Entertainment news
ആകാശം ഇടിഞ്ഞ് വീണാലും ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് ചിരിച്ചോണ്ടിരിക്കുന്ന മുഖം ഇവനേ ഉള്ളൂ എന്ന് റോഷന്‍ ആന്‍ഡ്രൂസ്, ഭയങ്കരം തന്നെ എന്ന് നിവിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 18, 06:45 am
Friday, 18th November 2022, 12:15 pm

നിവിന്‍ പോളി, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സാറ്റര്‍ഡേ നൈറ്റ്. ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം ഫണ്‍ എന്റര്‍ടെയിനറായാണ് ഒരുക്കിയത്.

നിവിന്‍ പോളിക്കൊപ്പമുള്ള റോഷന്‍ ആന്‍ഡ്രൂസിന്റെ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. കായംകുളം കൊച്ചുണ്ണിയായിരുന്നു നിവിനും റോഷനും ഒന്നിച്ച ആദ്യ ചിത്രം.

കായംകുളം കൊച്ചുണ്ണി ചെയ്ത ശേഷം ഇങ്ങനെയൊരു ക്രേസി ക്യാരക്ടറിലേക്ക് നിവിനെ തെരഞ്ഞെടുക്കാനുള്ള കാരണമെന്താണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. യു.ബി.എല്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് എന്ത് സംഭവിച്ചാലും ഒരു കുഴപ്പവുമില്ല എന്ന് ചിന്തിക്കുന്ന ഭൂമി ഇടിഞ്ഞ് വീണാലും ചിരിച്ചോണ്ടിരിക്കുന്ന ഒരു മുഖം സാറ്റര്‍ഡേ നൈറ്റിലെ നായകന് ആവശ്യമായിരുന്നെന്നും മലയാളസിനിമയില്‍ അത് നിവിന്‍ പോളിക്ക് മാത്രമേ ഉള്ളൂ എന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.

”ലോകത്ത് എന്ത് സംഭവിച്ചാലും ഒരു കുഴപ്പവുമില്ല, എന്ന് ചിന്തിക്കുന്ന പോലുള്ള ഒരു മുഖം ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു. ഭൂമി ഇടിഞ്ഞ് വീണാലും ഇവന്‍ ചിരിച്ചോണ്ടിരിക്കും, എന്ന് പറയില്ലേ, അതുപോലൊരു മുഖം.

അവനെ ഒന്നും ബാധിക്കില്ല. അത് മലയാള സിനിമയില്‍ നിവിന്‍ പോളിക്ക് മാത്രമേ ഉള്ളൂ. അങ്ങനെയുള്ള ഒരു മുഖവും ആറ്റിറ്റിയൂഡും. എനിക്ക് തോന്നുന്നില്ല വേറെ ഒരു നടനും അതുണ്ടെന്ന്. ക്യാരക്ടറൈസേഷനില്‍ ഒരു അബ്‌നോര്‍മാലിറ്റി വേണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

സത്യമായ കാര്യമാണ് ഞാന്‍ പറഞ്ഞത്. നുണ പറയണമെങ്കില്‍ നമുക്ക് അത് പറയാമല്ലോ. നിവിന്‍ പോളി തന്നെ വരണമെന്ന് ഞാന്‍ ഭയങ്കരമായി ആഗ്രഹിച്ചിരുന്നു എന്നൊക്കെ വേണമെങ്കില്‍ പറയാമല്ലോ, പക്ഷെ സത്യം ഇതാണ്,” റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

‘ഭയങ്കരം തന്നെ’ എന്നായിരുന്നു ഇതിന് നിവിന്‍ ചിരിച്ചുകൊണ്ട് നല്‍കിയ മറുപടി കമന്റ്

അതേസമയം സാറ്റര്‍ഡേ നൈറ്റിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.

Content Highlight: Director Rosshan Andrrews about Nivin Pauly