പോയ വര്‍ഷം ഈ നാളില്‍ നിന്നെ വിളിച്ചത് ജന്മദിന ആശംസകള്‍ നേരാനായിരുന്നു, ഇന്ന് ഒരു ഫോണ്‍കോളും എത്തിച്ചേരാത്തിടത്തേക്ക് നീ പോയി: സച്ചിയുടെ ഓര്‍മ്മയില്‍ രഞ്ജിത്
Malayalam Cinema
പോയ വര്‍ഷം ഈ നാളില്‍ നിന്നെ വിളിച്ചത് ജന്മദിന ആശംസകള്‍ നേരാനായിരുന്നു, ഇന്ന് ഒരു ഫോണ്‍കോളും എത്തിച്ചേരാത്തിടത്തേക്ക് നീ പോയി: സച്ചിയുടെ ഓര്‍മ്മയില്‍ രഞ്ജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th December 2020, 11:48 am

മലയാളത്തിന്റെ പ്രിയ സംവിധായകനായ സച്ചിയുടെ ജന്മദിനമാണ് ഇന്ന്. ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ചാണ് സച്ചി അകാലത്തില്‍ വിടവാങ്ങിയത്. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ വേര്‍പാടില്‍ വിങ്ങുകയാണ് സിനിമാരംഗത്തെ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കള്‍.

പോയവര്‍ഷം ഇതേ നാളില്‍ ജന്മദിനാശംസകള്‍ അറിയിക്കാനായി സച്ചിയെ വിളിച്ചെന്നും എന്നാല്‍ ഇന്ന് ഒരുഫോണ്‍കോളും എത്തിച്ചേരാത്തിടത്തേക്ക് സച്ചി പോയെന്നുമാണ് അദ്ദേഹത്തിന്റെ സുഹൃത്തും സംവിധായകനുമായ രഞ്ജിത് ഫേസ്ബുക്കില്‍ എഴുതിയത്.

‘ഡിസംബര്‍ 25, പോയ വര്‍ഷം ഈ നാളില്‍ ഞാന്‍ നിന്നെ വിളിച്ചത് ജന്മദിന ആശംസകള്‍ നേരാനായിരുന്നു. ഇന്ന് പക്ഷെ ഒരു ഫോണ്‍ കോളും എത്തിച്ചേരാത്തിടത്തേക്ക് നീ പോയി. ക്രിസ്മസിനെ സ്‌നേഹിച്ചവര്‍ക്കെല്ലാം ഇനിയുള്ള കാലം ആഘോഷത്തിന്റെ നാളല്ല. ഓര്‍മദിവസം ആണ്’, എന്നായിരുന്നു രഞ്ജിത് ഫേസ്ബുക്കില്‍ എഴുതിയത്. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നടന്‍ പൃഥ്വിരാജും പങ്കുവെച്ചിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ 18 നാണ് സച്ചി വിടവാങ്ങുന്നത്. അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സിനിമയില്‍ എത്തിയ അദ്ദേഹം നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു.

എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത അദ്ദേഹം 2007ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെയാണ് സേതുവിനൊപ്പം തിരക്കഥാകൃത്തായി മലയാള സിനിമയില്‍ എത്തുന്നത്.

സിനിമ വന്‍വിജയമായതിന് പിന്നാലെ പൃഥ്വിരാജ്- ജോഷി ചിത്രമായ റോബിന്‍ഹുഡിന് വേണ്ടി തിരക്കഥയെഴുതി. പിന്നാലെ ഷാഫിക്കൊപ്പം മേക്കപ്പ് മാന്‍, വൈശാഖിനൊപ്പം സീനിയേഴ്‌സ് എന്നീ ചിത്രങ്ങളും സച്ചി-സേതു കൂട്ടുകെട്ടില്‍ പിറന്നു.

എന്നാല്‍ സോഹന്‍ സീനുലാലിനുവേണ്ടി ചെയ്ത ഡബിള്‍സ് പരാജയപ്പെട്ടതോടെ സച്ചി സേതു കൂട്ടുകെട്ട് പിരിഞ്ഞു. ഇതിന് പിന്നാലെ ജോഷി മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്ണുമായി സച്ചിയെത്തി. ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി ചിത്രം മാറി. ഇതിനിടെ ചേട്ടായീസ് എന്ന ചിത്രം നിര്‍മിച്ചെങ്കിലും വിജയിച്ചില്ല.

2015ലാണ് സച്ചി സംവിധായകന്റെ കുപ്പായമിടുന്നത്. പൃഥ്വിരാജ് ബിജു മേനോന്‍ കൂട്ടുകെട്ടില്‍ എത്തിയ അനാര്‍ക്കലി കലാമേന്മകൊണ്ടും ബോക്‌സ് ഓഫീസ് വിജയം കൊണ്ടും അന്ന് ചര്‍ച്ച ചെയ്യപ്പെട്ടു.

രണ്ടുവര്‍ഷത്തു ശേഷം ഡ്രൈവിങ് ലൈസന്‍സ് എന്ന പൃഥ്വി ചിത്രത്തിനായി സച്ചി തിരക്കഥയെഴുതി. 2019ന്റെ അവസാനം മലയാള സിനിമ ആഘോഷിച്ച വിജയമായിരുന്നു ചിത്രത്തിന്റേത്. ഇതിന് പിന്നാലെ തന്നെ സച്ചി തന്റെ രണ്ടാമത്തെ ചിത്രമായ അയ്യപ്പനും കോശിയും സംവിധാനം ചെയ്തു.

അട്ടപ്പാടി പശ്ചാത്തലമാക്കി എഴുതിയ സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ആയിരുന്നു ഈ സിനിമ നിര്‍മിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Renjith Remember Sachy