| Tuesday, 23rd January 2024, 7:58 am

അന്ന് നിവിന്‍ അപ്പ്കമിങ് സ്റ്റാറായിരുന്നു; അവന്‍ ആ സിനിമയുടെ നായകനായിരുന്നെങ്കില്‍ പടം വേറെ ലെവലായേനെ; എന്നാല്‍... സാബു സര്‍ഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അശോക് ആര്‍. നാഥ് സംവിധാനം ചെയ്ത് ആദില്‍ ഇബ്രാഹിം, സുദക്ഷിണ, മുകേഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് പേര്‍ഷ്യക്കാരന്‍. ചിത്രത്തില്‍ പ്രവീണ്‍ റാം, ജൂബി നൈനാന്‍, ഋഷി പ്രകാശ്, കൊച്ചു പ്രേമന്‍ എന്നിവരും അഭിനയിച്ചിരുന്നു.

2014ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ആദിത്യ ഹരി, ജൂബി നൈനാന്‍ തുടങ്ങി നാല്‍പ്പതോളം പുതുമുഖങ്ങളും ഉണ്ടായിരുന്നു. മെച്ചപ്പെട്ട ജീവിതം സ്വന്തമാക്കാന്‍ ഗള്‍ഫില്‍ പോകുന്നവരുടെ ജീവിതവും കഷ്ടപ്പാടുകളും പ്രശ്നങ്ങളും വിജയവും പരാജയവുമാണ് പേര്‍ഷ്യക്കാരന്‍ എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചിരുന്നത്.

എന്നാല്‍ ചിത്രം അത്ര വലിയ വിജയമായിരുന്നില്ല സ്വന്തമാക്കിയത്. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ നല്ല ഒരു നായകനെ കൊണ്ടുവന്നിരുന്നുവെങ്കില്‍ കോടികള്‍ സമ്പാദിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ സാബു സര്‍ഗം.

നല്ല ഒരു നായകനെ കൊണ്ടുവന്നിരുന്നുവെങ്കില്‍ കോടികള്‍ സമ്പാദിക്കാമായിരുന്നു എന്ന് പറയുന്ന സാബു അന്ന് നടന്‍ നിവിന്‍ പോളി അപ്പ്കമിങ് സ്റ്റാറായിട്ട് വരുന്ന സമയമായിരുന്നെന്നും താരത്തിന് സാറ്റ്‌ലൈറ്റ് റേറ്റ് കിട്ടി വരുന്നേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പത്ത് ലക്ഷം രൂപ വരെ കൊടുത്താല്‍ നിവിന്‍ ആ സിനിമയില്‍ അഭിനയിക്കുമായിരുന്നുവെന്നും ഈ കാര്യം തങ്ങളോട് പലരും പറഞ്ഞിരുന്നതായും സാബു പറയുന്നു.

പക്ഷേ ചിത്രത്തിന്റെ ചെലവ് ചുരുക്കി പുതുമുഖങ്ങളെ വെച്ച് ചെയ്യാനായിരുന്നു തീരുമാനമെന്നും ഒരു ചാനലിനോട് സംസാരിച്ച് അവര്‍ ചിത്രമെടുക്കാമെന്ന് വാക്ക് പറഞ്ഞത് കാരണം നിവിന്‍ പോളിക്ക് പുറകെ പോകാതിരിക്കുകയായിരുന്നു എന്നും സാബു സര്‍ഗം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഈ ചോദ്യത്തോട് നൂറ്റിയൊന്ന് ശതമാനവും ശരിവെക്കുന്നു. കാരണം അന്ന് നിവിന്‍ പോളി അപ്പ്കമിങ് സ്റ്റാറായിട്ട് വരുന്ന സമയമായിരുന്നു. നിവിനിന് അന്ന് സാറ്റ്‌ലൈറ്റ് റേറ്റ് കിട്ടി വരുന്നേ ഉണ്ടായിരുന്നുള്ളൂ.

പത്ത് ലക്ഷം രൂപ വരെ കൊടുത്താല്‍ അയാള്‍ ആ സിനിമയില്‍ അഭിനയിക്കുമായിരുന്നു. ഞങ്ങളോട് പലരും ആ കാര്യം പറഞ്ഞു. പക്ഷേ ചെലവ് ചുരുക്കി പുതുമുഖങ്ങളെ വെച്ച് ചെയ്യാം എന്നായിരുന്നു തീരുമാനിച്ചത്. ഒരു ചാനലിനോട് സംസാരിച്ചപ്പോള്‍ അവര്‍ ആ പടം എടുക്കാമെന്നും വാക്ക് പറഞ്ഞു.

അതുകൊണ്ട് പിന്നെ നിവിനിന്റെ പുറകെ പോയില്ല. പക്ഷേ സത്യത്തില്‍ നിവിന്‍ ആയിരുന്നെങ്കില്‍ ഉറപ്പായിട്ടും സിനിമയുടെ ലെവല്‍ വേറെ ആയേനെ,’ സാബു സര്‍ഗം പറയുന്നു.


Content Highlight: Director Sabu Sargam Talks About Nivin Pauly And Persiakkaran Movie

We use cookies to give you the best possible experience. Learn more