തങ്ങളുടെ സിനിമക്ക് പ്രൊഡക്ഷന്‍ ഹൗസ് വാഗ്ദാനം ചെയ്ത കാര്യങ്ങളല്ല നല്‍കിയതെന്ന് സംവിധായകന്‍ രോഹിത്ത് നാരായണന്‍. ഇങ്ങനെ ഒരു സിനിമയുണ്ട് എന്നുപോലും ജനങ്ങള്‍ അറിയുന്നില്ലെന്നും നല്ല റിവ്യു വന്നിട്ടും ബാക്കിയുള്ള ആളുകളില്‍ എത്തുന്നില്ലെന്നും രോഹിത്ത് പറഞ്ഞു.
‘സോമന്റെ കൃതാവ്’ എന്ന സിനിമയുടെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഹിത് നാരായണന്റെ ആദ്യ സിനിമയായ ‘സോമന്റെ കൃതാവി’ല്‍ വിനയ് ഫോര്‍ട്ടാണ് നായകനായെത്തിയത്.
‘ഒരു സിനിമയെ പ്രൊമോട്ട് ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇങ്ങനെ ഒരു സിനിമയുണ്ട്, ഈ സിനിമ നല്ലതാണ് അല്ലെങ്കില്‍ ഇതിനെ ജനങ്ങള്‍ സ്വീകരിക്കണം എന്ന കാര്യം നമ്മള്‍ ജനങ്ങളോട് പറയുന്നതാണ്.
ഇവിടെയുള്ള പ്രശ്‌നം, ഇങ്ങനെ ഒരു സിനിമയുണ്ട് എന്നുപോലും ജനങ്ങള്‍ അറിയുന്നില്ല. ഒരു സിനിമയെ ആളുകള്‍ അറിയണമെങ്കില്‍, ആ സിനിമയെത്തിക്കുന്നവര്‍ അത് മാക്‌സിമം ആള്‍ക്കാരില്‍ റീച്ച് ചെയ്യിക്കാന്‍ ശ്രമിക്കണം. അതിന്റെ പോസ്റ്ററുകളും ഫ്‌ളക്‌സും തിയേറ്ററിനടുത്തും മറ്റും ഒട്ടിക്കേണ്ടതാണ്.
ഈ സിനിമ ഞാന്‍ ഷൂട്ട് ചെയ്തിട്ട് ഒന്നര വര്‍ഷത്തോളമായി. ഇത്രയും കാലം വളരെ ക്ഷമയോടെ ഒ.ടി.ടിക്കും മറ്റു കാര്യങ്ങള്‍ക്കും കാത്തിരുന്നിട്ട് അവസാനം അത് തീരുമാനിച്ചപ്പോള്‍ എനിക്ക് കിട്ടിയ ഫീഡ്ബാക്ക്, നമ്മള്‍ സിനിമ റിലീസ് ചെയ്യുമെന്നും അതിന് അര്‍ഹിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ക്രിയേറ്റ് ചെയ്യുമെന്നുമൊക്കെയാണ്.
ഞാന്‍ ഏതെങ്കിലും ഒരു പ്രത്യേക പ്രൊഡക്ഷന്‍ ഹൗസിനെ കുറ്റപെടുത്തുകയല്ല. അവര്‍ പ്രോമിസ് ചെയ്ത കാര്യങ്ങളല്ല നമുക്ക് പ്രൊവൈഡ് ചെയ്തത്. റിലീസിങ് വീക്കില്‍ പോസ്റ്ററുകളും ബാനറുകളും നിറയുമെന്ന് പറഞ്ഞിരുന്നു.
സിനിമയിറങ്ങുന്ന ദിവസത്തില്‍ പോലും പോസ്റ്ററുകളോ ബാനറുകളോ ഉണ്ടായിരുന്നില്ല. ഫ്‌ളക്‌സുണ്ടാവില്ലെന്ന് അവര്‍ ആദ്യം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഒരു സിനിമ്ക്ക് കിട്ടേണ്ടതെല്ലാം കിട്ടുമെന്നും പറഞ്ഞു.
ഇവിടെ ഓരോ സിനിമകളുമെടുത്ത് നോക്കിയാല്‍, റിലീസിങ് കഴിഞ്ഞുപോയ സിനിമകളുടെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും മറ്റും ഇപ്പോഴും നില്‍ക്കുന്നുണ്ട്. നമ്മുടെ സിനിമയിറങ്ങിയ ശേഷം നല്ല റിവ്യൂസ് വന്നു. സിനിമ കണ്ടവരില്‍ നിന്നും ഇത്രയും നല്ല റിവ്യൂസ് കിട്ടുന്ന സമയത്ത് ഇത് ആളുകളിലെത്തിക്കുക എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്.
ഞങ്ങളുടെ പ്രധാന ഉദ്ദേശമെന്നത് ഒരാളെ പേഴ്‌സണലി ഇന്‍സള്‍ട്ട് ചെയ്യുകയെന്നതല്ല. ആദ്യത്തെ ദിവസം മോശം റിവ്യു ആണെങ്കില്‍ കുഴപ്പമുണ്ടായിരുന്നില്ല. എന്നാല്‍ ഏറ്റവും വിഷമകരമായ കാര്യം നല്ല റിവ്യു വന്നിട്ടും ബാക്കിയുള്ള ആളുകളില്‍ എത്തുന്നില്ല എന്നതാണ്. അത് നിര്‍ഭാഗ്യകരമാണ്,’ രോഹിത്ത് നാരായണന്‍ പറഞ്ഞു
Content Highlight: Director Rohith Narayanan Talks About Production House Fault