| Monday, 30th August 2021, 5:17 pm

മഞ്ജു വാര്യരായിരുന്നു കയറ്റം സിനിമയില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി; സനല്‍ കുമാര്‍ ശശിധരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കയറ്റത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജു വാര്യര്‍ക്ക് തന്റെ സംവിധാനശൈലിയുമായി ചേര്‍ന്നു പോകാനാകുമോയെന്ന് വലിയ ആശങ്കയുണ്ടായിരുന്നെന്നാണ് സനല്‍കുമാര്‍ പറയുന്നത്.

എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. ഹിമാചലിലെ ചിത്രീകരണസമയത്തുണ്ടായ വെള്ളപ്പൊക്കം, അപകടം നിറഞ്ഞ ട്രെക്കിംഗ്, പുതിയ ഭാഷയുണ്ടാക്കല്‍ ഇതിലേതായിരുന്നു സിനിമയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘടകമെന്ന ചോദ്യത്തിന്, ഇതൊന്നുമല്ല മഞ്ജു വാര്യര്‍ ആയിരുന്നു ആ വെല്ലുവിളിയെന്നാണ് സനല്‍ മറുപടി പറയുന്നത്.

‘പരമ്പരാഗത സിനിമാമേഖലയില്‍ കഴിവ് തെളിയിച്ച നടിയാണ് മഞ്ജു വാര്യര്‍. അവര്‍ക്ക് എന്റെ സംവിധാനശൈലിയുമായി ചേര്‍ന്നുപോകാനാകുമോയെന്ന ആശങ്കയുണ്ടായിരുന്നു.

ഷൂട്ട് തുടങ്ങുന്നതിന്റെ തലേദിവസം രാത്രി വരെയും ഇതുതന്നെയായിരുന്നു മനസിലെ ആശങ്ക. പക്ഷെ രണ്ടു ദിവസത്തിനുള്ളില്‍ മഞ്ജു വാര്യര്‍ ഞങ്ങളുടെ രീതികളുമായി പൂര്‍ണമായും ഇഴുകിച്ചേര്‍ന്നു,’ സനല്‍ കുമാര്‍ പറഞ്ഞു.

വിചാരിക്കാത്ത എന്തെങ്കിലും സംഭവിച്ചാല്‍ അത് കഥയുടെ ഭാഗമാക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അത്തരത്തിലായിരുന്നു കയറ്റത്തിന്റെയും ചിത്രീകരണം നടന്നതെന്നും സനല്‍ പറഞ്ഞു. ഇക്കാര്യങ്ങളോടെല്ലാം മഞ്ജു വാര്യര്‍ വളരെ വേഗം അഡാപ്റ്റ് ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയറ്റത്തിലെ ഒരു പാട്ടിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇസ്ത്തക്കോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജു വാര്യരാണ്. രതീഷ് ഈറ്റില്ലം, ദേവന്‍ നാരായണന്‍, ആസ്താ ഗുപ്ത, സനല്‍കുമാര്‍ ശശിധരന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് ഈറ്റില്ലമാണ് ഈണം നല്‍കിയിരിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി ‘അഹ്ര് സംസ’ എന്ന ഒരു പുതിയ ഭാഷ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഈ ഭാഷയിലാണ് പാട്ടിന്റെ വരികളും ഒരുങ്ങിക്കിയിരിക്കുന്നത്.

ഹിമാലയത്തിലും പരിസരപ്രദേശങ്ങളിലുമായാണ് കയറ്റത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ് മാനസികമായി എളുപ്പമായിരുന്നുവെങ്കിലും ശാരീരികമായി ബുദ്ധിമുട്ടിച്ചു എന്ന് സനല്‍ കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

‘കയറ്റത്തിന്റെ ചിത്രീകരണം ശാരീരികമായി ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും മാനസികമായി വളരെ എളുപ്പമായിരുന്നു. ഹിമാലയത്തിലെ മഴയിലും മഞ്ഞിലും പലപ്പോഴും ഞങ്ങള്‍ക്ക് ട്രക്ക് ചെയ്യേണ്ടി വന്നിരുന്നു. മഞ്ഞും മഴയും മഴവില്ലും ഞങ്ങള്‍ക്ക് ഒരേ സമയം ഷൂട്ട് ചെയ്യാന്‍ സാധിച്ചു. പല അപകടങ്ങളും തരണം ചെയ്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഷിയ ഗോരുവിലെ നീല തടാകം ഷൂട്ട് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചതായിരുന്നു, എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം അതിന് സാധിച്ചില്ല,’ എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

2019 ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അപരിചിതരായ, എന്നാല്‍ ഒന്നിച്ച് യാത്ര ചെയ്യേണ്ടി വരുന്ന രണ്ട് ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. അവര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നതിന് ഒരു പ്രത്യേക ഭാഷ ആവശ്യമായിരുന്നു. അങ്ങനെയാണ് ‘അഹ്ര് സംസ’ പിറവിയെടുക്കുന്നത് എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞത്.

ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.

സംവിധാനം കൂടാതെ തിരക്കഥ, എഡിറ്റിങ്, സൗണ്ട് ഡിസൈന്‍ തുടങ്ങിയ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നത് സനല്‍ കുമാര്‍ ശശിധരന്‍ ആണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Sanal Kumar Sasidharan about Manju Warrier and Kayattam

We use cookies to give you the best possible experience. Learn more