുറന്ന് സംസാരിക്കുന്നു. എന്നാല്‍ അപ്പോഴേക്കും ആ കുടുംബത്തില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങളും അവര്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്, ശരത് പറയുന്നു.

Content Highlight: Director sarath Menon About Veyil Movie and Shane Nigam

We use cookies to give you the best possible experience. Learn more