| Friday, 6th May 2022, 2:26 pm

ഷൂട്ടിനിടയില്‍ മഞ്ജുവിന് തലയ്ക്ക് അടി കിട്ടി സ്റ്റിച്ചിടേണ്ടി വന്നു, എന്നിട്ടും ഡ്യൂപ്പില്ലാതെ ഫൈറ്റ് സീന്‍ ചെയ്തു: സന്തോഷ് ശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാവുന്ന ‘ജാക്ക് എന്‍ ജില്‍’ എന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സയന്‍സ് ഫിക്ഷന്‍ കോമഡി സിനിമയായിരിക്കും ജാക്ക് എന്‍ ജില്‍.

ജാക്ക് എന്‍ ജില്ലിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് ശേഷം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായത് മഞ്ജു വാര്യരുടെ ആക്ഷന്‍ രംഗങ്ങളായിരുന്നു. ചിത്രത്തിലെ മൂന്ന് ഫൈറ്റുകളും താരത്തിന്റെ സോളോ പ്രകടനങ്ങളാണ്.

ജാക്ക് എന്‍ ജില്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ മഞ്ജുവിന് തലയ്ക്ക് അടി കിട്ടിയിട്ട് സ്റ്റിച്ചിടേണ്ടി വന്നിരുന്നുവെന്നും, അത് വകവയ്ക്കാതെയാണ് ഫൈറ്റ് സീനില്‍ പങ്കെടുത്തതെന്നും പറയുകയാണ് സംവിധായകന്‍ സന്തോഷ് ശിവന്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഉല്ലാസ് മോഹനാണ് ജാക്ക് എന്‍ ജില്ലിലെ ഫൈറ്റിനും ഗാനരംഗങ്ങള്‍ക്കും കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. കളരിയുടെ ഫ്‌ളേവറുകളാണ് ഫൈറ്റിന് ഉപയോഗിച്ചിരിക്കുന്നത്. അതിനായി മഞ്ജു കളരി പഠിച്ചു. ഉല്ലാസ് തന്നെയാണ് മഞ്ജുവിന് ഗുരുവായത്. ഷൂട്ടില്ലാത്ത സമയത്താണ് പരിശീലനം. ചില സമയം അത് രാവിലെ തുടങ്ങും.

മറ്റു ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍. ഏഴ് ദിവസത്തോളം പരിശീലനം ചെയ്തു. അതിനുശേഷമാണ് ഫൈറ്റ് സ്വീക്വന്‍സുകള്‍ ഷൂട്ട് ചെയ്തത്. നല്ല മെയ്വഴക്കത്തോടെയാണ് മഞ്ജു ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. എവിടെയും ഡ്യൂപ്പ് ഉപയോഗിച്ചിട്ടില്ല. ക്യാമറയ്ക്ക് മുന്നിലെ അവരുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു,” സന്തോഷ് ശിവന്‍ പറഞ്ഞു.

”ഒരു ഫൈറ്റ് തുടങ്ങുന്നതിന് മുമ്പുള്ള സീനില്‍ മഞ്ജുവിന്റെ തലയ്ക്ക് അടിയേറ്റിരുന്നു. ഒരു സഹനടനില്‍ നിന്നും സംഭവിച്ച പിഴവാണ്. നല്ല ചോര പൊടിയുന്നുണ്ടായിരുന്നു. പെട്ടെന്നുതന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. മൂന്ന് സ്റ്റിച്ചിടേണ്ടിവന്നു. അവിടെ നിന്ന് നേരെ ലൊക്കേഷനിലേയ്ക്ക് വരാമെന്നാണ് മഞ്ജു പറഞ്ഞത്.

ഞങ്ങള്‍ വിശ്രമിക്കാന്‍ നിര്‍ബന്ധിച്ച് ആവശ്യപ്പെടുകയായിരുന്നു. പിറ്റേന്ന് ആ തുന്നലും വെച്ചാണ് മഞ്ജു ഫൈറ്റ് സീനില്‍ പങ്കെടുത്തത്. ജോലിയോടുള്ള അവരുടെ സമര്‍പ്പണത്തെ നമിക്കാതെ വയ്യ,” സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്ക് എന്‍ ജില്‍ നിര്‍മിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സാണ് ചിത്രം വിതരണം ചെയ്യുന്നത്. ബി.കെ. ഹരിനാരായണനും റാം സുന്ദരും ചേര്‍ന്നെഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജേക്‌സ് ബിജോയിയും ചേര്‍ന്നാണ്.

സന്തോഷ് ശിവന്‍, അജില്‍ എസ് എം, സുരേഷ് രവിന്ദ്രന്‍ എന്നിവന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്‍, എസ്തര്‍ അനില്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്. ചിത്രം മെയ് 20ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Content Highlight: Director Santhosh Sivan about Manju Warrier and the fight scenes in Jack N Jill movie

We use cookies to give you the best possible experience. Learn more