ടൊവിനോ തോമസും സുമേഷും മൂറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന രോഹിത് വി.എസിന്റെ കള കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോള്‍ കളയിലെ ഷാജിയെ ചെയ്യാന്‍ ടൊവിനോ തയ്യാറായതിനെ കുറിച്ചും അത് തനിക്ക് നല്‍കിയ ആത്മവിശ്വാസത്തെ കുറിച്ചും തുറന്നു പറയുകയാണ് രോഹിത് വി.എസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കളയ്ക്ക് ടൊവി യെസ് പറഞ്ഞ ആ നിമിഷം, എന്റെ ആത്മാവില്‍ അഡ്രിനാലിന്‍ റഷ് വന്നത് പോലെയായിരുന്നു. ഈ വിഷയം നടക്കില്ലെന്ന് നിരവധി പേര്‍ എന്നോട് പറഞ്ഞിരുന്നു. ഇവിടുത്തെ ഒരു നായകനും ഈ കഥാപാത്രത്തെ ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. ക്ലൈമാക്‌സ് മാറ്റാന്‍ പറഞ്ഞു. ക്ലൈമാക്‌സ് മാറ്റിയാല്‍ പിന്നെന്ത് കാര്യമെന്നായിരുന്നു അപ്പോള്‍ ആലോചിച്ചത്.
അപ്പോഴാണ് മി.ടൊവിനോ തോമസ് എത്തുന്നത്. ഹീറോ-വില്ലന്‍ മാറി മാറി വരുന്ന നരേറ്റീവിലാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നതെന്ന് പല തവണ അദ്ദേഹത്തോട് പറഞ്ഞു. ജനങ്ങള്‍ നിങ്ങളെ വെറുക്കുമെന്നും അതിലാണ് എന്റെ കിക്കെന്നും പറഞ്ഞു.
എന്നാല്‍ അദ്ദേഹം പറഞ്ഞത് ഇത്രമാത്രം, ‘പൊളിക്കെടാ’. കള ടൊവിനോയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. നിങ്ങളെന്താണോ അതിനെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു മിസ്റ്റര്‍ വില്ലന്‍,’ രോഹിതിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മനുഷ്യനും പ്രകൃതിയും പ്രമേയമാക്കിയാണ് കള ഒരുങ്ങിയിരിക്കുന്നത്. ടൊവിനോ തോമസ്, ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
യദു പുഷ്പാകരനും രോഹിത് വി.എസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ചമന്‍ ചാക്കോ. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്.
ബാസിദ് അല്‍ ഗസാലി, സജൊ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടേഴ്സ്. പബ്ലിസിറ്റി പവി ശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക