| Saturday, 5th November 2022, 9:05 am

വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അവര്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോയെന്നാണ്, കൊറിയയില്‍ സിനിമയെ ആരും വിമര്‍ശിക്കില്ല: റോഷന്‍ ആന്‍ഡ്രൂസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പരാജയപ്പെട്ട സിനിമകളെ ആളുകള്‍ വിമര്‍ശിക്കുന്നതിനേക്കുറിച്ച് പറയുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സിനിമ നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്നും കൊറിയയില്‍ ഒന്നും ആരും സിനിമയെ വിമര്‍ശിക്കില്ലെന്നും ഇവിടെ ആളുകള്‍ സിനിമയെ വിമര്‍ശിച്ച് താഴെ ഇറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ സംസാരിച്ചത്.

”ഒരു സിനിമ എന്നാല്‍ ഒരുപാട് കുടുംബങ്ങളാണ്. സിനിമ പോസ്റ്റര്‍ ഒട്ടിക്കുന്ന ആളുകള്‍ തുടങ്ങി നിരവധി ആളുകളുടെ ഉപജിവനമാണ് സിനിമ. കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കില്ല. അവര്‍ ആ സിനിമയെ സപ്പോര്‍ട്ട് ചെയ്യും.

ഇവിടെ നടക്കുന്ന വിമര്‍ശനങ്ങള്‍ സിനിമയെ നശിപ്പിച്ച് താഴെ ഇറക്കും. വിമര്‍ശിക്കാം പക്ഷേ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള ക്വാളിറ്റി വേണം. സിനിമ തുടങ്ങുമ്പോഴേക്കും ഫസ്റ്റ് ഹാഫില്‍ തന്നെ ആളുകള്‍ മൈക്കുമായിട്ട് കേറി വരുകയാണ്. ആ സമയത്ത് തന്നെ നമ്മുടെ സിനിമക്ക് അവര്‍ റിവ്യൂ കൊടുക്കുകയാണ്.

കുറച്ച് കൂടെ കഴിയുമ്പോള്‍ തിയേറ്ററിന്റെ അകത്ത് കയറി പത്ത് മിനുറ്റ് കഴിയുമ്പോഴേക്കും എങ്ങനെ ഉണ്ട് പടം എന്ന് ചോദിക്കുമോ എന്നാണ് എന്റെ ഭയം. ആദ്യ മൂന്ന് ദിവസമെങ്കിലും ഇത്തരം റിവ്യൂവിങ് അവസാനിപ്പിക്കണം. ജനം പടം കാണട്ടെ എന്നിട്ട് എടുക്കാലോ അഭിപ്രായം.

വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടോയെന്നാണ്. ട്രോള്‍ ഉണ്ടാക്കുന്നവര്‍ ചിന്തിക്കണം അവര്‍ക്കും ഭാര്യയും കുടുംബവുമുണ്ടെന്ന്. ട്രോള്‍ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ.

എന്റെ കാസനോവ എന്ന സിനിമ അട്ടര്‍ ഫ്‌ളോപ്പായിരുന്നു. ആ സിനിമ ഇറങ്ങിയ സമയത്ത് എന്നെ ആളുകള്‍ തിയേറ്ററില്‍ നിന്നും പൊക്കി എടുത്ത് കൊണ്ടു പോയി നിലത്തിട്ടു. ഞാന്‍ വിചാരിച്ചു സിനിമ വമ്പന്‍ ഹിറ്റായെന്ന്. ഉച്ച കഴിഞ്ഞപ്പോള്‍ പടം പൊട്ടി എന്ന വിമര്‍ശനം വന്നു.

എവിടെ ചെന്നാലും പിന്നീട് ആ സിനിമയെക്കുറിച്ചാണ് ആളുകള്‍ ചോദിക്കുക. എന്റെ അതിനു മുമ്പുള്ള ഹിറ്റായ മൂന്ന് സിനിമകള്‍ക്കും എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട് അതിനെ പറ്റി ആരും ചോദിക്കില്ല,” റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. അജു വര്‍ഗീസ്, സിജു വില്‍സണ്‍, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

content highlight: director rosshan andreews talking about film criticism and trolls

We use cookies to give you the best possible experience. Learn more