സുരേഷ് ഗോപിയെ നായകനാക്കി സമദ് മങ്കട സംവിധാനം ചെയ്ത ചിത്രമായിരുന്നു കിച്ചാമണി എം.ബി.എ. 2007ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നവ്യ നായര്‍, ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ചില അനുഭവങ്ങളും സിനിമയുടെ പൂജയ്ക്ക് വേണ്ടി സുരേഷ് ഗോപി വരാതിരുന്നതിനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണിപ്പോള്‍ സമദ് മങ്കട. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പുതുമയുള്ള സബ്ജക്ടായിരുന്നത് കൊണ്ട് പുതുമയുള്ള ഒരാള്‍ ചെയ്യണമെന്നുണ്ടായിരുന്നു. സുരേഷേട്ടന്‍ തോക്കെടുത്ത് നെടുനീളന്‍ ഡയലോഗൊക്കെ പറഞ്ഞ് ആക്ഷന്‍ സിനിമകളിലൂടെ മലയാളികളെ രസിപ്പിച്ചിരുന്ന സമയമാണ്.
അങ്ങന സുരേഷേട്ടനോട് കഥ പറയാന്‍ തീരുമാനിച്ചു. പുള്ളി ഇത് ചെയ്യണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. അതുവരെ തോക്കെടുത്ത് ആക്ഷന്‍ ചെയ്തിരുന്നയാള്‍ ആയുധങ്ങളൊന്നുമെടുക്കാതെ ആക്ഷന്‍ ചെയ്യുന്നതായിരുന്നു അത്.
മൂന്നാല് ഫൈറ്റുണ്ടെങ്കിലും ഒന്നിലും ആയുധങ്ങളുണ്ടായിരുന്നില്ല. പുള്ളിയുടെ ആക്ഷനില്‍ പോലും കോമഡിയുണ്ടായിരുന്നു. വളരെ ഫ്‌ളെക്‌സിബിളായാണ് സുരേഷേട്ടന്‍ ആ പടത്തില്‍ അഭിനയിച്ചത്.
പടത്തിന്റെ പൂജക്ക് പുള്ളി വന്നില്ല. ഞാനൊരു പൂജക്കും പോവാറില്ല, എന്റെ പടത്തിന്റെ പൂജക്കും പോവാറില്ല, അതുകൊണ്ട് പൂജക്ക് ഞാന്‍ വരില്ല എന്ന് സുരേഷേട്ടന്‍ നേരത്തെ പറഞ്ഞിരുന്നു. പൂജക്ക് വന്നാല്‍ ആ പടം ഫ്‌ളോപ്പായി പോകുമോ എന്നൊക്കെയുള്ള ചിന്തയായിരുന്നു പുള്ളിക്ക് എന്ന് തോന്നുന്നു.
പൂജക്ക് മമ്മൂക്കയായിരുന്നു വന്നത്. മമ്മൂക്ക സ്വന്തം കാറോടിച്ച് വന്ന് പൂജയില്‍ ഫുള്‍ ടൈം പങ്കെടുത്ത്, ഞങ്ങളെ അനുഗ്രഹിച്ച്, എല്ലാ കാര്യങ്ങളിലും സഹായിച്ച് പുള്ളി തന്നെ വണ്ടിയോടിച്ച് തിരിച്ച് പോകുകയും ചെയ്തു,” സമദ് മങ്കട പറഞ്ഞു.
പടം നടത്തിയെടുത്തതിലും, അതിന്റെ ഫൈനല്‍ സ്‌റ്റേജില്‍ വരെ തന്നെ സഹായിച്ചത് നടന്‍ കൊച്ചിന്‍ ഹനീഫയായിരുന്നെന്നും തനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അദ്ദേഹത്തോടാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹമാണ് ഈ കിച്ചാമണി എന്ന സിനിമയെന്നും സമദ് മങ്കട കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Samad Mankada share an experience with Mammootty and Suresh Gopi