| Saturday, 2nd September 2023, 12:29 pm

മോഹന്‍ലാലിന് റിഹേഴ്സലൊന്നും കൊടുത്തിട്ട് കാര്യമില്ല: ഉദയനാണ് താരത്തിലെ രംഗത്തെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന് റിഹേഴ്സലൊന്നും കൊടുത്തിട്ട് കാര്യമില്ലെന്നും അദ്ദേഹം ഒരു മൊമെന്റ് ആക്ടറാണെന്നും പറയുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവെയായിരുന്നു മോഹന്‍ലാലുമൊത്തുള്ള അനുഭവങ്ങള്‍ റോഷന്‍ പറഞ്ഞത്. അമൃത ടിവി നേരത്തെ സംപ്രേഷണം ചെയ്ത മോഹന്‍ലാല്‍ അവതാരകനായ ലാല്‍ സലാം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ആദ്യമായി ക്ലാപ്പ് കാണിക്കുന്നത് മോഹന്‍ലാല്‍ സാറിന് വേണ്ടിയിട്ടാണെന്നും അതൊരു ഭാഗ്യമായി കരുതുന്നു എന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പരിപാടിയില്‍ പറഞ്ഞത്. അയാള്‍ കഥ എഴുതുകയാണ്, നരസിംഹം, തുടങ്ങിയ ചിത്രങ്ങളില്‍ സഹ സവിധായകനായിട്ടാനാണ് മലയാള സിനിമയിലേക്ക് റോഷന്റെ കടന്നുവരവ്. ഉദയനാണു താരമാണ് റോഷന്‍ സംവിധാനം ചെയ്ത ആദ്യചിത്രം.

മറ്റു നായകരില്‍നിന്നും മോഹന്‍ലാലിനെ വ്യത്യസ്തനാക്കുന്നത് എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് ഒരു മൊമെന്റ് ആക്ടറാണ് ലാല്‍ സാറെന്നും അദ്ദേഹത്തിന് റിഹേഴ്‌സലൊന്നും കൊടുത്തിട്ട് കാര്യമില്ലെന്നുമായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ മറുപടി.

‘എനിക്ക് തോന്നിയിരുന്നത് ലാല്‍ സാര്‍ ആ മോമെന്റിലുള്ള ആക്ടര്‍ ആണെന്നാണ്. അദ്ദേഹത്തിന് റിഹേഴ്‌സല്‍ ഒന്നും കൊടുത്തിട്ട് കാര്യമില്ല.

ഉദയനാണ് താരത്തില്‍ ലാല്‍ സാറിന്റെ കഥാപാത്രം ജോലി അന്വേഷിച്ചു പോകുന്ന ഒരു രംഗമുണ്ട്. ടി.പി മാധവന്‍ സാറിന്റെ അടുത്ത് വന്നിട്ട്, ‘ഞാന്‍ ഇപ്പോള്‍ കഷ്ടപ്പാടിലാണ് ഒരു ജോലി’ എന്ന് പറഞ്ഞ ശേഷം കൈ കൊണ്ട് ഷര്‍ട്ടിന്റെ കോളര്‍ ഇങ്ങനെ പിടിക്കുന്ന ഒരു രംഗം. അവിടെ അഭിമാനത്തിന്റെ ഒരു പ്രശ്‌നം ഉണ്ട്.

അദ്ദേഹം ഒരു ഡയറക്ടറാണ്. ഇനി ഒരു കാറ്ററിംഗ് മാനേജര്‍ ആയി എങ്ങനെ ജോലിയ്ക്ക് പോകും എന്ന് ഓര്‍ത്തിട്ടാണ് ‘ഈ ജോലി’ എന്ന് പറഞ്ഞ് ആ പ്രത്യേക ആക്ഷന്‍ കാണിക്കുന്നത്. എന്നാല്‍ ഞാന്‍ ടേക്ക് പറഞ്ഞപ്പോള്‍ സാര്‍ അത് ചെയ്തില്ല. സാര്‍ അത് വന്നില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു.

മോനെ അത് അറിയാതെ വന്നു പോകുന്നതാണ് എന്നായിരുന്നു സാറിന്റെ മറുപടി. അതൊന്നും ആലോചിച്ച് ചെയ്യുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഡയറക്ടര്‍ ആക്ടര്‍ ആണ് ലാല്‍ സാര്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ക്ലേ പോലെ നമ്മുടെ മുന്നില്‍ നിന്ന് തരും. വീണ്ടും വീണ്ടും ചെയ്യാനുള്ള കൊതിയാണ്’, റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ജനുവരി ഒരു ഓര്‍മയുടെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ചും റോഷന്‍ സംസാരിച്ചു. ലാല്‍ സാര്‍ യൂണിറ്റിലേക്ക് കയറി വരുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഭയങ്കര സന്തോഷമാണ്. തന്റെ പ്രസന്‍സ് എല്ലാവരേയും അറിയിച്ചാണ് അദ്ദേഹം വരിക. അസിസ്റ്റന്റ് ഡയറക്ടര്‍മാരെ സംബന്ധിച്ച് അദ്ദേഹത്തില്‍ നിന്ന് ഒരു ഗുഡ്‌മോണിങ് കിട്ടാനൊക്കെ കൊതിച്ചിരിക്കും.

കയറി വരുമ്പോള്‍ നമ്മളോട് ഗുഡ് മോര്‍ണിംഗ് പറഞ്ഞാല്‍ കിട്ടുന്ന ഒരു ഫീല്‍ ഉണ്ടല്ലോ. ഞങ്ങളെ സംബന്ധിച്ച് അതൊക്കെ വലിയൊരു ഇന്‍സ്പിറേഷന്‍ ആയിരുന്നു,’ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിന്റെ കഥയിലേക്ക് താന്‍ എത്തിയതിനെ കുറിച്ചും റോഷന്‍ പരിപാടിയില്‍ സംസാരിച്ചു.

പലതരത്തിലുള്ള കഥകളും ആലോചിക്കുന്ന സമയത്ത് ഒരു പത്ര വാര്‍ത്ത തന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും അതില്‍ നിന്നാണ് ഈ സിനിമ ഉണ്ടാകുന്നതെന്നുമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്.

‘ഈ വീടും സ്ഥലവും വില്‍പ്പനക്കില്ല’ എന്ന ബോര്‍ഡ് പിടിച്ച് ഒരു ഗൃഹനാഥന്‍ തന്റെ വീടിന് മുന്‍പില്‍ നില്‍ക്കുന്നതായിരുന്നു ആ വാര്‍ത്ത. ആ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരുപാട് ബ്രോക്കേഴ്‌സ് ഈ വീട് വില്‍ക്കാന്‍ നടക്കുന്നതായി മനസിലായി. അവസാനം പൊറുതി മുട്ടി അയാള്‍ ആ വീട് വിറ്റ് പോവകുയാണ്. ഞാന്‍ അവരുടെ മാനസികാവസ്ഥയെ കുറിച്ച് ആലോചിച്ചു. അവര്‍ ഒരുപാട് പ്രശ്‌നത്തിലൂടെ കടന്നുപോവുന്നവരാണെന്ന് മനസിലായി. അങ്ങനെയാണ് ഈ കോണ്‍സപ്റ്റ് എനിക്ക് കിട്ടുന്നത്. അത് ഡെവലപ് ചെയ്താണ് ഈ സിനിമ ഉണ്ടാക്കുന്നത്,’ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

Content Highlight: Director Roshan Andrews about Mohanlal and Udayanau Tharam Movie

We use cookies to give you the best possible experience. Learn more