അമ്മ എന്തിനാണ് കരയുന്നത്, ഞാന്‍ നാളെ മമ്മൂക്കയെ വെച്ച് സിനിമ ചെയ്യുമെന്ന് പറഞ്ഞു: റോഷന്‍ ആന്‍ഡ്രൂസ്
Film News
അമ്മ എന്തിനാണ് കരയുന്നത്, ഞാന്‍ നാളെ മമ്മൂക്കയെ വെച്ച് സിനിമ ചെയ്യുമെന്ന് പറഞ്ഞു: റോഷന്‍ ആന്‍ഡ്രൂസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th February 2023, 8:13 am

പരീക്ഷ എഴുതേണ്ട ദിവസം മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ട് കാണാന്‍ പോയ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. പരീക്ഷക്ക് പോകുന്ന വഴിക്കാണ് മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ട് നടക്കുന്ന വിവരം അറിഞ്ഞതെന്നും തുടര്‍ന്ന് ഷൂട്ട് കണ്ട് അവിടെ നിന്നെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. വീട്ടില്‍ ചെന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ അമ്മ കരഞ്ഞെന്നും എഡിറ്റോറിയല്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

‘അക്കൗണ്ടന്‍സി എക്‌സാമിനന്ന് ഡെഫനിഷന്‍സ് പറഞ്ഞുകൊണ്ട് സൈക്കിള്‍ ചവിട്ടി പോവുകയാണ്. അങ്ങനെ പൊയ്‌ക്കോണ്ടിരുന്നപ്പോള്‍ കിഴക്കന്‍ പത്രോസിന്റെ ഷൂട്ട് നടക്കുകയാണ്. മമ്മൂക്കയെ കാണണം. ഭയങ്കര ആരാധകനാണ് ഞാന്‍. നേരെ കോളേജിന്റെ ഫ്രണ്ടില്‍ വെച്ച് സൈക്കിള്‍ തിരിച്ച് അവിടെ പോയി ഷൂട്ടിങ് കാണാന്‍ വേണ്ടി നില്‍ക്കുകയാണ്.

ഉച്ചയായപ്പോള്‍ പരീക്ഷ തീര്‍ന്നു, ഞാന്‍ ഷൂട്ടും കണ്ടുകൊണ്ടിരിക്കുകയാണ്. ഇത് കഴിഞ്ഞതോടെ എന്റെ കയ്യില്‍ നിന്നും പോയി. കാരണം തീര്‍ന്നല്ലോ, ജീവിതം പോയി എന്നുള്ള അവസ്ഥയായി. ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അപ്പച്ചനും അമ്മച്ചിയും ഇരിക്കുന്നുണ്ട്. പരീക്ഷ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഏത് പരീക്ഷ എന്നായി ഞാന്‍. നീ പരീക്ഷ എഴുതിയില്ലേ എന്ന് എന്നോട് ചോദിച്ചു. മമ്മൂക്ക വന്നേക്കുവല്ലേ, കാണാന്‍ പറ്റിയില്ലല്ലോ.

അപ്പോള്‍ അമ്മേടെ കണ്ണില്‍ നിന്നും വെള്ളം വരുന്നുണ്ട്. മമ്മൂക്കക്ക് വേണ്ടി അമ്മ കിടന്ന് കരയുന്നത് എന്തിനാണ്, മമ്മൂട്ടിയെ വെച്ച് ഞാന്‍ നാളെ സിനിമ ചെയ്യും, ഞാന്‍ സിനിമ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. നീ എന്താണ് ആകാന്‍ പോകുന്നത് എന്ന് അപ്പച്ചന്‍ ചോദിച്ചു. ഞാന്‍ സംവിധായകനാവും, ഞാന്‍ നടനാവും, ഇതൊക്കെ കൂടി ഞാന്‍ ചെയ്യും. ടെന്‍ഷന്‍ വേണ്ടെന്ന് പറഞ്ഞു,’ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

നിവിന്‍ പോളിയെ നായകനാക്കിയ സാറ്റര്‍ഡേ നൈറ്റ്‌സാണ് ഒടുവില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പുറത്ത് വന്നത്. സൈജു കുറുപ്പ്, സിജു വില്‍സണ്‍, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് വലിയ വിമര്‍ശനം ലഭിച്ചിരുന്നു.

Content Highlight: Director Roshan Andrews shares his experience of going to see the shoot of Mammootty’s film on the day of the exam