സാജന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗീതം. മമ്മൂട്ടി, മോഹന്‍ലാല്‍, ഗീത തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സാജന്‍.
ഗീതം എന്ന ചിത്രം കാരണം മോഹന്‍ലാല്‍ ഇനി തന്റെ കൂടെ സിനിമ ചെയ്യില്ലെന്ന് പറഞ്ഞെന്ന് സാജന്‍ പറയുന്നു. ചിത്രത്തിലെ ഒരു രംഗം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചുള്ളതായിരുന്നെന്നും അതില്‍ ചില രംഗങ്ങള്‍ ഒഴിവാക്കാന്‍ മമ്മൂട്ടി പറഞ്ഞപ്പോള്‍ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ട് കഴിഞ്ഞ് ഡബ്ബിങ്ങിന് മോഹന്‍ലാല്‍ വന്നപ്പോള്‍ ആ രംഗങ്ങള്‍ ഇല്ലെന്ന് കണ്ട് വിഷമിച്ചെന്നും ഇനി തന്റെ കൂടെ സിനിമകള്‍ ചെയ്യില്ലെന്ന് പറഞ്ഞെന്നും സാജന്‍ കൂട്ടിച്ചേര്‍ത്തു.
‘ഗീതം എന്ന ചിത്രം ഞാന്‍ ഒരുപാട് ആഗ്രഹിച്ച് ചെയ്തതായിരുന്നു. എനിക്ക് ആ സിനിമ കാരണം ഒരു വലിയ നടനെ നഷ്ടപ്പെട്ടിട്ടുണ്ട്. ആ കാര്യത്തില്‍ എനിക്ക് വളരെ വിഷമമുണ്ട്. അതില്‍ ഞാന്‍ നിഷ്‌കളങ്കനാണ്. ഗീതത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്ളൊരു രംഗം വളരെ കൊഴുപ്പിച്ചാണ് എടുത്തത്. ലാല്‍ നോ നോ ഇറ്റ്‌സ് ടൂ ബാഡ് എന്നൊക്കെ പറയുന്ന രംഗം തിയേറ്ററില്‍ ഉണ്ടായിരുന്നെങ്കില്‍ വന്‍ കയ്യടി ആയേനെ.
ആ സീന്‍ എടുത്ത് കഴിഞ്ഞിട്ട് മമ്മൂട്ടി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു ഇത്രയും ഭംഗിയായി അഭിനയിച്ചിട്ട് ലാല്‍ എന്റെ അടുത്ത് അവസാനം നോ ഇറ്റ്‌സ് ടു ബാഡ് എന്ന് പറയുമ്പോള്‍ ഇത്രയും നേരം ഞാന്‍ കിടന്ന് കഷ്ടപ്പെട്ടത് വെറുതെ ആകില്ലേ. അതുകൊണ്ട് അത് കട്ട് ചെയ്യണമെന്ന്.
മമ്മൂട്ടിയെ വെറുപ്പിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. കാരണം മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ആ സീന്‍ ഒഴിവാക്കാന്‍ എനിക്ക് വലിയ സങ്കടമായിരുന്നു. അങ്ങനെ ടൂ ബാഡ് എന്നൊക്കെ പറയുന്ന രംഗങ്ങള്‍ ഒഴിവാക്കി ഷൂട്ടിങ് അവസാനിപ്പിച്ചു.
ഡബ്ബിങ്ങിന്റെ സമയത്ത് ലാല്‍ ചോദിച്ചു അതൊഴിവാക്കിയല്ലേയെന്ന്. ലാലിന് വിഷമായെന്ന് എനിക്ക് മനസ്സിലായിരുന്നു. ഡബ്ബിങ് കഴിഞ്ഞ് ലാല്‍ പോകുമ്പോള്‍ എന്റെ മനസിന് വിഷമം ഉണ്ടാകുന്ന ഒരു കാര്യം പറഞ്ഞിട്ടാണ് പോയത്. നമ്മള്‍ തമ്മില്‍ ഇനിയൊരു കൂടിച്ചേര്‍ച്ച ഉണ്ടാകില്ലെന്ന്,’ സാജന്‍ പറയുന്നു.
Content Highlight: Director Sajan Talks About Geetham Movie