| Thursday, 1st December 2022, 9:10 am

തിരക്കഥ മാറ്റാന്‍ മോഹന്‍ലാല്‍ സമ്മതിച്ചില്ല, സിനിമ പരാജയപ്പെട്ടു: സലാം ബാപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സലാം ബാപ്പു സംവിധാനം ചെയ്ത് മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി താരങ്ങള്‍ ഒന്നിച്ച സിനിമയാണ് റെഡ് വൈന്‍. സിനിമ പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താത്തതിനുള്ള കാരണത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ സലാം ബാപ്പു.

മോഹന്‍ലാലിനോട് സിനിമയുടെ സ്‌ക്രിപ്റ്റ് മാറ്റുന്നതിനേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും മോഹന്‍ലാലിനെ മനസില്‍ കണ്ട് കൊണ്ട് എഴുതിയ സ്‌ക്രിപ്റ്റ് അല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് സിനിമയുടെ സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടതിനാല്‍ സ്‌ക്രിപ്റ്റ് മാറ്റാന്‍ സമ്മതിച്ചില്ലെന്നും ബാപ്പു പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സലാം ബാപ്പു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”2012 ഒക്ടോബറിലാണ് ഞാന്‍ ലാല്‍ സാറിനോട് ഈ കഥ പറയുന്നത്. കഥ പറഞ്ഞു അടുത്ത മാസം കേരള പിറവി ദിനത്തില്‍ ഞാന്‍ അദ്ദേഹത്തിന് മെസേജ് അയച്ചു. പിന്നാലെ അദ്ദേഹം എന്നെ വിളിച്ച് സിനിമ തുടങ്ങാമെന്ന് പറഞ്ഞു.

മൂന്ന് നാല് മാസങ്ങള്‍ക്ക് ശേഷം ചെയ്യാമെന്ന് കരുതി ഇരുന്നത് കൊണ്ട് തന്നെ ഞാന്‍ പ്രാഥമിക ഒരുക്കങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം അത് പറഞ്ഞപ്പോള്‍ പേടിയാണ് ഉണ്ടായത്. പിന്നീട് നിര്‍മാതാക്കളും ഡിസ്ട്രിബ്യുട്ടര്‍മാരുമെല്ലാം നല്‍കിയ പിന്തുണയാണ് സിനിമ നവംബറില്‍ തന്നെ തുടങ്ങാന്‍ സഹായകമായത്.

അതുകൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്‌ക്രിപ്റ്റ് കറക്ഷന്‍, ലൊക്കേഷന്‍ ഹണ്ടിങ്, സോങ് കമ്പോസിങ്, കാസ്റ്റിങ് എല്ലാം നടന്നു. ലാല്‍ സാര്‍ ഇടക്ക് പറയും ചില സിനിമകള്‍ സംഭവിക്കുന്നത് ആണെന്ന്. അങ്ങനെ സംഭവിച്ചൊരു സിനിമയാണ് റെഡ് വൈന്‍.

ഞാന്‍ ആ സമയത്ത് ലാല്‍ സാറിനോട് ഒരു സംശയം പറഞ്ഞിരുന്നു. ലാല്‍ സാറിനെ മുന്നില്‍ കണ്ട് എഴുതിയ തിരക്കഥയല്ല ഇത്. തീര്‍ച്ചയായും സാറിനെ ഇഷ്ടപ്പെടുന്നവര്‍ ആഗ്രഹിക്കുന്നത് ഇത്തരത്തില്‍ ഉള്ള കഥാപാത്രമായിരിക്കില്ല. സാര്‍ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ്. അതുകൊണ്ട് എനിക്ക് ലാല്‍ സാറിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ട് സിനിമ ചെയ്യണമെന്ന് അദ്ദേഹത്തോട് പറഞ്ഞു.

ഞാന്‍ ഈ സിനിമയാണ് ഓക്കെ പറഞ്ഞത്. നിങ്ങള്‍ ഈ സിനിമ ഇനി മാറ്റി വേറെ രീതിയില്‍ സ്‌ക്രിപ്റ്റിങ് ചെയ്യുകയാണെങ്കില്‍ അപ്പോള്‍ ആ തിരക്കഥ കേട്ട ശേഷമേ എനിക്ക് തീരുമാനം എടുക്കാന്‍ കഴിയു. ഇപ്പോള്‍ ഞാന്‍ ഓക്കെ പറഞ്ഞത് ഈ സബ്ജക്റ്റും തിരക്കഥയും ഒക്കെ ആയതു കൊണ്ടാണ്. സിനിമയാണ് പ്രധാനം.

സിനിമയില്‍ എന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ട്. എനിക്ക് പാട്ടുകളോ ഫൈറ്റ് രംഗങ്ങളോ ഉള്‍പ്പെടുത്തേണ്ട സിനിമയല്ലിത്. ഇത്തരം സിനിമകള്‍ കാണാന്‍ എനിക്ക് പോലും താല്പര്യമുണ്ട്. എന്നെ സ്‌നേഹിക്കുന്നവര്‍ക്കും ഈ സിനിമ കാണാന്‍ ആഗ്രഹമുണ്ടാകും അതുകൊണ്ടാണ് ഞാന്‍ ഈ സിനിമ ചെയ്യുന്നത്. ഇനി മാറ്റം വരുത്തേണ്ട കാര്യമില്ല എന്ന് ലാല്‍ സാര്‍ എന്നോട് പറഞ്ഞു.

ഒരു നടനെയും കാണാതെയാണ് ഞങ്ങള്‍ സിനിമ ചെയ്തത്. മോഹന്‍ലാലിന്റെ ഫൈറ്റുകളോ മാസ് ഡയലോഗുകളോ ഇല്ലായിരുന്നു. അത് കാണാന്‍ ആഗ്രഹിക്കുന്നവരുണ്ടാകും. ഫഹദും ആസിഫ് അലിയുമുള്ള ചിത്രത്തില്‍ അങ്ങനെയൊന്നും ഇല്ലാതെ ഇരുന്നതാകും സിനിമയെ ബാധിച്ചതെന്ന് കണ്ട ചിലര്‍ അഭിപ്രായപ്പെട്ടു,” സലാം ബാപ്പു പറഞ്ഞു.

content highlight: Director salam babbu about mohanlal and redwine movie

We use cookies to give you the best possible experience. Learn more