മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച് അഭ്രപാളിയില്‍ നിന്നും മറഞ്ഞ സംവിധായകനാണ് സച്ചി. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഇത്തവണ നേടിയതും സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ അയ്യപ്പനും കോശിയുമായിരുന്നു.
അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും എന്നാല്‍ തിരക്കഥയ്ക്ക് ലഭിക്കാതിരുന്നില്‍ വിഷമമുണ്ടെന്നും പറയുകയാണ് സച്ചിയുടെ ഭാര്യ സിജി. അത്ര ശക്തമായ തിരക്കഥയായിരുന്നു.പെര്‍ഫക്ഷനുള്ള തിരക്കഥയായിരുന്നു അതെന്നും സച്ചിയുടെ തിരക്കഥകളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയായിരുന്നു അയ്യപ്പനും കോശിയുമെന്നും സിജി പറയുന്നു.
ഈ ചിത്രത്തിന് സച്ചിക്ക് കിട്ടുന്ന അഞ്ചാമത്തെ അവാര്‍ഡാണിത്. നിര്‍ഭാഗ്യവശാല്‍ അതൊന്നും കാണാനും അറിയാനും അദ്ദേഹം ഇല്ലാതെ പോയി. ഓരോ അവാര്‍ഡ് സംഭവിക്കുമ്പോഴും കുടുംബത്തിന് അതൊരു വെള്ളിടിതന്നെയാണ്. പുള്ളി ഇല്ലല്ലോ ഇത് കാണാനും സന്തോഷിക്കാനും.
അതുകൊണ്ട് ഓരോ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴും സന്തോഷിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ചേട്ടനായാലും സഹോദരിയായാലും ഞാനായാലും എല്ലാവര്‍ക്കുമത് കണ്ണീരോടെ മാത്രമല്ലേ കാണാന്‍ കഴിയുകയുള്ളൂ, സിജി പറയുന്നു.
അയ്യപ്പനും കോശിയും വലിയ വിജയത്തിലേക്ക് പോയപ്പോള്‍ എന്തായിരുന്നു സച്ചി പറഞ്ഞതെന്ന ചോദ്യത്തിന് ജനങ്ങള്‍ തന്നെ അംഗീകരിച്ചു കഴിഞ്ഞെന്നും ഇനി എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിനുള്ള അവസരം ദൈവം നല്‍കിയില്ല. ഇനി വരാനിരിക്കുന്ന സിനിമകളായിരുന്നു ശരിക്കും സച്ചിയുടെ ഇഷ്ടത്തില്‍ സച്ചി ചെയ്യാനിരുന്ന സിനിമകള്‍. ആ ഓരോ സിനിമകളും അയ്യപ്പനും കോശിയേക്കാളും ഗംഭീരമാകുമായിരുന്നു, സിജി പറഞ്ഞു.
ശരിക്കും പറഞ്ഞാല്‍ സച്ചിയുടെ പ്രതിഭ ഒരിക്കലും പൂര്‍ണമായി പുറത്തുവന്നിട്ടില്ല. സച്ചിയുടെ പ്രതിഭ എന്താണെന്ന് ലോകം അറിഞ്ഞിട്ടില്ല. പതിനഞ്ചു വയസിലും പതിനെട്ടു വയസിലുമൊക്കെ സച്ചി എഴുതിവെച്ചിരിക്കുന്ന കവിതകളുടെ ഭാഷാശുദ്ധി അത്ഭുതപ്പെടുത്തുന്നതാണ്. ഇതെല്ലാം സച്ചിയുടെ സഹോദരി ശേഖരിച്ചുവെച്ചിരുന്നു. സച്ചിയുടെ മരണശേഷം അത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. സച്ചിയുടെ പ്രതിഭ പ്രകടമാക്കുന്ന സിനിമകള്‍ വന്നിട്ടില്ലെന്ന് സജിതയും പറയും, സിജി പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Director Sachys wife about His Dream movies