Film News
ലക്ഷം വീട് കോളനികളിലെ ഭൂരഹിതരായ മനുഷ്യരെ വെറുക്കുന്ന അവസ്ഥ ആര്‍.ഡി.എക്‌സ് സൃഷ്ടിക്കുന്നുണ്ട്: സംവിധായകന്‍ സജീവന്‍ അന്തിക്കാട്
ആര്‍.ഡി.എക്‌സിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സജീവന്‍ അന്തിക്കാട്. കേരളത്തിലെ ലക്ഷം വീട് കോളനികളില്‍ ജീവിക്കുന്ന ഭൂരഹിതരായ മനുഷ്യരെ മറ്റുള്ളവര്‍ വെറുക്കുന്ന ഒരവസ്ഥ ആര്‍.ഡി.എക്‌സ് എന്ന സിനിമ സൃഷ്ടിക്കുന്നുണ്ടെന്ന് സജീവന്‍ അന്തിക്കാട് പറഞ്ഞു. ലക്ഷം വീട് കോളനികളിലെ ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ ക്രിമിനലുകളും, പള്ളിപ്പെരുന്നാളും നടത്തി ദൈവഭയത്തോടെ ജീവിക്കുന്നവര്‍ നന്മയുള്ളവരും എന്ന ക്ലാസിഫിക്കേഷന്‍ പത്തിരുപത് കൊല്ലം മുമ്പത്തെ സിനിമാക്കഥയാണെന്നും സജീവന്‍ പറഞ്ഞു.
ഇത് ആര്‍.ഡി.എക്‌സിന്റെ സൃഷ്ടാക്കള്‍ ബോധപൂര്‍വ്വം ചെയ്തതാണെന്ന് തോന്നുന്നില്ലെന്നും മറിച്ച് അവരുടെ അരാഷ്ട്രീയ ബോധം കൊണ്ടുണ്ടായിപ്പോയതാണെന്നും സിനിമ പാരഡൈസ് ക്ലബ് എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സ് ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലെത്തിയത്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് പെപ്പെ, നീരജ് മാധവ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചത്.
സജീവന്‍ അന്തിക്കാടിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
‘ഇടിപ്പടങ്ങളുടെ ആരാധകനായതിനാല്‍ തിരുവോണത്തിരക്കില്‍ തന്നെ ആര്‍.ഡി.എക്‌സ് പോയി കണ്ടു. ഈ പടം സംവിധായകന്റെ പേരറിയാതെ ഒരാള്‍ പോയി കണ്ടാല്‍ ജോഷിയുടെ പടമാണെന്ന് അയാള്‍ക്ക് തോന്നും. കാരണം ആര്‍.ഡി.എക്‌സ് പുരോഗമിക്കുന്നത് ജോഷി സ്റ്റൈലില്‍ ആണ്.
ആവേശം കൊള്ളിക്കാന്‍ മാത്രമുളള മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയില്‍ ഇല്ല എന്ന് ഞാന്‍ പറയും. പക്ഷെ മറ്റ് പ്രേക്ഷകര്‍ക്ക് അതങ്ങനെയാകണമെന്നില്ല. കാരണം അത്തരം ഫീലിങ്ങ്‌സെല്ലാം ആപേക്ഷികമാണല്ലോ, എന്തു തന്നെയായാലും കണ്ടവരെ കൊണ്ട് ‘ഛെ മോശം’ എന്ന് ഈ സിനിമ പറയിക്കില്ല. സോ മൈ റേറ്റിങ്ങ് ഈസ്, ഒരു ശരാശരി ഇടിപ്പടം.
പടം വിജയിച്ച നിലക്ക് ഈ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പിണഞ്ഞ ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കട്ടെ. ഇന്ന് വികസിത മാനവസമൂഹം എത്തി നില്‍ക്കുന്ന ചില പൊസിഷനുകളുണ്ട്. അത് മനസിലാക്കാന്‍ മാത്രമുള്ള രാഷ്ട്രീയ- സാംസ്‌ക്കാരിക ബോധം ഈ സിനിമയുടെ സൃഷ്ടാക്കള്‍ക്കുണ്ടായിരുന്നില്ല എന്ന് വേണം മനസിലാക്കാന്‍. സിനിമ വിജയിപ്പിക്കാനുള്ള തന്ത്രങ്ങള്‍ അവര്‍ക്കറിയാമായിരിക്കാം. പക്ഷെ ഇന്നത്തെ സിനിമ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ചില കാര്യങ്ങളെപ്പറ്റി അവര്‍ അജ്ഞരാണ്.
