സനല്‍ കുമാര്‍ ശശിധരന് കോടതിയില്‍ ജാമ്യം; തീവ്രവാദികളെ പോലെ പൊലീസ് കൈകാര്യം ചെയ്‌തെന്ന് സനല്‍
Kerala News
സനല്‍ കുമാര്‍ ശശിധരന് കോടതിയില്‍ ജാമ്യം; തീവ്രവാദികളെ പോലെ പൊലീസ് കൈകാര്യം ചെയ്‌തെന്ന് സനല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th May 2022, 2:43 pm

കൊച്ചി: പിന്‍തുടര്‍ന്ന് അപമാനിച്ചുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം.

ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിനെതിരെയല്ല മറ്റ് വിഷയങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ടെന്നും അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. തീവ്രവാദികളെ പോലെയാണ് തന്നോട് പൊലീസ് പെരുമാറിയതെന്നും ജാമ്യം ലഭിച്ച ശേഷം സനല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ മഞ്ജുവാര്യറെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു.

മഞ്ജു വാര്യരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജുവിന്റെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മഞ്ജു ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു.

ഭീഷണിപ്പെടുത്തല്‍, ഐ.ടി ആക്ട് അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.