'ഈ സിനിമ ആദ്യ ദിവസം തന്നെ വീഴും എന്നായിരുന്നു അവര്‍ കരുതിയത്; നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്'
Malayalam Cinema
'ഈ സിനിമ ആദ്യ ദിവസം തന്നെ വീഴും എന്നായിരുന്നു അവര്‍ കരുതിയത്; നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th October 2023, 5:27 pm

വമ്പൻ ഹൈപ്പിൽ ഇറങ്ങുന്ന ചില ചിത്രങ്ങൾക്ക് ബോക്സ്‌ ഓഫീസിൽ ഇടയ്ക്ക് കാലിടറാറുണ്ട്. എന്നാൽ വേണ്ട രീതിയിലുള്ള പ്രൊമോഷന്റെ കുറവ് കാരണം അധികം പ്രേക്ഷകരിലേക്ക് എത്താതെ പോവുന്ന നല്ല ചിത്രങ്ങളുമുണ്ട്.

‘ഞങ്ങൾക്ക് വേറെ വഴിയില്ല, ഞങ്ങളുടെ നിവൃത്തിക്കേട് കൊണ്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത് ‘ കഴിഞ്ഞ ദിവസമിറങ്ങിയ “സോമന്റെ കൃതാവ് “എന്ന സിനിമയുടെ സംവിധായകൻ രോഹിത് നാരായണന്റെ വാക്കുകളാണിത്.

ചിത്രത്തിന് വേണ്ടത്ര രീതിയിലുള്ള പ്രമോഷൻ ലഭിച്ചിരുന്നില്ല. സിനിമ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ചിത്രത്തിന്റെ പ്രൊഡക്ഷൻ ടീമിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും താരങ്ങളും. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ രോഹിത് നാരായണൻ.

‘അവരുടെ ജഡ്ജ്മെന്റ് ഈ സിനിമ ഫസ്റ്റ് ഡേ തന്നെ വീഴും എന്നായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിനായി കൂടുതൽ പോസ്റ്റേഴ്സൊന്നും നിർമിക്കണ്ട എന്നവർ തീരുമാനിച്ചു. പക്ഷേ സിനിമ റിലീസ് ആയതിനുശേഷം അവരുടെ അനുമാനങ്ങളെല്ലാം തെറ്റായി എന്ന് മനസ്സിലായി. ഇപ്പോഴും ഒരു തണുത്ത മട്ടിലാണ് ഇത് പോയിക്കൊണ്ടിരിക്കുന്നത്. വ്യക്തിപരമായി ഒരാളെ ടാർഗറ്റ് ചെയ്യാൻ വേണ്ടിയിട്ടല്ല ഞാൻ ഇത് പറയുന്നത്. ഞങ്ങൾക്ക് വേറെ വഴിയില്ല.

ശരിക്കും ഈ സിനിമ ആദ്യമായി ഓണാവുന്നത് 2021 നവംബറിലാണ്. രണ്ടു വർഷങ്ങൾക്കുശേഷം 2023 നവംബറിലാണ് ഈ ചിത്രം റിലീസ് ആവുന്നത്. രണ്ടുവർഷം ഞാൻ ഈ സിനിമയുടെ പിന്നാലെ തന്നെയായിരുന്നു. വേറെ ജോലിക്കൊന്നും പോയിരുന്നില്ല. അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നിട്ടുണ്ട്. നിർമാതാക്കൾ ഇത്രയും പൈസ ചെലവാക്കികൊണ്ട് നമ്മളെ വച്ച് റിസ്ക് എടുക്കുന്നുണ്ട്.

എന്നാൽ സിനിമ റിലീസിന് ഒരുങ്ങുമ്പോൾ അതിനൊരു പരിഗണന നൽകേണ്ടതില്ലേ? ഒരു സിനിമയ്ക്ക് അർഹിക്കുന്ന പ്ലാറ്റ്ഫോം നൽകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. കൃത്യമായ കണക്കിൽ തന്നെയാണ് ഞാൻ ഈ ചിത്രം പൂർത്തിയാക്കിയത്. ഓൺലൈനിൽ ചിത്രത്തിന് നല്ല രീതിയിലുള്ള അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

അതുകൊണ്ട് തന്നെ പ്രേക്ഷകർ ചോദിക്കുന്നത് പടം നല്ലതാണ് പക്ഷേ നിങ്ങൾ എന്തുകൊണ്ട് ഈ ചിത്രം നന്നായി പ്രൊമോട്ട് ചെയ്യുന്നില്ല എന്നാണ്. ഞങ്ങളിപ്പോൾ ഈയൊരു പ്രഷർ പ്രൊഡക്ഷൻ ടീമിന് നൽകിയില്ലെങ്കിൽ ഇപ്പോൾ ഉള്ളത് പോലെ തന്നെ ഒരു മാറ്റവും ഇല്ലാതെ ഇതിങ്ങനെ മുന്നോട്ട് പോവും. അത് മാറാൻ വേണ്ടിയാണ് ഇവിടെ വന്ന് സംസാരിക്കുന്നത്. ഞങ്ങൾക്ക് വേറെ വഴിയില്ല,’ രോഹിത് പറഞ്ഞു.

 

Content Highlight : Director Rohith Nrayanan Talk About His Movie Somante krithav