'എല്‍.ഡി.എഫിനൊപ്പം തന്നെയെന്നാണ് സിനിമാലോകം അങ്ങയോട് പറയുന്നത്'; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് സംവിധായകന്‍ രഞ്ജിത്ത്
Film News
'എല്‍.ഡി.എഫിനൊപ്പം തന്നെയെന്നാണ് സിനിമാലോകം അങ്ങയോട് പറയുന്നത്'; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് സംവിധായകന്‍ രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th January 2021, 9:17 pm

കൊച്ചി: സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സംവിധായകന്‍ രഞ്ജിത്ത്. കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന കാര്യം വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഈ കൊവിഡ് കാലത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങള്‍ അവര്‍ അഭ്യര്‍ഥിച്ചു.അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു. അത് സിനിമാലോകത്തിന് മൊത്തത്തില്‍ ഒരുണര്‍വ് പകര്‍ന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി’, രഞ്ജിത്ത് ഫേസ്ബുക്കിലെഴുതി.

ഓരോ തൊഴില്‍മേഖലയിലെയും അടിസ്ഥാനപ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആര്‍ജവത്തെയും കാലതാമസമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയുന്ന ആ ഒരു മനോദൃഢതയേയും അഭിനന്ദിക്കുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു.

‘ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എല്‍.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാല്‍സലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി’, രഞ്ജിത്ത് പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്നേഹാദരങ്ങള്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ലാലിന്റെ കുറിപ്പ്.

സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായിരുന്നു.

വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് സംഘടന ഉന്നയിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചിരുന്നു.

തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേമ്പര്‍ സംഘടന പ്രതിനിധികള്‍ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.

എന്നാല്‍ വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിക്കുകയായിരുന്നു.

പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് അറിയിക്കുകയായിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശനസമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം.

50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ട് തീയേറ്റര്‍ തുറക്കല്‍ സാധ്യമല്ലെന്നും ചേംബര്‍ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വീണ്ടും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങള്‍ അവര്‍ അഭ്യര്‍ഥിച്ചു.അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു. അത് സിനിമാലോകത്തിന് മൊത്തത്തില്‍ ഒരുണര്‍വ് പകര്‍ന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തില്‍ ഞാനും. ഓരോ തൊഴില്‍മേഖലയിലെയും അടിസ്ഥാനപ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആര്‍ജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവന്‍ നന്ദിപറയുകയാണ്. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എല്‍.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാല്‍സലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Renjith Facebook post