Entertainment
കുംഭമേളയിലെ സന്യാസിമാരുടെ കൈയിലുള്ളത്ര കഞ്ചാവൊന്നും അവന്റെ കൈയിലില്ല: ആവേശത്തിന്റെ മേക്കപ്പ്മാനെ ന്യായീകരിച്ച് സംവിധായകന്‍ രോഹിത് വി.എസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 10, 11:09 am
Monday, 10th March 2025, 4:39 pm

ആവേശം, പൈങ്കിളി, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളുടെ മേക്കപ്പ്മാനായ ആര്‍.ജി. വയനാടനെ (രഞ്ജിത് ഗോപിനാഥന്‍) ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് കഴിഞ്ഞദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി മൂലമറ്റത്ത് നിന്നാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. 45 ഗ്രാം കഞ്ചാവ് രഞ്ജിത്തിന്റെ പക്കല്‍ നിന്നും പിടികൂടിയിരുന്നു.

ഇപ്പോഴിതാ രഞ്ജിത്തിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രോഹിത് വി.എസ്. രഞ്ജിത് കഞ്ചാവ് വലിക്കുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്ന് രോഹിത് പറഞ്ഞു. എന്നാല്‍ അയാള്‍ ആര്‍ക്കും ഉപദ്രവമൊന്നും ഉണ്ടാക്കാത്തയാളാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പീസ്ഫുള്ളായ വ്യക്തിയാണ് രഞ്ജിത്തെന്നും രോഹിത് പറയുന്നു.

കുംഭമേളയിലെ സന്യാസിമാര്‍ കയ്യില്‍ കൊണ്ടുനടക്കുന്നത്ര കഞ്ചാവൊന്നും രഞ്ജിത് കൊണ്ടുനടക്കാറില്ലെന്നും ഒരു മയത്തിലൊക്കെ തള്ളൂ എന്നും രോഹിത് പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. രഞ്ജിത് അറസ്റ്റിലായ വാര്‍ത്തക്കൊപ്പമാണ് രോഹിത് സ്‌റ്റോറി ഷെയര്‍ ചെയ്തത്.

‘അതെ, അവന്‍ വലിക്കും. പക്ഷേ, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പീസ്ഫുള്ളായിട്ടുള്ള വ്യക്തിയാണ് അവന്‍. ആരോടും അക്രമത്തിന് പോകുന്നയാളല്ല അവന്‍. കുംഭമേളയിലെ സന്യാസിമാര്‍ കൈയില്‍ കൊണ്ടു നടക്കുന്നത്ര കഞ്ചാവൊന്നും അവന്‍ കൊണ്ടുനടക്കാറില്ല. ഒരു മയത്തിലൊക്കെ :) അറിയാമല്ലോ’ എന്നാണ് രോഹിത് കുറിച്ചത്.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, കള, ഇബ്‌ലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത്. ആസിഫ് അലി നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായ ടിക്കി ടാക്ക അണിയിച്ചൊരുക്കുന്നതും രോഹിത് തന്നെയാണ്. സ്‌റ്റോറി പോസ്റ്റ് ചെയ്തതിന് പിന്നാലെ രോഹിത്തിനെ വിമര്‍ശിച്ച് ഒരുപാട് ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇടുക്കിയില്‍ എക്‌സൈസ് നടത്തിയ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായാണ് രഞ്ജിത്തിനെ എക്‌സൈസ് പിടികൂടിയത്. അട്ടഹാസം എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്തിന്റെ കൈയില്‍ നിന്നും കഞ്ചാവ് കിട്ടിയത്. വാഗമണ്‍, കാഞ്ഞാര്‍ ഭാഗത്തെ സിനിമാസെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നു എന്ന നാട്ടുകാരുടെ പരാതിയിന്മേലാണ് എക്‌സൈസ് അന്വേഷണത്തിനിറങ്ങിയത്.

Content Highlight: Director Rohith VS justifying makeup man R G Wayanadan in Marijuana case