| Thursday, 7th December 2023, 1:35 pm

ഞാന്‍ പറഞ്ഞ ആ സംവിധായകന്‍ ഇദ്ദേഹമല്ല, ദയവായി ആളുകളെ വേട്ടയാടരുത്; കുറിപ്പുമായി കണ്ണൂര്‍ സ്‌ക്വാഡ് സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സ്‌ക്വാഡ്  റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസം തിയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ ഒരു സംവിധായകന്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ ക്ലൈമാക്‌സ് ഉള്‍പ്പെടെ വിളിച്ചുപറയുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും അത് കണ്ട് വലിയ വിഷമം തോന്നിയെന്നും ചിത്രത്തിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജ്  പറഞ്ഞിരുന്നു.

രേഖാമേനോനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു താന്‍ നേരില്‍ കണ്ട ഒരു അനുഭവം റോബി പങ്കുവെച്ചത്. ക്ലൈമാക്‌സ് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന ആള്‍ ഒരു സംവിധായകനാണെന്ന് ആദ്യം തനിക്ക് മനസിലായില്ലെന്നും തന്റെ സുഹൃത്താണ് അദ്ദേഹം ഒരു മേജര്‍ നടനെ വെച്ച് ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സംവിധായകനാണെന്ന് പറയുന്നതെന്നുമായിരുന്നു റോബി അഭിമുഖത്തില്‍ പറഞ്ഞത്.

ഇതിന് പിന്നാല റോബി പറഞ്ഞ ആ സംവിധായകന്‍ ജിതിന്‍ ലാല്‍ ആണെന്ന തരത്തില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ജിതിന്‍. ജിതിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ ഈ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ട് ‘ഈ പറയുന്ന ആള്‍ താങ്കളാണോ’ എന്നടക്കം ചോദിച്ചുകൊണ്ട് ചില കമന്റുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ റോബി വര്‍ഗീസ്.

‘ രേഖാ മേനോന് വേണ്ടി ഞാന്‍ നല്‍കിയ ഒരു അഭിമുഖത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എല്ലാതരം ജോലികളിലും ഇത് സംഭവിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുകയും അഭിമുഖത്തില്‍ എന്റെ വികാരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യണമായിരുന്നു.

ഞാന്‍ പറഞ്ഞ പേര് ആരുടേതാണ് എന്ന് അന്വേഷിച്ചു പോകുന്ന എന്റെ എല്ലാ സുഹൃത്തുക്കളോടും എനിക്ക് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കാനുള്ളത്, ദയവായി ഇതിന് പിന്നില്‍ പോകരുത് എന്നാണ്. ഇത് മാറ്റിവച്ച് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ വിഷമങ്ങള്‍ക്കും ഞാന്‍ ജിതിന്‍ ലാലിനോട് ക്ഷമ ചോദിക്കുകയാണ്.

ജിതിന്‍ എന്റെ ഒരു നല്ല സുഹൃത്താണ്, കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസിന് ശേഷം എന്നെ വിളിച്ച് അഭിനന്ദിച്ച ആദ്യ വ്യക്തികളില്‍ ഒരാളാണ് ജിതിന്‍. ദയവായി പേരുകള്‍ക്കായി ആളുകളെ വേട്ടയാടരുത്, ഇതൊരു എളിയ അഭ്യര്‍ത്ഥനയാണ്’, എന്നാണ് റോബി വര്‍ഗീസ് രാജ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്.

‘നന്ദി സഹോദരാ..ഈ കുറിപ്പ് എന്നെ കുറിച്ച് പ്രചരിക്കുന്ന എല്ലാ ആരോപണങ്ങളേയും ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് റോബിയുടെ കുറിപ്പ് ജിതിന്‍ ലാല്‍ പങ്കുവെച്ചത്.

Content Highlight: Director Robi raj Clarifiaction an a Rumour

We use cookies to give you the best possible experience. Learn more