ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രപമാക്കി രോഹിത്ത് എം.ജി. കൃഷ്ണന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇരട്ട. 2017ല്‍ ഇരട്ടയുടെ സ്‌ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും സിനിമയാക്കാന്‍ വേണ്ടി താന്‍ കുറേ ആളുകളുടെ പുറകെ നടന്നിരുന്നുവെന്നും സംവിധായകന്‍ രോഹിത്ത് പറഞ്ഞു.
ചിലര്‍ സ്‌ക്രിപ്റ്റ് പൂര്‍ണമായും റിജക്ട് ചെയ്തുവെന്നും മറ്റു ചിലര്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞ് നീണ്ടുപോവുകയായിരുന്നുവെന്നും രോഹിത് പറഞ്ഞു. ആ സാഹചര്യത്തിലാണ് ഇരട്ട ജോജു ജോര്‍ജ് പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞതെന്നും രോഹിത് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”2017ലാണ് ഞാന്‍ ഇരട്ടയുടെ ആദ്യ രൂപം എഴുതിയത്. അതിന് ശേഷം പല ആളുകളുടെ അടുത്ത് ഞാന്‍ സ്‌ക്രിപ്റ്റുമായിട്ട് സമീപിച്ചിട്ടുണ്ടായിരുന്നു. ചിലരുടെ അടുത്ത് ചെല്ലുമ്പോള്‍ അവര്‍ റിജക്ട് ചെയ്യും ചിലര്‍ നമുക്ക് നോക്കാമെന്ന് പറയും.
2019ല്‍ ഒരു പ്രൊഡ്യൂസര്‍ ഇത് ചെയ്യാമെന്ന് പറഞ്ഞു. അവിടെ നിന്നാണ് നമ്മള്‍ ജോജു ചേട്ടന്റെ അടുത്ത് എത്തുന്നത്. കൊവിഡ് ഒക്കെ വന്നതിന് ശേഷം പ്രൊഡ്യൂസര്‍ വേറെ സിനിമയുടെ പ്രൊഡക്ഷനില്‍ ഒക്കെ ആയപ്പോള്‍ പടം നീണ്ടു പോകുമെന്ന് ആയി.
ആ സാഹചര്യത്തില്‍ ഇരട്ട ജോജു ചേട്ടന്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു. എന്നാലും എനിക്ക് ഭയങ്കര സന്തോഷം ഒന്നും തോന്നിയില്ല. കാരണം കുറച്ച് കാലമായിട്ട് ഞാന്‍ പലരോടും ഈ കഥ പറയുന്നുണ്ട്. അവരൊക്കെ ഇത് ചെയ്യാമെന്ന് പറയുമെങ്കിലും പിന്നെ നീണ്ട് നീണ്ട് പോകും. അടുത്ത ആളിന്റെ അടുത്ത് പോകുമ്പോള്‍ വീണ്ടും നിരാശയാവും. അങ്ങനെ കുറേ കാലമായിട്ട് ഇത് നീണ്ടു പോകുകയായിരുന്നു.
നിരാശയും ഹാപ്പിനസും മാറി മാറി വരുന്നത് കൊണ്ട്, ഓക്കെ ആയപ്പോഴും ഞാന്‍ വലിയ ഹാപ്പിനസ് പ്രകടിപ്പിച്ചില്ല. ബാലന്‍സ് ചെയ്ത് നിന്നു. ആളുകള്‍ക്ക് എന്ത് കാര്യമാണ് വര്‍ക്കാവുക എന്ന് ഞാന്‍ നോക്കി. ചെറിയ ബഡ്ജറ്റില്‍ ചെയ്യാനുള്ള സിനിമകളായിരുന്നു ആദ്യം എന്റെ മനസില്‍ ഉണ്ടായിരുന്നത്. കുറച്ച് റിസര്‍ച്ച് ചെയ്തപ്പോള്‍ ക്യൂരിയോസിറ്റിയാണ് ആളുകള്‍ക്കിടയില്‍ വര്‍ക്കാവുന്നതെന്ന് ഞാന്‍ മനസിലാക്കി.
ക്യൂരിയോസിറ്റി പിടിച്ച് നിര്‍ത്താന്‍ കഴിയണം എന്ന് തീരുമാനിച്ചിട്ടാണ് ഇരട്ട ചെയ്തത്. പിന്നെ വര്‍ക്ക് ചെയ്ത് തുടങ്ങിയപ്പോഴാണ് ഇത് ചെറിയ ബഡ്ജറ്റില്‍ ഉള്ള സിനിമയല്ലെന്ന് ജോജു ചേട്ടനോട് പറഞ്ഞത്. അങ്ങനെ കുറച്ചു കൂടെ വലുതാക്കി ചെയ്തു. ജോജു ചേട്ടന്‍ തന്നെയാണ് വലുതാക്കാനുള്ള ഇന്‍പുട്ട്‌സ് തന്നത്,” രോഹിത്ത് പറഞ്ഞു.
അതേസമയം, ജോജു ജോര്‍ജ് ഡബിള്‍ റോളിലാണ് ഇരട്ടയില്‍ എത്തുന്നത്. ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ടകളായ പൊലീസുകാരുടെ കഥയാണ് ഇരട്ട. ഫെബ്രൂവരി മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്.
content highlight: director rohit about iratta movie