Advertisement
Malayalam Cinema
അബോധാവസ്ഥയില്‍ കിടന്നപ്പോള്‍ വെള്ള ഡ്രസ്സിട്ട മനോഹരമായ മുഖമില്ലാത്ത ചില കാഴ്ചകള്‍ കണ്ടു, ശബ്ദങ്ങള്‍ കേട്ടു, കൂടെ യാത്രചെയ്തു; കൊവിഡ് അനുഭവം പറഞ്ഞ് സംഗീത് ശിവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 11, 05:34 am
Tuesday, 11th May 2021, 11:04 am

കൊവിഡ് ബാധിതനായി ദിവസങ്ങളോളം ആശുപത്രിക്കിടക്കയിലും വെന്റിലേറ്ററിലുമായി കിടക്കേണ്ടി വന്നതിനെ കുറിച്ചും ആ സമയത്ത് താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും മനസുതുറക്കുകയാണ് മലയാളത്തിലും ബോളിവുഡിലും ഒരുപോലെ കയ്യൊപ്പ് പതിപ്പിച്ച സംവിധായകനായ സംഗീത് ശിവന്‍.

തന്നെ സംബന്ധിച്ച് കൊവിഡ് കാലം ജീവിതത്തില്‍ വ്യത്യസ്തായ ഒരു അനുഭവമായിരുന്നെന്നും ഒരര്‍ത്ഥത്തില്‍ ഇത് തന്റെ രണ്ടാം വരവാണെന്നും സംഗീത് ശിവന്‍ കേരളകൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ലോകം മുഴുവന്‍ കൊവിഡ് വ്യാപിച്ചപ്പോഴും തനിക്ക് പേടിയൊന്നും തോന്നിയിരുന്നില്ലെന്നും തന്റെ എല്ലാ കാര്യങ്ങളും സാധാരണ നിലയില്‍ തന്നെയായിരുന്നു കടന്നുപോയിരുന്നതെന്നും സംഗീത് ശിവന്‍ പറയുന്നു.

അച്ഛനെ കാണാന്‍ വേണ്ടിയാണ് മുംബൈയില്‍ നിന്നും ഡിസംബറില്‍ കേരളത്തിലെത്തുന്നത്. ഒരാഴ്ച അച്ഛനോടൊപ്പം നില്‍ക്കാനായിരുന്നു യാത്രയെന്നും തിരിച്ചുപോകാന്‍ വേണ്ടി ഫ്‌ളൈറ്റ് ടിക്കറ്റടക്കം ബുക്ക് ചെയ്തിരുന്നെന്നും സംഗീത് ശിവന്‍ പറയുന്നു. സന്തോഷും ഭാര്യയും മകനും എല്ലാവരും എത്തിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് പനിയും തൊണ്ടവേദനയും ആരംഭിച്ചതെന്നും ടെസ്റ്റ് ചെയ്തപ്പോള്‍ കൊവിഡ് പോസീറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ ഷോക്കായിപ്പോയെന്നും സംഗീത് ശിവന്‍ പറയുന്നു.

വീട്ടില്‍ ബാക്കിയെല്ലാവരേയും ടെസ്റ്റ് ചെയ്തപ്പോള്‍ അച്ഛനടക്കം എല്ലാവര്‍ക്കും നെഗറ്റീവ് ആയിരുന്നു. സന്തോഷിന്റെ ഭാര്യ ദീപയ്ക്കും എനിക്കുമായിരുന്നു പോസിറ്റീവായത്. എന്നാല്‍ പെട്ടെന്ന് എന്റെ ആരോഗ്യസ്ഥിതി മോശമായി. ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 ആയതോടെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോയി.

ഹോസ്പിറ്റലില്‍ കിടന്നതെല്ലാം മറ്റൊരു അനുഭവമായാണ് തോന്നിയത്. മാസക് ടൈറ്റായി കെട്ടിവച്ചിരിക്കുന്നു. ജീവിതത്തില്‍ മുന്‍പൊരിക്കലും ഇല്ലാത്ത ഒരു ദാഹമായിരുന്നു. തൊണ്ട വരണ്ടു പൊട്ടുന്നത് പോലെയൊരു തോന്നല്‍. മക്കളെല്ലാം മുംബൈയില്‍ നിന്ന് വന്നു. അവര്‍ അകെ തളര്‍ന്നു.

എന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീടുള്ള കാര്യങ്ങളൊന്നും ഓര്‍മ്മയില്ല. ആദ്യം പ്രവേശിച്ച ആശുപത്രിയില്‍ നിന്ന് മക്കള്‍ നിര്‍ബന്ധിച്ച് എന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടുത്തെ ട്രീറ്റ്‌മെന്റ് മികച്ചതായിരുന്നു. മൂന്ന് ആഴ്ചയോളം വെന്റിലേറ്ററില്‍ കിടന്നു. ആരോഗ്യ സ്ഥിതി അത്രയ്ക്കും മോശമായിരുന്നു. ഇത്രയും ദിവസം അബോധാവസ്ഥയിലായിരുന്നു.

അബോധാവസ്ഥയിലെ ചില കാഴ്ചകള്‍ എന്റെ കണ്ണിനെ മനോഹരമാക്കിയിരുന്നു. വെള്ള ഡ്രസ്സിട്ട മനോഹരമായ മുഖമില്ലാത്ത ചില കാഴ്ചകള്‍ കണ്ടു. അവരുടെ കൂടെ യാത്ര ചെയ്തു. ചില ശബ്ദ ങ്ങള്‍. ആരൊക്കെയോ വന്ന് കഥകള്‍ പറയുന്നു.

ബോധത്തിലേക്ക് വന്നപ്പോള്‍ എല്ലാവരെയും ഓരോ പേരിലാണ് വിളിച്ചത്. ശ്വാസ തടസം പോലെ തോന്നിയിരുന്നു. നടക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. ഓരോ സ്റ്റെപ്പും വയ്ക്കുന്നത് അത്രയും പ്രയാസപ്പെട്ടായിരുന്നു. പത്തു ദിവസത്തിനുള്ളില്‍ ഞാന്‍ പഴയപടി നടന്നു തുടങ്ങി. മാനസികമായ കരുത്താണ് ഏറ്റവും കൂടുതല്‍ വേണ്ടത്, സംഗീത് ശിവന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Sangeet Sivan Share His Covid Time experiance