| Thursday, 4th January 2024, 6:56 pm

ഇനി ഷാരൂഖ് ഖാനും ചിരഞ്ജീവിക്കുമൊപ്പം സിനിമ ചെയ്യണം: സന്ദീപ് റെഡ്ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചിരഞ്ജീവിക്കും ഷാരൂഖ് ഖാനുമൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ സന്ദീപ് വങ്കാ റെഡ്ഡി. ഇരുവരും തന്റെ ആരാധന പാത്രങ്ങളാണെന്നും മികച്ച തിരക്കഥ ലഭിച്ചാല്‍ ഒമ്പത് മാസത്തിനുള്ളില്‍ സിനിമയുമായി വരുമെന്നും സന്ദീപ് പറഞ്ഞു. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിരഞ്ജീവിക്കും ഷാരൂഖ് ഖാനുമൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അവര്‍ എന്റെ ആരാധന പാത്രങ്ങളാണ്. എപ്പോഴായിരിക്കും എന്ന് എനിക്കറിയില്ല. എന്നാല്‍ തീര്‍ച്ചയായും ഞാന്‍ അവര്‍ക്കൊപ്പം ജോലി ചെയ്യും. ഇവരെ രണ്ട് പേരേയും ഒന്നിച്ച് കൊണ്ടുവരാന്‍ പറ്റുന്ന സ്‌ക്രിപ്റ്റുമായി ആരെങ്കിലും വരണം. ഒരു മാസത്തിനുള്ളില്‍ ഷൂട്ട് തുടങ്ങാന്‍ പറ്റുന്ന തരത്തില്‍ ഉറച്ചതായിരിക്കണം ആ സ്‌ക്രിപ്റ്റ്. അങ്ങനെ എന്തെങ്കിലും കിട്ടിയാല്‍ ഒമ്പത് മാസത്തിനുള്ളില്‍ ഞാന്‍ സിനിമയുമായി വരും. അങ്ങനെയെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ എനിക്ക് സിനിമ ചെയ്യാനാവും.

ഞാന്‍ തന്നെയാണ് കഥ എഴുതാറുള്ളത്. ഗ്രൂപ്പായി വര്‍ക്ക് ചെയ്യാറില്ല. അതുകൊണ്ട് ഒരു കഥയെഴുതാന്‍ എനിക്ക് ഒരുപാട് സമയം വേണ്ടിവരും. എന്നാല്‍ ഇപ്പോള്‍ മൂന്ന് സിനിമകളുടെ എക്‌സ്പീരിയന്‍സ് ഉണ്ട്. അതിനാല്‍ അടുത്ത സിനിമ വളരെ വേഗം ചെയ്യും,’ സന്ദീപ് പറഞ്ഞു.

ഡിസംബര്‍ ഒന്നിനാണ് അനിമല്‍ റിലീസ് ചെയ്തത്. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് സംവിധാനം ചെയ്ത സിനിമയാണ് അനിമല്‍. രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവര്‍ നായികമാരായ ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Content Highlight: Director Sandeep Vanka Reddy says he wants to do a film with Chiranjeevi and Shahrukh Khan

Latest Stories

We use cookies to give you the best possible experience. Learn more