മധുചന്ദ്രലേഖ എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന സമദ് മങ്കട ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കിച്ചാമണി എം.ബി എ. സുരേഷ് ഗോപിയും ജയസൂര്യയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ബിജു മേനോനും നവ്യ നായരും സുപ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
കിച്ചാമണിയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയോടൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സമദ് മങ്കട. സുരേഷ് ഗോപിയോടുള്ള പിണക്കം മറന്ന് മമ്മൂട്ടി തന്റെ സിനിമയുടെ പൂജക്ക് വന്നെന്നും വളരെ നല്ല മനസിനുടമയാണ് അദ്ദേഹമെന്നുമാണ് സംവിധായകന്‍ പറഞ്ഞത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍.
‘ഹനീഫിക്കയാണ് എന്നെ മമ്മൂക്കക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. മമ്മൂക്കയെ ആദ്യം കാണുമ്പോള്‍ ഭയങ്കര ഗാംഭീര്യമുള്ള ഗജകേസരിയെപ്പോലെയൊരാളായാണ് നമുക്ക് ഫീല്‍ ചെയ്യുക. പക്ഷെ അടുത്തറിയുമ്പോള്‍ ആള് വളരെ പാവമാണ്. മനസ് തുറന്ന് ഒരുപാട് സംസാരിക്കുന്ന ആളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഞാന്‍ കിച്ചാമണിയുടെ പൂജക്ക് മമ്മൂക്കയെ വിളിച്ചിരുന്നു. പക്ഷെ അദ്ദേഹം വരുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. ആ സമയത്ത് മമ്മൂക്കയും സുരേഷ് ഗോപിയും തമ്മില്‍ എന്തൊക്കെയോ പ്രശ്‌നം ഉണ്ടായിരുന്നെന്നാണ് ഞാന്‍ കേട്ടിരുന്നത്. അതുകൊണ്ട് തന്നെ അങ്ങേര് വരുമെന്ന് ഞാന്‍ കരുതിയതല്ല.
പക്ഷെ പുള്ളിക്കാരന്‍ വന്നപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന് അതൊന്നും അത്ര വലിയ
പ്രശ്‌നമൊന്നുമല്ലായിരുന്നു. മമ്മൂക്ക വന്നതും ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമായി. പടത്തിന് തന്നെ അതൊരു വലിയ ബൂസ്റ്റിങ് ആയിരുന്നു,’ സമദ് മങ്കട പറഞ്ഞു.
മലയാള സിനിമയിലെ തന്നെ രണ്ട് മുന്‍ നിര നടന്മാരായ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ ചില അസ്വാരാസ്യങ്ങള്‍ ഉണ്ടായിരുന്നെന്ന വാര്‍ത്ത എം.ടൗണില്‍ വലിയ ചര്‍ച്ചക്ക് ഇടവെച്ചിരുന്നു. വളരെ കാലം ഇരുതാരങ്ങളും തമ്മില്‍ മാിണ്ടാറില്ലായിരുന്നെന്ന തരത്തിലാണ് ഗോസിപ്പുകള്‍ വന്നത്. എന്നാല്‍ ഇരു നടന്മാരും വാര്‍ത്തകള്‍ക്ക് വലിയ പ്രതികരണമൊന്നും നല്‍കിയിരുന്നില്ല.
Content Highlight: Director Samad mankada says about mammootty and suresh gopi