ലക്ഷം വീട് കോളനികളിലെ ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ ക്രിമിനലുകളും, പള്ളിപ്പെരുന്നാളും നടത്തി ദൈവഭയത്തോടെ ജീവിക്കുന്നവര്‍ നന്മയുള്ളവരും എന്ന ക്ലാസിഫിക്കേഷന്‍ പത്തിരുപതു കൊല്ലം മുമ്പത്തെ സിനിമാക്കഥയാണ്. ഹോളിവുഡില്‍ പണ്ട് കറുത്തവരായിരുന്നു സ്ഥിരം ക്രിമിനലുകള്‍. ന്യൂയോര്‍ക്കിലെ ടവറുകള്‍ വിമാനം വെച്ചിടിച്ചു തകര്‍ത്ത ഇസ്‌ലാമിസ്റ്റ് ആക്രമത്തിനു ശേഷം സിനിമയിലെ ക്രിമിനലുകള്‍ മുസ്‌ലിങ്ങളും കൂടിയായി. എന്നാല്‍ ഇത്തരം ബ്രാന്‍ഡിങ്ങ് മാനവിക വിരുദ്ധമാണെന്ന് വികസിതരായ മനുഷ്യലോകം ഇന്ന് മനസിലാക്കി കഴിഞ്ഞിരിക്കുന്നു.
ആധുനിക മാനവര്‍ അങ്ങനെയാണ് ഇപ്പോള്‍ ചിന്തിക്കുന്നതും സിനിമയെടുക്കുന്നതും! വികസിതരായ മനുഷ്യരുടെ ചിന്താഗതിയില്‍ ഉണ്ടായ ഈ മാറ്റം ഇന്ത്യയിലിരിക്കുന്ന നമ്മള്‍ മനസിലാക്കുന്നതിനെയാണ് രാഷ്ട്രീയ കാര്യങ്ങളിലുള്ള അറിവ് എന്ന് വിളിക്കുന്നത്. ഈ അറിവില്ലാത്തവരെയാണ് അരാഷ്ട്രീയര്‍ എന്ന് വിളിക്കേണ്ടത്. അരാഷ്ട്രീയ സിനിമാക്കാര്‍ തങ്ങള്‍ക്ക് രാഷ്ട്രീയമില്ല എന്നൊക്കെ വിശ്വസിച്ച് സിനിമകള്‍ ചെയ്യുന്നു. എന്നാല്‍ ആ സിനിമകള്‍ ഉത്പാദിപ്പിക്കുന്ന രാഷ്ട്രീയം ഒരു വിഭാഗം ജനങ്ങളെ ഭൂരിപക്ഷം വരുന്നവര്‍ വെറുക്കുന്ന അവസ്ഥ ഉണ്ടാക്കുന്നു.
കേരളത്തിലെ ലക്ഷം വീട് കോളനികളില്‍ ജീവിക്കുന്ന ഭൂരഹിതരായ മനുഷ്യരെ മറ്റുള്ളവര്‍ വെറുക്കുന്ന ഒരവസ്ഥ ആര്‍.ഡി.എക്‌സ് എന്ന സിനിമ സൃഷ്ടിക്കുന്നുണ്ട്. ഇത് ആര്‍.ഡി.എക്‌സിന്റെ സൃഷ്ടാക്കള്‍ ബോധപൂര്‍വ്വം ചെയ്തതല്ല. മറിച്ച് അവരുടെ അരാഷ്ട്രീയ ബോധം കൊണ്ടുണ്ടായിപ്പോയതാണ്. ഇവരൊക്കെയാണ് ഇനി മലയാള സിനിമ മുന്നോട്ടു കൊണ്ടുപോകുന്നവര്‍. സോ ഇനിയെങ്കിലും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ നന്നായിരുന്നു.
Content Highlight: Director Sajevan Anthikad criticizes RDX